Connect with us

Gulf

തീവ്രവാദം ഇല്ലാതാക്കാന്‍ മൂന്നിന നിര്‍ദേശവുമായി ശൈഖ് മുഹമ്മദ്‌

Published

|

Last Updated

ദുബൈ: മേഖല അഭിമുഖീകരിക്കുന്ന തീവ്രവാദ ഭീഷണിയെ നേരിടാനും സുസ്ഥിരമായ സമാധാനം മേഖലയില്‍ നിലനില്‍ക്കാനും മൂന്നിന നിര്‍ദേശവുമായി യു എ ഇ. സിറിയയിലെയും ഇറാഖിലെയും സംഘര്‍ഷങ്ങളും യുദ്ധ സാഹചര്യവും കണക്കിലെടുത്താണ് മൂന്നിന നിര്‍ദേശവുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രംഗത്തെത്തിയിരിക്കുന്നത്. ഐസിസ് ഉള്‍പ്പെടെയുളള തീവ്രവാദ സംഘങ്ങളെ തീര്‍ച്ചയായും പരാജയപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രമുഖ പ്രാദേശിക അറബി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശൈഖ് മുഹമ്മദ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
രാജ്യന്തര സേനയുടെ നേതൃത്വത്തില്‍ ഐസിസിനെതിരെ ശക്തമായ നീക്കം നടക്കുന്നുണ്ടെങ്കിലും സൈനികമായ ഇടപെടല്‍ പൂര്‍ണ പരിഹാരമാവില്ല. ഇത്തരം സംഘടനകളെയും ചിന്താഗതിക്കാരെയും ഇല്ലാതാക്കാന്‍ മേഖലയിലെ ദുര്‍ബലമായ സര്‍ക്കാറുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് വികസനം എത്തിക്കുകയും വേണം. മേഖലയിലെ ചില സര്‍ക്കാറുകള്‍ സ്വന്തം ജനങ്ങളെ കൊന്നൊടുക്കുകയും വിവിധ വിഭാഗങ്ങളായി തിരിച്ച് അവര്‍ക്കിടയില്‍ ശത്രുത വളരാന്‍ സാഹചര്യം സൃഷ്ടിക്കുകയുമാണ്. സമൂഹത്തെ മലീമസമാക്കുന്ന തീവ്രവാദം ഉള്‍പ്പെടെയുള്ള ചിന്തകളെ അറിവിന്റെ വെളിച്ചം നല്‍കുന്ന ചിന്തകളിലേക്ക് പരിവര്‍ത്തിപ്പിക്കണം. സമൂഹത്തില്‍ സഹവര്‍ത്തിത്വത്തില്‍ ഊന്നിയ നല്ല ആശയങ്ങളെയും ചിന്തകളെയും സ്വീകരിക്കാനുള്ള അവസ്ഥ ഉണ്ടാക്കണം.
സുസ്ഥിരമായ ഭരണം രാജ്യങ്ങളില്‍ നിലനില്‍ക്കാന്‍ സര്‍ക്കാറുകളെ ജനങ്ങള്‍ പിന്തുണക്കണം. സര്‍ക്കാര്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണം. മനുഷ്യന്റെ വികാസത്തില്‍ വിഘാതമായി നില്‍ക്കുന്ന തിന്മയുടെയും അജ്ഞതയുടെയും ഗര്‍ത്തങ്ങള്‍ ഇല്ലാതാക്കണം. ഇവയെല്ലാം നല്ല രീതിയില്‍ നിര്‍വഹിക്കപ്പെട്ടാലെ ഐസിസും അതുപോലെയുള്ള തീവ്രവാദ വിഭാഗങ്ങളുടെയും വേരോട്ടം മധ്യപൗരസ്ത്യ ദേശത്തു നിന്നു ഇല്ലാതാക്കാന്‍ സാധിക്കൂ.
ദാരിദ്ര്യം മേഖലയില്‍ നിന്നു തുടച്ചുനീക്കാന്‍ സര്‍ക്കാറുകള്‍ ഫലപ്രദവും സുസ്ഥിരവുമായ വികസന പരിപാടികള്‍ കൈക്കൊള്ളണം. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലും പശ്ചാത്തല വികസനത്തിലും സാമ്പത്തികമായി തുല്യ അവസരം നല്‍കുന്നതിനും പരിശ്രമിച്ചാലെ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വിജയകരമായി തരണം ചെയ്യാനും സുസ്ഥിര വികസനം സാധ്യമാക്കാനും സാധിക്കൂവെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.

Latest