Connect with us

Kozhikode

ലീഗല്‍ സര്‍വീസസ് അതോറിറ്റി ജഡ്ജി വകുപ്പ് മേലധികാരികളുടെ യോഗം വിളിച്ചു

Published

|

Last Updated

താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ജഡ്ജി ആര്‍ എല്‍ ബൈജു വിവിധ വകുപ്പ് മേലധികാരികളുടെ യോഗം വിളിച്ചു. കോളനിയില്‍ വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കള്‍ പുഴവരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജഡ്ജി ആര്‍ എല്‍ ബൈജു കഴിഞ്ഞ ദിവസം കോളനിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വര്‍ഷങ്ങളായുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിവിധ വകുപ്പ് മേധാവികളുടെ യോഗം കോളനിയില്‍ വിളിച്ചുചേര്‍ത്തത്. ട്രൈബല്‍ വകുപ്പ്, റവന്യൂ വകുപ്പ്, ജല അതോറിറ്റി, കെ എസ് ഇ ബി, പോലീസ്, വനം വകുപ്പ്, സഹകരണ വകുപ്പ്, സാമൂഹികനീതി വകുപ്പ്, പഞ്ചായത്ത് തുടങ്ങിയ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
കൃഷി വകുപ്പിനെ പ്രതിനിധീകരിച്ച് ആരും യോഗത്തിനെത്തിയില്ല. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിരവധി പരാതികളാണ് കോളനി നിവാസികള്‍ ജഡ്ജിക്കു മുമ്പാകെ നിരത്തിയത്. ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ടവിധത്തില്‍ കോളനിയില്‍ ഇടപെടുന്നില്ലെന്നും കോളനിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടക്കുന്നില്ലെന്നും ജഡ്ജിക്ക് ബോധ്യമായി. ട്രൈബല്‍ വകുപ്പിനെതിരെയാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. പരാതികള്‍ക്കുള്ള വിശദീകരണം നല്‍കാന്‍ പല വകുപ്പുകള്‍ക്കും കഴിഞ്ഞില്ല. കോളനിയുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം എല്ലാ വകുപ്പുകളും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചു. കോളനിയുടെ ശോചനീയാവസ്ഥയും ഭക്ഷ്യവസ്തുക്കള്‍ പുഴുവെടുത്ത് നശിച്ചതും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ട്രൈബല്‍ ഓഫീസര്‍ കെ കൃഷ്ണന്‍, താമരശ്ശേരി തഹസില്‍ദാര്‍ കെ സുബ്രഹ്മണ്യന്‍, താമരശ്ശേരി ഡി വൈ എസ് പി ജയ്‌സണ്‍ കെ അബ്രഹാം, കെ എസ് ഇ ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്, താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest