Connect with us

Business

ഇറക്കുമതിയില്‍ പിടിവിട്ട് ഹൈറേഞ്ച് കുരുമുളക്; പവന്‍ കയറ്റത്തില്‍

Published

|

Last Updated

കൊച്ചി: വിദേശ കുരുമുളക് പ്രവാഹത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഹൈറേഞ്ച് ചരക്ക് ക്ലേശിക്കുന്നു. വെളിച്ചെണ്ണയുടെ വില തകര്‍ച്ച നാളികേര കര്‍ഷകരില്‍ പിരിമുറുക്കം സൃഷ്ടിച്ചു. റബ്ബര്‍ സംഭരണത്തില്‍ വ്യവസായികള്‍ തണുപ്പന്‍ മനോഭാവം തുടരുന്നു. സ്വര്‍ണ വില ഉയര്‍ന്നു.
ഹൈറേഞ്ച് കുരുമുളകിനു ഇറക്കുമതി ചരക്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. വ്യവസായികളില്‍ നിന്നുള്ള വില്‍പ്പന സമ്മര്‍ദം കനത്തതോടെ ആഭ്യന്തര മാര്‍ക്കറ്റ് നിരക്ക് താഴ്ന്നു. പിന്നിട്ട വാരം കൊച്ചിയില്‍ കുരുമുളകിനു 2000 രൂപ കുറഞ്ഞു. സംസ്ഥാനത്തെയും കൂര്‍ഗിലെയും കര്‍ഷകരും ചരക്ക് ഇറക്കാന്‍ ഈ അവസരത്തില്‍ തിടുക്കം കാണിച്ചു. വിയറ്റ്‌നാം, ശ്രീലങ്കന്‍ കുരുമുളകാണ് ഉത്തരേന്ത്യയില്‍ കുറഞ്ഞ വിലക്ക് വില്‍പ്പന നടക്കുന്നത്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 69,500 ല്‍ നിന്ന് 66,900 രൂപയായി.
നാളികേരോത്പന്നങ്ങളുടെ വില ഇടിഞ്ഞു. പ്രാദേശിക മാര്‍ക്കറ്റില്‍ വെളിച്ചെണ്ണക്ക് ആവശ്യക്കാര്‍ കുറഞ്ഞതോെട വ്യവസായികള്‍ കൈവശമുള്ള എണ്ണ വിറ്റഴിക്കാന്‍ മത്സരിക്കുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദം മൂലം നിരക്ക് 600 രുപ പോയ വാരം ഇടിഞ്ഞു. കൊച്ചിയില്‍ വാരാന്ത്യം വെളിച്ചെണ്ണ 15,100 ലാണ്. കൊപ്രക്ക് 500 രൂപ കുറഞ്ഞ് 10,100 ലാണ്. കോഴിക്കോട്ട് വെളിച്ചെണ്ണ വില 16,600 രുപ. വാരാന്ത്യം പാം ഓയില്‍ വില വര്‍ധിച്ചത് വെളിച്ചെണ്ണയുടെ വില തകര്‍ച്ചയെ ചെറിയ അളവില്‍ പിടിച്ചുനിര്‍ത്താന്‍ ഉപകരിക്കും.
ചുക്ക് വില 2000 രൂപ കുറഞ്ഞു. പുതിയ അന്വേഷണങ്ങളുടെ അഭാവം വിപണിയെ തളര്‍ത്തി. മീഡിയം ചുക്ക് 25,000 രൂപയില്‍ നിന്ന് 23,000 രൂപയായി. ബെസ്റ്റ് ചുക്ക് 25,000 രൂപയിലാണ്.
ടയര്‍ കമ്പനികളില്‍ നിന്ന് റബറിനുള്ള ഓര്‍ഡര്‍ ചുരുങ്ങിയതിനാല്‍ മുഖ്യ റബ്ബര്‍ വിപണികള്‍ മാന്ദ്യത്തിലാണ്. വില തകര്‍ച്ച മുലം കര്‍ഷകര്‍ റബര്‍ വെട്ട് കുറച്ചു. നാലാം ഗ്രേഡിന്റെ വില വാരാന്ത്യം 12,100 ല്‍ നിന്ന് 12,300 ലേക്ക് ഉയര്‍ന്നു. എന്നാല്‍ ഈ വിലക്ക് കാര്യമായി ഷീറ്റ് വിപണിയില്‍ എത്തിയില്ല. അഞ്ചാം ഗ്രേഡ് റബ്ബര്‍ 12,000 ലാണ്. കൊച്ചി വിപണിയില്‍ ആകെ 500 ടണ്‍ റബ്ബറിന്റെ കൈമാറ്റം നടന്നു.
കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. 20,000 രൂപയില്‍ വില്‍പ്പന തുടങ്ങിയ പവന്‍ വാരമധ്യം അല്‍പ്പം ചാഞ്ചാടിയ ശേഷം തിരിച്ചു വാരാവസാനം 20,280 ലേക്ക് കയറി. ഒരു ഗ്രാം സ്വര്‍ണം 2525 രൂപയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ നിരക്ക് 1220 ഡോളര്‍.

Latest