തിരഞ്ഞെടുപ്പ് യുദ്ധത്തിന് തയ്യാറാകാന്‍ സുധീരന്‍

Posted on: September 28, 2014 11:21 am | Last updated: September 28, 2014 at 11:21 am
SHARE

SUDHEERANമലപ്പുറം: തിരഞ്ഞെടുപ്പ് യുദ്ധത്തിന് തയ്യാറാകാന്‍ അണികളോട് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശം. മലപ്പുറം ടൗണ്‍ഹാളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സ്‌പെഷല്‍ കണ്‍വെന്‍ഷനില്‍ ഇന്നലെ പ്രധാനധ്യാപകന്റെ റോളായിരുന്നു സുധീരന്. കര്‍ക്കശക്കാരനായും ഇടക്ക് തമാശ പറഞ്ഞുമുള്ള സുധീരന്റെ വാക്കുകള്‍ അനുസരണയുള്ള കുട്ടികളെ പോലെ പ്രവര്‍ത്തകര്‍ കേട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠമുള്‍കൊണ്ട് മുന്നോട്ട് പോകാനാണ് ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. കേരളത്തില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണെന്ന മുന്നറിയിപ്പ് നല്‍കാനും മറന്നില്ല.
ഒന്നിച്ച് മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കാനാകില്ല, അലസരായി ഇരുന്നാള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ അതിന്റെ ഫലം അനുഭവിക്കാനാകൂ. ഇതിന് ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തണം.
സര്‍ക്കാറിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയണം. മദ്യനയത്തിലും ലഹരി ക്കെതിരെയുമുളള സര്‍ക്കാര്‍ നിലപാടുകള്‍ സുവ്യക്തമാണ്. വിഷലിപ്തമായ പച്ചക്കറികളെ വര്‍ജ്ജിക്കാനും കഴിയണം. പ്ലാസ്റ്റിക് രഹിത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് അടക്കം മുന്നേറാന്‍ പ്രവര്‍ത്തകര്‍ സജ്ജമാവണമെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിക്ക് മുഴുവന്‍ സമയ വാര്‍ത്താചാനല്‍ തുടങ്ങുന്നതിന് ഫണ്ട് ശേഖരിക്കാനും പാര്‍ട്ടി പത്രത്തിന്റെ പ്രചരണം ഏറ്റെടുക്കാനും ആവശ്യപ്പെട്ടു.