പുരട്ചി തൈലവി തിന്ന ഉപ്പും കുടിക്കേണ്ട വെള്ളവും

Posted on: September 28, 2014 9:44 am | Last updated: September 28, 2014 at 9:49 am
SHARE

jayalalithaരാഷ്ട്രീയ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ നിന്നുള്ള വിലക്കാണ് യഥാര്‍ഥ ശിക്ഷ. കാരണം ജനകീയ കോടതിയിലെ ബലപരീക്ഷണമാണ് അവരുടെ ശക്തിസ്രോതസ്സ്. അവിടെയാണ് അവര്‍ അഗ്നിശുദ്ധി നേടുന്നത്; പിഴകള്‍ ഒടുക്കുന്നത്. ഇത്തരമൊരു സാധ്യതയാണ് തമിഴകത്തിന്റെ അമ്മക്ക് മുന്നില്‍ പത്ത് വര്‍ഷത്തേക്ക് അടഞ്ഞിരിക്കുന്നത്. അപ്പീല്‍ പോകാം. അവിടെ തോറ്റാല്‍ ഈ ജയില്‍ വാസം നാല് വര്‍ഷം വരെ നീളും. പിന്നെ ആറ് വര്‍ഷത്തെ വിലക്ക്. അത്രയും കാലം ശരിയായ അസ്തമയം. ഇനിയൊരു ഉദയം സാധ്യമാണോ? 18 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും നീതിന്യായ പരിശോധനകള്‍ക്കും ശേഷം വിധി വരുമ്പോള്‍ അത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിനോടുള്ള ബഹുമാനം ഉയര്‍ത്തുകയും രാഷ്ട്രീയ അധികാരം സുഖലോലുപതകള്‍ക്കായി ദുരുപയോഗം ചെയ്യുന്ന ഭരണാധികാരികള്‍ക്കാകെ മറക്കാനാകാത്ത പാഠം സമ്മാനിക്കുകയുമാണ് ചെയ്യുന്നത്. എന്തൊക്കെയായിരുന്നു പുരട്ചി തലൈവിയുടെ ‘അര്‍പ്പുത’ങ്ങള്‍? പിറന്നാള്‍ സമ്മാനമായി രാജ്യത്തിനകത്തും പുറത്ത് നിന്നും കോടികള്‍. തോഴി ശശികലയുടെ സമാനതകളില്ലാത്ത ധൂര്‍ത്ത്, ഗിന്നസ് ബുക്കില്‍ കയറിയ, കോടികള്‍ പൊടിച്ച് നടത്തിയ വളര്‍ത്തു മകന്റെ വിവാഹം, തമിഴ്‌നാട്ടില്‍ പലയിടത്തുമായി ഭൂമി, തമിഴകത്തും പുറത്തും സ്വന്തം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ജയാ ടി വി, ഹൈദരാബാദിലും ചെന്നൈയിലുമുള്ള ഫാം ഹൗസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടങ്ങള്‍, കിലോക്കണക്കിന് സ്വര്‍ണം, വെള്ളി, സ്വന്തം പേരിലും ബിനാമികളുടെ പേരിലുമായി കണക്കില്ലാത്ത സ്വത്ത്…. ജയലളിതയുമായി ബന്ധപ്പെട്ടതെല്ലാം തട്ടുപൊളിപ്പന്‍ തമിഴ്‌സിനിമ പോലെ അവിശ്വസീനയവും ആര്‍ഭാടകരവുമായിരുന്നു. എന്നാല്‍ കൊല്ലാനും മരിക്കാനും തയ്യാറായി നില്‍ക്കുന്ന അനുയായികള്‍ ഉള്ളപ്പോള്‍ അവര്‍ ഒരിക്കലും തന്നിലേക്ക് നോക്കാനോ തിരുത്താനോ തയ്യാറായില്ല. അതുകൊണ്ട് നീതിന്യായ വിഭാഗത്തില്‍ നിന്ന് എന്തൊക്കെ തിരിച്ചടികള്‍ അവര്‍ക്കേറ്റെങ്കിലും ജനകീയ കോടതിയില്‍ നിന്ന് പൂമാലകള്‍ ഏറ്റുവാങ്ങി ശക്തമായി തിരിച്ചു വന്ന ചരിത്രമാണ് ഉള്ളത്. കാരണം എ ഐ ഡി എം കെയില്‍ ജയലളിത ശക്തിയാര്‍ജിച്ചതോടെ ഒന്നാം നിരയിലേക്ക് കടന്നു വരാനോ അവര്‍ക്ക് വെല്ലുവിളിയാകാനോ പര്യാപ്തമായ രണ്ടാം നിര നേതൃത്വത്തിന്റെ കുറ്റിയറ്റു പോയിരുന്നു. അതുകൊണ്ട്, സിനിമയില്‍ നിന്നും എം ജി ആറിന്റെ ജീവിതം വഴി രാഷ്ട്രീയത്തിലേക്കും അധികാരത്തിന്റെ സാധ്യതകളിലേക്കും കടന്നുകയറി ഒടുവില്‍ പക്വമതിയായ ഭരണാധികാരിയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കെ , ജയലളിതയുടെ മുന്നില്‍ വഴിയടച്ച് നില്‍ക്കുന്ന ഈ നീതിന്യായ വിലങ്ങ് അവര്‍ എങ്ങനെ അഴിച്ചെടുക്കുമെന്നതും ഇതിനെ മറികടക്കാന്‍ അവര്‍ക്ക് സാധിക്കുമോ എന്നതുമാണ് ഭാവിയെ സംബന്ധിച്ച ചോദ്യങ്ങള്‍.
ധാര്‍ഷ്ട്യവും വൈരനിര്യാതന ബുദ്ധിയും തമിഴ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണെങ്കില്‍ ജയലളിത അതിന്റെ മൂര്‍ത്തിമദ്ഭാവമാണ്. അതിനോട് അതേ സ്വഭാവവിശേഷമുള്ള അവരുടെ രാഷ്ട്രീയ ശത്രുക്കള്‍ നടത്തിയ പ്രതികരണമാണ് ഈ കേസ്. സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി ഡി എം കെ സര്‍ക്കാര്‍ ഏറ്റെടുത്ത് ആവേശപൂര്‍വം നീങ്ങുകയായിരുന്നു. തീര്‍ച്ചയായും വസ്തുതകളുടെ പിന്‍ബലമുള്ള കേസ് ഇത്ര ശക്തവും പഴുതടച്ചതുമായത് ഡി എം കെ മേധാവി കരുണാനിധിയുടെ നിതാന്തമായ ഇടപെടല്‍ മൂലമായിരുന്നു. അന്‍പഴകനെ കേസിന്റെ നൂലാമാലകള്‍ പിന്തുടരാന്‍ നിയോഗിക്കുകയായിരുന്നു. ജയലളിതയുടെ വസതികളില്‍ നടന്ന റെയ്ഡ് കേസിന്റെ വിധി നിര്‍ണയിച്ചു. ഇന്ന് കേള്‍ക്കുന്ന ചെരുപ്പിന്റെയും സാരികളുടെയും അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്തേക്ക് വന്നത് ആ റെയ്ഡില്‍ നിന്നായിരുന്നു. 1991നും 1996നുമിടയില്‍ ജയലളിത മുഖ്യമന്ത്രിയായ ഘട്ടത്തില്‍ 66 കോടി അനധികൃതമായി സമ്പാദിച്ചുവെന്നതാണ് കേസ്. തോഴി ശശി കലയും അവരുടെ ബന്ധു ഇളവരശിയും വളര്‍ത്തു മകന്‍ സുധാകരനും കൂടി പ്രതിയായ കേസില്‍ ഒരിക്കല്‍ പോലും നീതിന്യായ സംവിധാനത്തോട് തലൈവി വിധേയപ്പെട്ടിട്ടില്ല. മുന്‍ നിര അഭിഭാഷകരെ വെച്ച് നിയമത്തിന്റെ പഴുതുകള്‍ ആരായുകയായിരുന്നു അവര്‍. നിരവധി ഹരജികള്‍ വഴി വിചാരണ വൈകിപ്പിച്ചു. പ്രതി അധികാരത്തിന് പുറത്ത് നിന്നപ്പോള്‍ കേസില്‍ സാക്ഷി പറയാന്‍ തയ്യാറായവര്‍ അവര്‍ മുഖ്യമന്ത്രിയായപ്പോള്‍ മറുകണ്ടം ചാടി. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പല തവണ സമന്‍സയച്ചിട്ടും തൊടു ന്യായങ്ങള്‍ പറഞ്ഞ് ഒഴിവാകാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. അങ്ങനെയാണ് പതിനെട്ട് വര്‍ഷത്തിന്റെ ദൈര്‍ഘ്യത്തിലേക്ക് കേസിലെ നടപടിക്രമങ്ങള്‍ സഞ്ചരിച്ചത്. നീതിന്യായ കുരുക്കുകള്‍ ജയലളിതക്ക് പുത്തരിയല്ല. 2000ത്തില്‍ താന്‍സി ഭൂമിയിടപാട് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും ജയലളിതക്ക് 2001ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിയൊരുക്കിയത് സാക്ഷാല്‍ ജസ്റ്റിസ് ഫാത്തിമാ ബീവിയായിരുന്നു. പിന്നീട് ഈ തീരുമാനം പൂര്‍ണമായി സുപ്രീം കോടതി റദ്ദാക്കി. അന്ന് ഒ പനീര്‍ശെല്‍വത്തെ നിഴല്‍ മുഖ്യമന്ത്രിയാക്കിയാണ് തലൈവി പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തിയത്.
ഇത്തവണയും ഇത്തരമൊരു നീക്കത്തിന് തന്നെയാണ് കളമൊരുങ്ങിയിരിക്കുന്നത്. നിയമസഭയില്‍ എ ഐ ഡി എം കെക്ക് 151 പേരുടെ അംഗബലമുണ്ട്. 39 ലോക്‌സഭാ സീറ്റില്‍ 37ഉം എ ഐ ഡി എം കെയുടെ പക്കലാണ്. ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ നിലയിലാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ ജയലളിത. പാര്‍ട്ടിയില്‍ പതിവു പോലെ അവര്‍ അവസാന വാക്ക് തന്നെയാണ്. 1991 ല്‍ ആദ്യമായി മുഖ്യമന്ത്രിയായ കാലത്തെ ജയലളിത അല്ല ഇന്നുള്ളത്. അനുഭവങ്ങള്‍ അവരെ വല്ലാതെ മാറ്റിയിരിക്കുന്നു. ഭരണ പരിചയമില്ലാത്ത ജയലളിത അന്ന് സിനിമയുടെ ഹാംഗ്ഓവര്‍ വിടാത്ത അപക്വമതിയായിരുന്നു. ചുറ്റുമുള്ള സ്തുതിപാഠകര്‍ വെച്ച എല്ലാ ചൂണ്ടയിലും അവര്‍ കൊത്തി. എന്നാല്‍ കാലം അവരെ വല്ലാതെ മാറ്റിയിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണും നട്ട് സ്വയം പരിഷ്‌കരിക്കാന്‍ അവര്‍ തയ്യാറായി. കൂടുതല്‍ ജനപ്രിയമായ പദ്ധതികളിലേക്ക് അവര്‍ നീങ്ങി. തെറ്റുകള്‍ തിരുത്താന്‍ ചില ശ്രമങ്ങള്‍ നടത്തി. ശശികലയെ തള്ളപ്പറഞ്ഞു. എന്നാല്‍ അപ്പോഴും ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ നടത്തിയ അമ്മ സിമന്റ് അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബംഗളൂരു വിധി മുന്‍കൂട്ടി അറിഞ്ഞ് നടത്തിയ മുന്നേറാണെന്ന വിലയിരുത്തല്‍ ശക്തമാണ്.
നാല് വര്‍ഷം തടവ്. ആറ് വര്‍ഷത്തെ വിലക്ക്. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണം. പാര്‍ട്ടിയിലും വേണം പുനഃസംഘടന. ആറ് വര്‍ഷം മുമ്പ് മുഖ്യമന്ത്രിപദം വിട്ടപ്പോള്‍ ആ ദൗത്യം ഏല്‍പ്പിക്കപ്പെട്ട ഇന്നത്തെ ധനമന്ത്രി ഒ പനീര്‍ശെല്‍വത്തിന് ഇത്തവണ നറുക്ക് വീഴില്ലെന്ന് വേണം വിലയിരുത്താന്‍. കാരണം അദ്ദേഹം പാര്‍ട്ടിയില്‍ മുമ്പത്തേക്കാള്‍ ശക്തി സംഭരിച്ചിട്ടുണ്ട്. അത്‌കൊണ്ട് കൂടുതല്‍ ‘നിര്‍ഗുണ’നും ആശ്രിതനുമായ മുഖ്യമന്ത്രിയെ നവനീതം കൃഷ്ണനിലോ മറ്റോ കണ്ടെത്താനായിരിക്കും ജയലളിത ശ്രമിക്കുക.
തല പോയ പാര്‍ട്ടിയെന്ന നിലയില്‍ എ ഐ ഡി എം കെ എന്ത് തന്ത്രങ്ങളാണ് പുറത്തെടുക്കുക? തീര്‍ച്ചയായും സഹതാപ സൃഷ്ടിയുടെ രാഷ്ട്രീയം തന്നെ. ‘1996ലെ തിരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ട ജയലളിതയെ ജനം ശിക്ഷിച്ചു കഴിഞ്ഞതാണ്. ഇക്കാലമത്രയും അവരെ കോടതികള്‍ വേട്ടയാടുകയായിരുന്നു. ആ നിലക്ക് ഇപ്പോഴത്തെ ശിക്ഷ അത്യന്തം ക്രൂരമായിപ്പോയി. ജനത്തെ അകമഴിഞ്ഞ് സ്‌നേഹിച്ച, ജനങ്ങളുടെ ജീവിതം സുഗമമാക്കാന്‍ ശ്രമിച്ച ഒരു നേതാവിനെ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്’ – ഇങ്ങനെ പോകും പാര്‍ട്ടിയുടെ പ്രചാരണം. രോഷം മുഴുവന്‍ ഡി എം കെയിലേക്കും സുബ്രഹ്മണ്യം സ്വാമിയിലെക്കും തിരിച്ചു വിട്ടതിന്റെ ഫലമാണ് തെരുവില്‍ കാണുന്നത്. ഈ കണ്ണീര്‍ രാഷ്ട്രീയം മാത്രമാണ് എ ഐ ഡി എം കെക്കു മുന്നിലെ അടിയന്തര വഴി. തമിഴകത്തിന്റെ വൈകാരിക പശ്ചാത്തലത്തില്‍ ഈ വഴിക്ക് വലിയ സാധ്യതകളുണ്ടെന്ന് തന്നെ പറയേണ്ടി വരും. അങ്ങനെ വന്നാല്‍ ഡി എം കെ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനങ്ങളും നേതാക്കളുടെ പ്രതികരണങ്ങളും എ ഐ ഡി എം കെക്കുള്ള ബ്ലാങ്ക് ചെക്കാകും. മാത്രമല്ല, ജയലളിതയില്ലാത്ത തിരഞ്ഞെടുപ്പുകളില്‍ നിന്ന് നേട്ടമുണ്ടാക്കേണ്ട ഡി എം കെ അങ്ങേയറ്റം ബലഹീനമാണ്. കരുണാനിധി കുടുംബത്തില്‍ പോര് രൂക്ഷമാണ്. കലഹം തെരുവില്‍ തീര്‍ക്കുന്ന സ്ഥിതിയാണ് ഉള്ളത്. ടു ജി സ്‌പെക്ട്രം എന്ന ഹിമാലയന്‍ അഴിമതിയുടെ ഉച്ചിയില്‍ നില്‍ക്കുന്ന ഡി എം കെ എങ്ങനെ ജയലളിതയുടെ വിധിയില്‍ നിന്ന് മുതലെടുക്കും? ബി ജെ പിക്കും കോണ്‍ഗ്രസിനുമാണെങ്കില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ പുതിയ യുഗത്തില്‍ ദ്രാവിഡ പാര്‍ട്ടികളെപ്പോലെ തിളങ്ങാനാകില്ല. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ഈ പാര്‍ട്ടികള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തത്കാലം ജയലളിത തന്നെ ‘ഭരിക്കും’. അവരുടെ റിമോട്ട് കണ്‍ട്രോളില്‍ എ ഐ ഡി എം കെ തന്നെ സംസ്ഥാന രാഷ്ട്രീയത്തിന്റെ സിംഹാസനങ്ങള്‍ അലങ്കരിക്കും. ജയലളിത ഉപയോഗിച്ച ഓഫീസ് ഒഴിച്ചിട്ടും അവരുടെ ചെരുപ്പ് വെച്ച് പൂജിച്ചും അവര്‍ മഹാമലയായി നിലകൊള്ളുന്ന വലിയ ഹോര്‍ഡിംഗുകള്‍ നാട്ടിയും അമ്പലങ്ങള്‍ പണിത് അവരുടെ അദൃശ്യ സാന്നിധ്യം സൃഷ്ടിച്ച് അനാഥ നേതാക്കള്‍ പാര്‍ട്ടിയുടെ പ്രഹര ശേഷി നിലനിര്‍ത്തിയേക്കും. 2016ലെ തിരഞ്ഞെടുപ്പില്‍ ഒരു പക്ഷേ തിരിച്ചു വന്നുവെന്നും വരാം. എന്നാല്‍ ഇത് എത്ര കാലം? ലാലു പ്രസാദ് തിരിച്ചു വന്ന പോലെ പുനഃപ്രവേശം ജയലളിതക്ക് സാധിക്കുമോ? പത്ത് വര്‍ഷത്തിനിടക്ക് പാര്‍ട്ടിക്ക് സംഭവിക്കുന്ന രൂപമാറ്റങ്ങള്‍ക്കും വരാനിരിക്കുന്ന അപ്പീല്‍ പോരാട്ടങ്ങളുടെ വിധിക്കും അനുസരിച്ചിരിക്കും ഈ ചോദ്യത്തുനുള്ള ഉത്തരം.
ആശ്രിതത്വത്തില്‍ മുതുക് വളച്ച് മാത്രം ശീലിച്ച അണ്ണാ നേതാക്കള്‍ തലൈവിയുടെ അഭാവത്തില്‍ വ്യക്തിത്വത്തിലേക്ക് ഉണര്‍ന്നാല്‍, ഉറപ്പാണ് പാളയത്തില്‍ പട തുടങ്ങും. അങ്ങനെയെങ്കില്‍ എതിരാളികള്‍ക്ക് മുന്നില്‍ വഴി സുഗമമാകും. ജയലളിതയെന്ന രാഷ്ട്രീയ താരകം നിതാന്തമായ വിസ്മൃതിയിലേക്ക് അസ്തമിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും എന്നത് പഴഞ്ചന്‍ ചൊല്ലാണ്.
ബംഗളൂരുവിലെ കോടതി മുറിയില്‍ നിന്ന് ഇന്നലെ കേട്ടത് പോലുള്ള വിധികള്‍ ഈ ചൊല്ലിനെ ഇടക്കിടക്ക് സാര്‍ഥകമാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥയെയും.