മുന്നറിയിപ്പില്ലാതെ യാത്ര മുടക്കിയ കപ്പല്‍ കമ്പനിക്ക് 40,000 രൂപയുടെ പിഴ

Posted on: September 27, 2014 12:19 pm | Last updated: September 27, 2014 at 12:19 pm
SHARE

മഞ്ചേരി: മുന്നറിയിപ്പില്ലാതെ യാത്ര റദ്ദാക്കിയതിന് ഷിപ്പിംഗ് കമ്പനി 40,000 രൂപ പിഴയടക്കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി. മഞ്ചേരി കൊരമ്പയില്‍ ആശുപത്രി എം ഡി ഡോ.മുഹമ്മദലി കൊരമ്പയിലും കുടുംബവും ബുക്ക് ചെയ്ത ലക്ഷദ്വീപിലേക്കുള്ള ആഡംബര കപ്പലാണ് പെട്ടെന്ന് യാത്ര റദ്ദാക്കിയത്.
ചെന്നൈയിലെ എ എം ഇ ടി ഷിപ്പിംഗ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍, ഷിപ്പിംഗ് ഇന്ത്യയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ഭാരതി എന്നിവരെ പ്രതി ചേര്‍ത്ത് ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് ജഡ്ജി കെ മുഹമ്മദലി, അംഗങ്ങളായ മിനി മാത്യു, മദനവല്ലി എന്നിവര്‍ അംഗങ്ങളായ കോടതി പിഴശിക്ഷ വിധിച്ചത്. 2011 നവംബര്‍ 20ന് കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പരാതിക്കാരനും കുടുംബവും യാത്ര ചെയ്യാന്‍ 96,795 രൂപ കൊടുത്തിരുന്നു.
എ എം ഇ ടി ക്രൂയിസ് എന്ന കപ്പലില്‍ ആറ് ടിക്കറ്റ് ബുക്ക് ചെയ്തു. മുന്നറിയിപ്പില്ലാതെ മൂന്ന് തവണ കപ്പല്‍ യാത്ര റദ്ദാക്കിയെന്നും മഞ്ചേരിയില്‍ നിന്ന് മൂന്ന് തവണ കൊച്ചിയിലേക്ക് യാത്ര ചെയ്ത കാര്‍ വാടകയും കപ്പല്‍ ടിക്കറ്റ് ചാര്‍ജും കമ്പനി തിരിച്ചുതരണമെന്നുമാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
മോശമായ കാലാവസ്ഥ, കടല്‍ക്ഷോഭം, കൊടുങ്കാറ്റ് എന്നിവ സംഭവിച്ചാല്‍ യാത്ര അപകടകരമാകുമെന്നും മൂന്ന് ദിവസം മുമ്പെ ഇക്കാര്യം യാത്രക്കാരെ അറിയിക്കാറുണ്ടെന്നും നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നും കപ്പല്‍ കമ്പനി വാദിച്ചു.
കോടതിയില്‍ കേസ് ഫയല്‍ ചെയ്ത ശേഷം ടിക്കറ്റ് ചാര്‍ജ് 96,795 രൂപ കമ്പനി പരാതിക്കാരന് തിരിച്ച് കൊടുത്തു. യാത്ര റദ്ദ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞ് കോടതി ഇടപെട്ടതിനാലാണ് പണം തിരിച്ചു കൊടുത്തതെന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം മൂന്ന് തവണ കപ്പല്‍ കയറാനായി കൊച്ചി വരെ യാത്ര ചെയ്യേണ്ടി വന്നത് ഷിപ്പിംഗ് കമ്പനിയുടെ സേവനത്തിലെ വീഴ്ചയാണെന്നും കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു.
പിഴ സംഖ്യയില്‍ 35,800 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ഒരു മാസത്തിനകം നല്‍കണമെന്നും കോടതി വിധിച്ചു.