Connect with us

Wayanad

8.20 ലക്ഷം രൂപ ചികിത്സാധനസഹായം അനുവദിച്ചു

Published

|

Last Updated

കല്‍പ്പറ്റ: അപകടങ്ങളെ തുടര്‍ന്ന് കിടപ്പിലായവര്‍ക്കും നിത്യരോഗികള്‍ക്കുമായി 8.20 ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ഷോക്കേറ്റ് മരിച്ച ലീലയുടെ കുടുംബത്തിന് ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ജൂണ്‍ 22ന് വീട്ടില്‍ മാങ്ങ പറിക്കുമ്പോള്‍ തോട്ടി ഇലക്ട്രിക് ലൈനില്‍തട്ടിയാണ് തോമാട്ടുചാല്‍ ആട്ടുവായി കരുണാകരന്റെ ഭാര്യ ലീല മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശംനല്‍കിയത്.
ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ള കണ്ണൂര്‍ കോളയാട് വൈയ്യാനൂര്‍ ചാലുമി വീട്ടില്‍ സജീഷിനും ഒരു ലക്ഷം രൂപ അനുവദിച്ചു. കൂടാതെ ഹൃദയസംബന്ധമായ അസുഖത്തിന് ദീര്‍ഘനാളായി ചികില്‍സയിലുള്ള കായക്കണ്‍ി ബിന്ദു നിവാസില്‍ രാമന്‍, ശരീരം തളര്‍ന്നുകിടക്കുന്ന മാനന്തവാടി വേമം പാട്ടവയല്‍ അടിയകോളനിയിലെ സുന്ദരന്റെ മകള്‍ സുജാത എന്നിവര്‍ക്കും ഒരു ലക്ഷം രൂപ വിതം അനുവദിച്ചു.
2006 ല്‍ ജോലി സ്ഥലത്ത് വീണ് നട്ടെല്ല് തകര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുന്ന പയ്യമ്പള്ളി കുറുക്കന്‍മൂല ചോമന്റെ മകന്‍ ബാബുവിന് 50,000 രൂപയും കുഞ്ഞോം കുറുക്കന്‍കുന്നില്‍ കേളുവിന്റെ മകന്‍ നവനീതിന്റെ ചികില്‍സക്ക് 50,000 രൂപയും അനുവദിച്ചു. മരത്തില്‍നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ കോട്ടനാട് മാനിവയല്‍ പുളിയമ്പറ്റക്കുന്ന് കോളനിയിലെ ചന്ദ്രന്റെ ചികില്‍സക്ക് 75000 രൂപയും ഗര്‍ഭാശയ രോഗത്തിന് ചികില്‍സയിലുള്ള മേപ്പാടി മാനിവയല്‍ അങ്ങാടിക്കുന്ന് കോളനിയിലെ രമ്യ.കെ.യുടെ ചികില്‍സക്ക് 50,000 രൂപയും ഹൃദയസംബന്ധമായ രോഗത്തിന് ചികില്‍സയിലുള്ള വെള്ളമുണ്ട കള്ളംവെട്ടി കേളുവിന് 25,000 രൂപയും ശരീരം തളര്‍ന്ന് കിടപ്പിലായ മണിയങ്കോട് നെടുങ്കോട് ദേവകിക്ക് 20,000 രൂപയും മറ്റ് എട്ടുപേര്‍ക്ക് 10,000 രൂപ വീതവും ചികില്‍സാ സഹായം അനുവദിച്ചിട്ടുണ്ട്. മണിയങ്കോട് നെടുങ്കോട് ലീല, തിരുവണ്ണൂര്‍ പണിയകോളനിയിലെ അമ്മിണി, മാതമംഗലം തുണ്ടി കോളനിയിലെ സരസു, മാതമംഗലം ബിച്ചാരം കോളനിയിലെ ലീല, രുഗ്മണി, മുത്തങ്ങ ആലത്തൂര്‍ കോളനിയിലെ ഗീത, ബാലന്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിച്ചതായി മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.