Connect with us

Wayanad

ജില്ലാ പഞ്ചായത്തിന് 76.95 കോടിയുടെ വാര്‍ഷിക പദ്ധതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന്റേയുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും 2014-15 ലെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് 489 പദ്ധതികള്‍ക്കായി 76,94,79,041 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പൊതുവിഭാഗത്തില്‍ 53,85,72,562 രൂപയും പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള പദ്ധതിയില്‍ 50228024 രൂപയും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 180678455 രൂപയും വകയിരുത്തിയിട്ടുണ്ട്. മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 46088803 രൂപയും റോഡിനത്തില്‍ 86298068 രൂപയുമാണ് വകയിരുത്തിയത്. ബാക്കി തുക മറ്റ് വിഭവങ്ങളില്‍ നിന്നും തനത് ഫണ്ട്, വായ്പ, ഗുണഭോക്തൃ വിഹിതം മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ശുചിത്വമിഷന്‍, എംപി ഫണ്ട് എന്നിവയില്‍ നിന്നും കണ്ടെത്തും.
ഉല്‍പ്പാദനമേഖലയില്‍ പൊതുവിഭാഗത്തില്‍ പുതിയ എട്ട് പദ്ധതികളും പ്രത്യേക ഘടക പദ്ധതിയില്‍ ഒന്നും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയില്‍ ഒമ്പതുമുള്‍പ്പെടെ 23 പദ്ധതികള്‍ നടപ്പാക്കും. സേവനമേഖലയില്‍ 257 ഉം പശ്ചാത്തല വികസനത്തിന് 209 ഉം ഉള്‍പ്പെടെ 489 പദ്ധതികള്‍ക്കാണ് അംഗികാരം ലഭിച്ചത്. ഇതോടെ ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ പദ്ധതികള്‍ക്കും മറ്റ് മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും അംഗീകാരമായി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, ആസൂത്രണസമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest