സൗരോര്‍ജം ഉപയോഗിച്ച് ലോകം ചുറ്റാന്‍ അബുദാബിയിലെ വൈമാനികര്‍ ഒരുങ്ങുന്നു

Posted on: September 26, 2014 6:31 pm | Last updated: September 26, 2014 at 6:31 pm
SHARE

solarഅബുദാബി: സൗരോര്‍ജം ഇന്ധനമാക്കി ലോകം ചുറ്റാന്‍ തലസ്ഥാനത്തെ രണ്ട് വൈമാനികര്‍ തയ്യാറെടുക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഇവരുടെ ദൗത്യം ആരംഭിക്കുക. ലോകത്തില്‍ ആദ്യമായാണ് സൗരോര്‍ജം ഉപയോഗിച്ച് ലോകം ചുറ്റാന്‍ വൈമാനികര്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിന് വൈമാനികരായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും ആന്‍ട്രെ ബോര്‍സ്‌ക്ബര്‍ഗും തുടക്കമിട്ടിരിക്കയാണ്. അബുദാബിയില്‍ നിന്നും ആരംഭിക്കുന്ന യജ്ഞം ഏഷ്യ, യു എസ്, തെക്കേ യൂറോപ്, വടക്കന്‍ ആഫ്രിക്ക തുടങ്ങിയ മേഖലകള്‍ ചുറ്റിയാണ് അബുദാബിയില്‍ തിരിച്ചെത്തുക.
നാലു മുതല്‍ അഞ്ചു മാസം വരെ ദീര്‍ഘിക്കുന്ന പറക്കല്‍ യജ്ഞത്തില്‍ 25 പറക്കല്‍ ദിനങ്ങളാവും ഉണ്ടാവുകയെന്ന് യജ്ഞത്തിന് ചുക്കാന്‍ പിടിക്കുന്ന പുനരുജ്ജീവന ഊര്‍ജ്ജ സ്ഥാപനമായ മസ്ദര്‍ വ്യക്തമാക്കി. മേഖലയിലെ കാലാവസ്ഥ ഉള്‍പ്പെടെയുള്ള അനുകൂല സാഹചര്യമാണ് ഇത്തരം ഒരു യജ്ഞത്തിന് അബുദാബിയെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വൈമാനികരില്‍ ഒരാളായ ബോര്‍സ്‌ക്ബര്‍ഗ് പറഞ്ഞു. ഇതിനായുള്ള ആദ്യ പരിശീലന പറക്കല്‍ കഴിഞ്ഞ ജൂണിലാണ് നടത്തിയത്.
ആറു ഓക്‌സിജന്‍ ടാങ്കുകളും പാരച്ച്യൂട്ടും ലൈഫ് റാഫ്റ്റും വിമാനത്തില്‍ കരുതിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.