നിലാവുള്ള പത്ത് രാവുകള്‍

Posted on: September 26, 2014 6:19 pm | Last updated: September 26, 2014 at 6:20 pm
SHARE

hajjഅല്ലാഹുവിന്റെ അനുഗ്രഹം നമ്മില്‍ സദാ വര്‍ഷിക്കുന്നുണ്ടെങ്കിലും അതിന്റെ കുത്തൊഴുക്കും പ്രവാഹവും പെരുമഴയുമൊക്കെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണുണ്ടാവുക. ദുല്‍ ഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങള്‍ അനുഗ്രഹത്തിന്റെ മല വെള്ളപ്പാച്ചിലിന്റെ സമയമാണ്.
നബി (സ) പറയുന്നു : ‘നിങ്ങള്‍ ആയുസ്സ് കാലം നന്മകള്‍ ചെയ്യുക, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് വിധേയമാവുക. അവന്റെ അനുഗ്രഹത്തിന്റെ കാറ്റുകള്‍ ഇടക്കിടെ വീശാറുണ്ട്. അവന്‍ ഉദ്ധേശിച്ചവര്‍ക്ക് അത് എത്തിച്ചേരും’.
സ്വാലിഹായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാനും പ്രീതി സമ്പാദിക്കാനും ഉള്ള ദിനങ്ങളാണിത്.
സത്യവിശ്വാസിക്ക് ജീവിതത്തില്‍ വന്നുപെടുന്ന എല്ലാ തെറ്റുകളും അവന്റെ ആത്മവിശുദ്ധിയെ കളങ്കപ്പെടുത്തുന്നു. തിന്മ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതാണ് മനുഷ്യ മനസ്സ്. അതിനെ പാകപ്പെടുത്തിയെടുക്കുകയാണ് സല്‍ക്കര്‍മങ്ങളിലൂടെ ചെയ്യേണ്ടത്. ദുല്‍ ഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങള്‍ അതിനു വേണ്ടി പ്രത്യേകം നിശ്ചയിക്കപ്പെട്ടതാണ്. ‘ദുല്‍ ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളെക്കാള്‍ സദ് കര്‍മങ്ങള്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന മറ്റൊരു ദിവസങ്ങളും അല്ലാഹുവിനില്ല’ എന്ന് തിരുവചനത്തില്‍ കാണാം. ഇസ്‌ലാമിക ആരാധനകളിലെ സുപ്രധാന കര്‍മങ്ങളായ നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നിവയുടെ സംഗമം ഈ ദിനങ്ങളില്‍ മാത്രം ആയതാണ് അല്ലാഹുവിനു അത്യധികം ഇഷ്ടം ഉണ്ടാവാന്‍ കാരണമെന്നാണ് പണ്ഡിത നിര്‍വചനം.
ആരാധനകളിലൂടെയും പ്രാര്‍ഥനകളിലൂടെയും സല്‍കര്‍മങ്ങളിലൂടെയും വിശ്വാസിയുടെ ഹൃദയത്തെ സ്ഫുടം ചെയ്‌തെടുക്കേണ്ട ചുരുങ്ങിയ ദിവസങ്ങളാണിത്. ആത്മാവിന്റെ ചുവരുകളില്‍ പതിഞ്ഞുപോയ തെറ്റുകളുടെ കറ നീങ്ങിക്കിട്ടാന്‍ അകമുരുകി തേടേണ്ട സമയമാണിത്. അല്ലാഹുവിന്റെ ആജ്ഞ പ്രകാരം പിതാവായ ഇബ്രാഹിം നബി (അ) യുടെ വിളിക്കുത്തരം ചെയ്തു ലക്ഷോപലക്ഷം അടിമകള്‍ പുണ്യ സമ്പാദനത്തിന്റെ പര്‍വതം തീര്‍ക്കുന്ന സുവര്‍ണ നിമിഷം കൂടിയാണിത്. അവര്‍ കഅ്ബയെ വലയം ചെയ്യുന്നതും സഫ മര്‍വ മലകള്‍ക്കിടയില്‍ പ്രദക്ഷിണം നടത്തുന്നതും അറഫാ മൈതാനിയില്‍ സംഗമിക്കുന്നതും സര്‍വശക്തനായ അല്ലാഹുവിന്റെ സാമീപ്യം നേടാനുള്ള പരിശ്രമത്തിലാണ്. ഖുര്‍ആന്‍ വിവരിക്കുന്നു: ‘ഏതൊരു ആണും പെണ്ണും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം നല്‍കുകയും ചെയ്യും’ (അന്നഹ്ല്‍ 97).
വിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് അറഫ മൈതാനിയിലെ സംഗമത്തോട് ഐക്യദാര്‍ഡ്യം കൂടിയാണ് അറഫ നോമ്പ്. പുണ്യ പൂരിതമാണത്. നോമ്പനുഷ്ടിക്കുന്നവന്റെ പൂമുഖം നരകത്തെ തൊട്ട് എഴുപത് വര്‍ഷത്തെ വഴിദൂരം വിദൂരത്താക്കുമെന്നാണ് ഹദീസില്‍ വന്നിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ സത്യവിശ്വാസികളുടെ സത്വര ശ്രദ്ധ പതിയേണ്ട മറ്റൊരു പ്രധാന ഇബാദത്താണ് ദാനധര്‍മം.
മനുഷ്യന് നല്‍കപ്പെട്ട അനുഗ്രഹങ്ങളില്‍ മുഖ്യമാണ് സമ്പത്ത്. സാമ്പത്തിക രംഗത്ത് നീതിയും സമത്വവും കൈവരിക്കാന്‍ പര്യാപ്തമായ നിര്‍ദേശങ്ങളാണ് ഇസ്‌ലാമിന്റെത്. വിഭവങ്ങള്‍, മുമ്പെങ്ങുമില്ലാത്തവിധം സമ്പന്നരില്‍ കേന്ദ്രീകരിക്കപ്പെടുകയും ലോകം അതിന്റെ കെടുതികള്‍ കൂടുതലായി അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ ദാന ധര്‍മതിന്റെ സാധ്യതകള്‍ വളരെ വലുതാണ്. നന്മയുടെ വാതായനങ്ങള്‍ അനുചരന്മാരെ പഠിപ്പിച്ച കൂട്ടത്തില്‍ പുണ്യ നബി (സ) പറഞ്ഞത് അഗ്‌നിയെ ജലം കെടുത്തുന്നത് പോലെ ദാനധര്‍മം തെറ്റുകുറ്റങ്ങളെ ഇല്ലായ്മ ചെയ്യുമെന്നാണ്. ദരിദ്ര ജനവിഭാഗത്തിന്റെ വിഹിതം കൃത്യമായി കൊടുത്തുകൊണ്ടിരിക്കുന്ന കാലത്തോളം സമ്പന്നന്റെ ധനത്തില്‍ വര്‍ധനയും ദൈവാനുഗ്രഹവും വര്‍ഷിച്ചു കൊണ്ടേയിരിക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നതും.
പ്രതിഫലം ക്ലിപ്തപ്പെടുത്താന്‍ കഴിയാത്ത ധാരാളം പുണ്യ പ്രവര്‍ത്തികള്‍ വേറെയുമുണ്ട് ഈ ദിനങ്ങളില്‍. അല്ലാഹുവിന്റെ ദിക്‌റുകള്‍ ( ലാ ഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദു ലില്ലാഹ്, അല്ലാഹു അക്ബര്‍ തുടങ്ങിയവ) വര്‍ധിപ്പിക്കുക, ഖുര്‍ആന്‍ പാരായണം നടത്തുക, ഇല്‍മിന്റെ സദസ്സുകളില്‍ സന്നിഹിതരാവുക, മാതാ പിതാക്കളെ ബഹുമാനിക്കുക, ഖബറിടം സന്ദര്‍ശിക്കുക, കുടുംബ ബന്ധം ചേര്‍ക്കുക, അയല്‍വാസികളെ യും രോഗികളെയും സന്ദര്‍ശിക്കുക, സഹകാരികള്‍ക്ക് നന്മ ചെയ്യുക, ഹൃദയം ശുദ്ധീകരിക്കുക തുടങ്ങിയവ വളരെ പ്രധാനപ്പെട്ടതാണ്. തെറ്റുകളുടെ മായികലോകത്തേക്ക് വഴിനടത്തി സ്രഷ്ടാവില്‍നിന്ന് മനുഷ്യനെ അകറ്റി നിര്‍ത്താനുള്ള പൈശാചിക പ്രേരണയെ അതിജയിക്കാനുള്ള നിലാവുള്ള പത്ത് രാത്രികളാണ് നമ്മിലേക്ക് ആഗതമായത്. അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്.