Connect with us

Malappuram

2016 മുതല്‍ ഇ പാസ്‌പോര്‍ട്ട്

Published

|

Last Updated

മലപ്പുറം: രാജ്യത്ത് 2016 മുതല്‍ പൗരന്റെ വിവരങ്ങളെല്ലാം ഇലക്‌ട്രോണിക് ചിപ്പില്‍ ശേഖരിച്ച ഇ പാസ്‌പോര്‍ട്ട് സംവിധാനം വരുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്ക് തടയിടാനും ഒരു മൗസ് ക്ലിക്കിനപ്പുറം പാസ്‌പോര്‍ട്ട് ഉടമയുടെ അടിസ്ഥാന വിവരങ്ങളും ലഭ്യമാകുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. ഇ പാസ്‌പോര്‍ട്ട് സംവിധാനം ഒരുക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രത്യേക കര്‍മസേനക്ക് ദേശീയ തലത്തില്‍ രൂപം നല്‍കിയിട്ടുണ്ട്. 2015 മുതല്‍ പുതുതായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഇ പാസ്‌പോര്‍ട്ട് നല്‍കുകയെന്ന ലക്ഷ്യത്തിലേക്കാണ് പാസ്‌പോര്‍ട്ട് സേവാ പദ്ധതി തയ്യാറെടുക്കുന്നത്. തുടര്‍ന്ന് നിലവിലെ പാസ്‌പോര്‍ട്ട് ബുക്ക് മാറ്റി ഇലക്‌ട്രോണിക് ചിപ്പടങ്ങിയ പ്ലാസ്റ്റിക് കാര്‍ഡ് ഘട്ടം ഘട്ടമായി നല്‍കും. പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക്‌സ് വിവരങ്ങളായ കണ്ണ്, വിരലടയാളം എന്നിവയെല്ലാം പുതിയ ഇ പാസ്‌പോര്‍ട്ടിലുണ്ടാകും. പാസ്‌പോര്‍ട്ട് ഓഫീസര്‍ നേരിട്ട് ഒപ്പിടുന്നത് മാറ്റി ഡിജിറ്റല്‍ ഒപ്പാവും പുതിയ ഇ പാസ്‌പോര്‍ട്ടിലുണ്ടാകുക. ഇ പാസ്‌പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ കഴിഞ്ഞ മാസം ആദ്യം മുതല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ ഒപ്പുകള്‍ ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഇ പാസ്‌പോര്‍ട്ട് നേരത്തെ മുതല്‍ വിജയകരമായി നടപ്പാക്കിവരുന്നുണ്ട്. 2012ല്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ആദ്യ ഇ പാസ്‌പോര്‍ട്ട് നല്‍കി പദ്ധതിയുടെ തുടക്കം നടത്തിയിരുന്നു. പ്രതിവര്‍ഷം 85 ലക്ഷത്തോളം പാസ്‌പോര്‍ട്ടുകളാണ് രാജ്യത്ത് അനുവദിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് ഒരു കോടിയോളമാകും. എന്നാല്‍ പരമ്പരാഗതമായ ബുക്ക് സംവിധാനം മറ്റു രാജ്യങ്ങളില്‍ പഴഞ്ചനായ അവസ്ഥയിലാണ്. മിക്ക വിദേശ രാജ്യങ്ങളും ഇ പാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വളരെ വേഗത്തില്‍ അറിയാന്‍ കഴിയുമെന്നതാണ് ഇ പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത. ഇ പാസ്‌പോര്‍ട്ട് വരുന്നതോടെ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ശേഷം ലഭിക്കാനുണ്ടാവുന്ന കാലതാമസവും ഒഴിവാകും. നിലവില്‍ സാധാരണ അപേക്ഷയില്‍ 21 ദിവസം വരെ പാസ്‌പോര്‍ട്ട് ലഭ്യമാവാന്‍ എടുക്കുന്നുണ്ട്.

Latest