Connect with us

Articles

കോടികള്‍ കുടിശ്ശിക; ചെക്ക്‌പോസ്റ്റില്‍ സൗകര്യവും

Published

|

Last Updated

സംസ്ഥാനത്തിന്റെ നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ നികുതി ഇനത്തില്‍ കുടിശ്ശികയായി കിടക്കുമ്പോഴാണ് ഭരണാധികാരികള്‍ പുതിയ പുതിയ നികുതി ഭാരങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് മാസാമാസം സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതിയിനത്തില്‍ എത്തേണ്ട കോടികളെക്കുറിച്ചും അതില്‍ എത്ര ലഭിച്ചുവെന്നതിനെ കുറിച്ചും സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും അത്ര ബോധവന്മാരല്ലെന്നു വേണം കരുതാന്‍. എന്നാല്‍ ഋഷിരാജ് സിംഗിനെ പോലുള്ള ഏതാനും ഉദ്യോഗസ്ഥര്‍ ഇതിനപവാദമാണെന്ന കാര്യം വിസ്മരിക്കുന്നില്ല. നികുതികള്‍ യഥാസമയം പിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ഇത്ര വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം നീങ്ങുമായിരുന്നില്ല. സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ നിന്നായി 12,000 കോടിയിലധികം രൂപയുടെ നികുതി കുടിശ്ശികയാണ് പിരിച്ചെടുക്കാനുള്ളത്.
കൃത്യസമയത്ത് പൊതുഖജനാവിലേക്ക് എത്തേണ്ട നികുതി വരുമാനം അതിന്റെ പല മടങ്ങ് കുടിശ്ശികയായി തന്നെ കിടക്കുന്നതിന് പിന്നില്‍ ഒട്ടേറെ ഉദ്യോഗസ്ഥരുടെ അഴിമതിയിലധിഷ്ഠിതമായ കൈകടത്തലുകളുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. രാഷ്ട്രീയപരമായ കാരണങ്ങളും നേതാക്കളുടെ ഇടപെടലുകളുമാണ് പ്രധാനമായും ഈ അഴിമതിക്ക് കളമൊരുക്കുന്നത്.
സര്‍ക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ഉണ്ടായേക്കാവുന്ന റവന്യൂ നഷ്ടം നികത്താന്‍ എന്ന പേരില്‍ ജനങ്ങളില്‍ വന്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍ അബ്കാരികളില്‍ നിന്ന് മാത്രം പൊതു ഖജനാവിലേക്കെത്താനുള്ള കുടിശ്ശിക 237 കോടിയാണ്. അബ്കാരികളില്‍ നിന്ന് നികുതിയിനത്തില്‍ കിട്ടാനുള്ള തുക 66.96 കോടി രൂപയായിരുന്നു. വര്‍ഷങ്ങളായി ഇത് പിരിച്ചെടുക്കാതെവന്നതോടെ 169.74 കോടി രൂപ പലിശയും ചേര്‍ന്നാണ് ഇത് 236.70 കോടി രൂപയിലെത്തിയത്. കിസ്ത്, ട്രീ ടാക്‌സ്, ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റ് ഫീസ്, എക്‌സൈസ് ഡ്യൂട്ടി, ഗ്യാലനേജ് ഫീസ് എന്നീ ഇനങ്ങളിലായാണ് അബ്കാരികള്‍ ഈ തുക സര്‍ക്കാര്‍ ഖജനാവിലേക്കടക്കേണ്ടത്. 10 ലക്ഷം രൂപക്കു മേല്‍ കുടിശ്ശിക വരുത്തിയ 88 അബ്കാരികളുണ്ട്.
ഈ കുടിശ്ശിക പിരിച്ചെടുക്കാന്‍ കാര്യക്ഷമമായ ഒരു നടപടിയും ധനകാര്യ വകുപ്പോ വാണിജ്യ നികുതി വകുപ്പോ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഒരു വര്‍ഷത്തിനകം കുടിശ്ശിക പിരിച്ചെടുക്കുമെന്ന് നികുതി വകുപ്പ് പ്രഖ്യാപിക്കുകയും മുഴുവന്‍ ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു തുടര്‍നടപടിയും ഉണ്ടായില്ല. ഭരണാധികാരികളുടെ മൗനാനുവാദത്തോടെ അബ്കാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഈ നടപടികള്‍ക്ക് തടസ്സമാകുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അബ്കാരികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രകടമായ ഉദാഹരണമാണിത്.
ഇതിന് പുറമെ ജല അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, റവന്യു വകുപ്പ് എന്നിവകളില്‍ നിന്നുള്ള കുടിശ്ശിക 2,500 കോടിയിലധികം വരും. ജല അതോറിറ്റി പിരിച്ചെടുക്കേണ്ടത് 613 കോടി രൂപയാണ്. വെള്ളക്കരം കുടിശ്ശിക, പലിശ, പിഴപ്പലിശ എന്നിവ ഉള്‍പ്പെടെയാണിത്. ഇതില്‍ ഏറെയും വന്‍കിടക്കാരുടെതാണ്. ഇത് പിരിക്കാതെയാണ് വെള്ളക്കരം 60 ശതമാനം വര്‍ധിപ്പിച്ച് പുതിയ നികുതി ഭാരം ചുമത്തിയിരിക്കുന്നത്.
വൈദ്യുതി ബോര്‍ഡ് കുടിശ്ശിക ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത് 1,502 കോടി രൂപയാണ്. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്തക്കളുടെ കുടിശ്ശിക മാത്രം 307 കോടി രൂപയുണ്ട്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ 432 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പലതും ലക്ഷക്കണക്കിന് രൂപ പ്രവേശ ഫീസ് വാങ്ങുന്ന ബാര്‍ ലൈസന്‍സ് ഉള്ള ക്ലബ്ബുകളാണ്. ഈ സ്ഥാപനങ്ങളുടെ പാട്ടക്കുടിശ്ശിക കോടികളാണ്. നിയമസഭയില്‍ പല തവണ ചോദ്യം ഉയര്‍ന്നിട്ടും ഈ സ്ഥാപനങ്ങളുടെ കുടിശ്ശിക എത്രയെന്ന് കൃത്യമായി പറയാന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് കഴിഞ്ഞിരുന്നില്ല. അതേസമയം ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഈ ക്ലബ്ബുകളില്‍ അംഗങ്ങളാണെന്നതും ശ്രദ്ധേയമാണ്.
നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ വന്‍കിടക്കാരോട് കാണിക്കുന്ന മൃദുസമീപനമാണ് നികുതി സമാഹരണ യജ്ഞങ്ങള്‍ പരാജയപ്പെടാന്‍ കാരണം. ഇവരുടെ നികുതിക്കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന് മാത്രമല്ല, പിന്‍വാതിലിലൂടെ, സ്റ്റേ ഉള്‍പ്പെടെ ഇവര്‍ക്കനുകൂലമായ നിലപാടുകളാണ് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിക്കുന്നത്.
നികുതി കുടിശ്ശികക്ക് സ്റ്റേ നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും മന്ത്രിമാരും എം എല്‍ എമാരും ഉദ്യോഗസ്ഥരും ഇടപെട്ടാണ് പലപ്പോഴും വന്‍കിടക്കാര്‍ക്ക് നികുതിയിളവിന് വഴിയൊരുക്കുന്നത്. തലസ്ഥാനത്തെ വന്‍കിട കണ്ണാടി വ്യാപാരിയുടെ 60 ലക്ഷത്തിന്റെ നികുതിവെട്ടിപ്പ് പത്ത് ലക്ഷമാക്കി കുറച്ചതും നഗരത്തിലെ തന്നെ ജ്വല്ലറി ഉടമയുടെ 50 ലക്ഷത്തിന്റെ നികുതിക്കുടിശ്ശികയില്‍ ഇളവ് നല്‍കിയതും രാഷ്ട്രീയരംഗത്തെ ഉന്നതയിടപെടലിനെ തുടര്‍ന്നായിരുന്നു.
അതോടൊപ്പം സര്‍ക്കാറിലെ വിവിധ വകുപ്പുകളില്‍ നടക്കുന്ന ദുര്‍വ്യയവും സാമ്പത്തിക അച്ചടക്കമില്ലായ്മയും ഖജനാവിന്റെ നിത്യ ചോര്‍ച്ചക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നഷ്ടത്തില്‍ ഓടുന്ന കെ എസ് ആര്‍ ടി സിയില്‍ നടക്കുന്ന അമിത ചെലവുകള്‍ പ്രകടമായ ഉദാഹരണം. ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും മാസാമാസം മന്ത്രിസഭയുടെ കനിവ് കാത്തിരിക്കുന്ന കെ എസ് ആര്‍ ടി സിയില്‍ പ്രതിമാസം ഒരു തസ്തികയില്‍ തന്നെ ഒരു ലക്ഷത്തോളം ശമ്പളം വാങ്ങുന്ന ഒന്നിലേറെ ഉന്നത ഉദ്യോഗസ്ഥര്‍ ജോലി നോക്കുന്നുണ്ട്. ഒപ്പം കോര്‍പറേഷന്റെ വരുമാനവും ചെലവും പരിഗണിക്കാതെ നിത്യ ചെലവുകള്‍ നടത്തുന്നതും അശാസ്ത്രീയമായി ജീവനക്കാരെയും വിന്യസിക്കുന്നതും ബസ് സര്‍വീസ് ചാര്‍ട്ട് ചെയ്യുന്നതും മൂലം കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. ആത്യന്തികമായി ഇതിന്റെ നഷ്ടം വരുന്നത് പൊതു ഖജനാവിനും.
വിവിധ വകുപ്പുകളുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ “കേരള സര്‍ക്കാര്‍” ബോര്‍ഡ് വെച്ച വാഹനങ്ങളില്‍ അധികവും അനാവശ്യാമായാണ് ഓടുന്നത്. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും വിനോദാവശ്യങ്ങള്‍ക്കുമായി ഓടുന്ന ഈ വാഹനങ്ങളെല്ലാം സര്‍ക്കാര്‍ ഖജനാവിന് വന്‍ ബാധ്യത വരുത്തിവെക്കുന്നു. ഏറ്റവും കൂടുതല്‍ ഔദ്യോഗിക വാഹനങ്ങള്‍ ഓടുന്നത് തിരുവനന്തപുരത്താണ്. നഗരത്തിലെ വാഹന ഗതാഗതക്കുരുക്കിന് മുഖ്യ കാരണം സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനങ്ങളാണെന്ന ഒരു സംസാരം തന്നെ തിരുവനന്തപുരത്ത് നിലവിലുണ്ട്.
നികുതി വരുമാനം ചോരുന്ന പ്രധാന വഴികളിലൊന്നാണ് സംസ്ഥാനാതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍. കേരളത്തിലുപയോഗിക്കുന്ന ചരക്കുകളുടെ 85 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നാണ് വരുന്നത് എന്നതിനാല്‍ ഇതുവഴിയുള്ള നികുതി വെട്ടിപ്പിനും ഏറെ സാധ്യതകളാണുള്ളത്. ഇക്കാര്യത്തില്‍ വാണിജ്യനികുതി വകുപ്പ് അല്‍പ്പം ജാഗ്രത കാണിച്ചാല്‍ കോടികളുടെ വരുമാനം ചോരാതെ പൊതുഖജനാവിലെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല.
ഓരോ കച്ചവടക്കാരനും കേരളത്തിലേക്ക് കൊണ്ടുവരുന്ന ചരക്കുകളുടെ കണക്ക് ചെക്ക്‌പോസ്റ്റില്‍ വെച്ചുതന്നെ തിട്ടപ്പെടുത്തിയാല്‍ വെട്ടിപ്പ് തടയാനാകും. അതുകൊണ്ട് ചെക്ക്‌പോസ്റ്റുകളെ അഴിമതിവിമുക്തമാക്കിയാല്‍ ഒരു പരിധി വരെ സര്‍ക്കാര്‍ ഖജനാവിനെ പുഷ്ടിപ്പെടുത്താന്‍ കഴിയും. കഴിഞ്ഞ സര്‍ക്കാര്‍ ഇതിനായ നടത്തിയ യജ്ഞത്തിലൂടെ രണ്ട് വര്‍ഷം നികുതി വരുമാനത്തില്‍ പ്രഖ്യാപിത ലക്ഷ്യത്തുകയുടെ അധികം പിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സര്‍ക്കാറിന്റെ കാലത്ത് ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയില്‍ ജാഗ്രത കുറഞ്ഞതോടെ ഇതു വഴിയുള്ള നികുതി വരുമാനം കുറയുകയും സംസ്ഥാന അതിര്‍ത്തികള്‍ അഴിമതി കേന്ദ്രങ്ങളാകുകയും ചെയ്തു.
നികുതി പിരിവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസ് മുതല്‍ താഴെ തട്ടിലെ രാഷ്ര്ടീയക്കാര്‍ വരെ ഇടപെടുന്നതിനാല്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാക്കപ്പെടുകയും അഴിമതിക്കാര്‍ വിളയാടുകയുമാണ്.
സര്‍ക്കാറിന്റെ ധൂര്‍ത്തിന് ഖജനാവ് നല്‍കേണ്ടി വരുന്ന വില. അതെത്ര വലുതാണ്? ഇതേക്കുറിച്ച് നാളെ

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest