Connect with us

Kasargod

ഷാഡോ എക്‌സൈസിന്റെ രഹസ്യനീക്കം ജില്ലയില്‍ ഓണനാളുകളില്‍ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു

Published

|

Last Updated

കാസര്‍കോട്: ഓണനാളുകളില്‍ ജില്ലയില്‍ അനധികൃത മദ്യം തടയുന്നതിനു ഷാഡോ എക്‌സൈസ് യൂണിറ്റ് രഹസ്യനീക്കത്തിലൂടെ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി വി സുരേന്ദ്രന്‍ അറിയിച്ചു.
ജില്ലയില്‍ ഓണക്കാലമായ ആഗസ്റ്റ് 12 മുതല്‍ സെപ്തംബര്‍ 12 വരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി. ജില്ലയില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു. രണ്ട് താലൂക്കുകളില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതത്വത്തില്‍ രണ്ട് സ്‌ട്രൈക്കിംഗ് പാര്‍ട്ടികള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു.
കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധനക്കും. പട്രോളിംഗിനുമായി പ്രത്യേക സ്‌ക്വാഡും രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു.
ഒരു മാസക്കാലയളവില്‍ പോലീസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുമായി സഹകരിച്ച് ജില്ലയിലെ അനധികൃത മദ്യവില്‍പ്പന കേന്ദ്രങ്ങളിലും വ്യാജ ചാരായ നിര്‍മാണ കേന്ദ്രങ്ങളിലും സംയുക്തമായി റെയ്ഡുകള്‍ നടത്തി. 68 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 67 പേര്‍ പ്രതികളായിട്ടുണ്ട്. ഇതില്‍ 53 പ്രതികളെ അറസ്റ്റ് ചെയ്തു. തൊണ്ടിമുതലായി 35 ലിറ്റര്‍ സ്പിരിറ്റും 170 ലിറ്റര്‍ ചാരായവും 32 ലിറ്റര്‍ കര്‍ണാടക വിദേശമദ്യവും 125 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 52 ലിറ്റര്‍ ബിയറും 1075 ലിറ്റര്‍ വാഷും 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
അനധികൃതമായി മദ്യം കടത്തികൊണ്ട് വന്നതിന് അബ്കാരി കേസിലുള്‍പ്പെടുത്തി 5 വാഹനങ്ങള കസ്റ്റഡിയില്‍ എടുത്തു. ജില്ലയിലെ ലൈസന്‍സ് ചെയ്ത ബാര്‍ ഹോട്ടലുകളില്‍ എട്ടു തവണ പരിശോധന നടത്തുകയും എട്ട് സാമ്പിളുകളും കള്ള് ഷാപ്പുകളില്‍ 310 തവണ പരിശോധിക്കുകയും 93 കള്ള് സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. മുന്‍പ് അബ്കാരി കേസുകളില്‍ പ്രതിയായിട്ടുള്ളവരെ രഹസ്യമായി ഷാഡോ എക്‌സൈസ് നിരീക്ഷിച്ചതിന്റെ ഫലമായിട്ടാണ് നിരവധി കേസുകള്‍ കണ്ടെടുത്തത്.