Connect with us

Gulf

അര്‍ബുദ രോഗ മരുന്ന് നിര്‍മാണ ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടു

Published

|

Last Updated

അബുദാബി: അര്‍ബുദ രോഗത്തിനുള്ള മരുന്നിന്റെ നിര്‍മാണ ഗവേഷണ കേന്ദ്രത്തിന് അബുദാബിയില്‍ തറക്കല്ലിട്ടു. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി പി എസ് ഹെല്‍ത്ത് കെയറിന് കീഴിലുള്ള ലൈഫ് ഫാര്‍മയും ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ കിസാദുമായി സഹകരിച്ചാണ് ഈ കേന്ദ്രം നിര്‍മിക്കുന്നത്. 58.7 കോടി ദിര്‍ഹം മുതല്‍ മുടക്കി അഞ്ചു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. കിസാദിലെ ആദ്യ മരുന്ന് നിര്‍മാണ ഗവേഷണ കേന്ദ്രമാണ് ഇത്.

രാജ്യാന്തര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന, യു കെ കേന്ദ്രമായ ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി എജന്‍സി (എം എച്ച് ആര്‍ എ), അമേരിക്ക കേന്ദ്രമായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) എന്നിവയുടെ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുക.

17 ലക്ഷം ചതുരശ്ര അടിയില്‍ നാല് വിഭാഗങ്ങളായാണ് മരുന്ന് നിര്‍മാണവും ഗവേഷണവും നടത്തുക. ആദ്യ ഭാഗം, അര്‍ബുദ രോഗ നിയന്ത്രണത്തിനും ഗവേഷണ ആവശ്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കും. ഏഷ്യ, യൂറോപ്പ്, വടക്കന്‍ അമേരിക്ക, തെക്കന്‍ അമേരിക്ക എന്നിവിടങ്ങളിലേക്ക് മരുന്ന് കയറ്റുമതിയും കേന്ദ്രം ലക്ഷ്യമാക്കുന്നുണ്ട്.

 

Latest