ലോകത്തില്‍ ഏറ്റവും കൂടുതല്‍ സീ ഫുഡ് കഴിക്കുന്നവര്‍ യു എ ഇക്കാരെന്ന്

Posted on: September 18, 2014 4:33 pm | Last updated: September 18, 2014 at 4:33 pm
SHARE

ദുബൈ: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, മധ്യ പൗരസ്ത്യ ദേശങ്ങളില്‍ പ്രത്യേകിച്ച് ജി സി സി രാജ്യങ്ങളിലുള്ളവരുടെ തീന്‍മേശകളില്‍ സീ ഫുഡിന്റെ സാന്നിധ്യം ഇരട്ടിച്ചിട്ടുണ്ടെന്ന് പഠനം. ലോക കാര്‍ഷിക-ഭക്ഷ്യ സംഘടനയുടെ പുതിയ കണക്കിലാണ് ഇക്കാര്യമുള്ളത്.
റിപ്പോര്‍ട്ട് കാലയളവില്‍ പ്രദേശത്തെ ഒരാളുടെ ഭക്ഷണത്തിലെ സീ ഫുഡിന്റെ വാര്‍ഷിക തോത് 14.4 കിലോയാണ്. എന്നാല്‍ യു എ ഇയിലെ ജനങ്ങളുടേത് ഇത് ശരാശരി 28.6 കിലോയായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഥവാ ലോകത്ത് ഏറ്റവും കൂടുതല്‍ സി ഫുഡ് കഴിക്കുന്നവര്‍ യു എ ഇക്കാരാണെന്ന്. ഒമാനും ഇക്കാര്യത്തില്‍ യു എ ഇക്കൊപ്പമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജി സി സി രാജ്യങ്ങളിലെ ജനസംഖ്യയില്‍ വര്‍ഷാവര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവു നോക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ഇപ്പോഴുള്ളതിനേക്കാള്‍ സമുദ്രോത്പന്നങ്ങളുടെ ഉപഭോഗം കൂടിവരുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2020 ആകുന്നതോടെ ജി സി സിയിലെ മൊത്തം ജനസംഖ്യ 5.35 കോടിയാകുമെന്നും സംഘടന പ്രതീക്ഷിക്കുന്നു.
പ്രദേശത്ത് വര്‍ധിച്ചുവരുന്ന സമുദ്രോത്പന്നങ്ങളുടെ ഉപഭോഗം പരിഗണിച്ച്, ജി സി സി രാജ്യങ്ങളില്‍ സമുദ്രോത്പന്ന കാര്‍ഷിക പദ്ധതികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപകമായി ആരംഭിച്ചിട്ടുണ്ട്. വരുന്ന നവംബര്‍ ഒമ്പത് മുതല്‍ 11 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന മധ്യ പൗരസ്ത്യ, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സമുദ്രോത്പന്ന മേളയായ സീവിക്‌സ് ലോകോത്തരമായ 100 കമ്പനികളുടെ പ്രദര്‍ശന മേളയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.