Connect with us

Gulf

ഏറ്റവും വലിയ കപ്പല്‍ ടെര്‍മിനല്‍ ദുബൈയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു

Published

|

Last Updated

ദുബൈ: വിനോദസഞ്ചാര കപ്പലുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനല്‍ ദുബൈയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദുബൈയിലെ റാശിദ് പോര്‍ട്ടിലാണ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
ഒരേ സമയം 14,000 ആളുകളെ സ്വീകരിക്കാവുന്നതും 2,000 ആളുകള്‍ക്ക് വിശ്രമത്തിന് സൗകര്യമുള്ളതുമാണ് ഈ ടെര്‍മിനല്‍. ടെര്‍മിനല്‍ അവസാന മിനുക്കുപണികളിലാണ്. അടുത്ത നവംബറില്‍ ഇതിന്റെ ഉദ്ഘാടനം നടക്കുമെന്ന് റാശിദ് പോര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് അല്‍ മനാഇ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലുത് എന്നതിനു പുറമെ ഏറ്റവും നൂതനമായ തുറമുഖമെന്ന ബഹുമതിക്കു കൂടി ഇതോടെ റാശിദ് പോര്‍ട്ട് അര്‍ഹമാകുമെന്നും അല്‍ മനാഇ പറഞ്ഞു. സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മറൈന്‍ ടൂറിസം പ്രദര്‍ശനമായ “സീ ട്രൈഡ് മെഡിറ്ററേനിയന്‍ 2014″ല്‍ സംബന്ധിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
27,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പോര്‍ട്ടിന്റെ നിര്‍മാണം. ഇതിനു പുറമെ 50,000 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച കാര്‍ പാര്‍ക്കിംഗും പോര്‍ട്ടിന്റെ ഭാഗമായുണ്ടാകും. ഒരേ സമയം ഏറ്റവും വലിയ മൂന്ന് വിനോദ സഞ്ചാര കപ്പലുകളെ സ്വീകരിക്കാനുള്ള സൗകര്യം നവംബറില്‍ നടക്കുന്ന ഉദ്ഘാടനത്തോടെ പോര്‍ട്ട് റാശിദില്‍ ഉണ്ടായിരിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവരാന്വേഷണ കേന്ദ്രം, ദുബൈയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകം, മണി എക്‌സ്‌ചേഞ്ച്, എ ടി എം, പോസ്റ്റ് ഓഫീസ്, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, വൈ ഫൈ ഇന്റര്‍നെറ്റ്, റസ്‌റ്റോറന്റുകള്‍, മീറ്റിംഗ് ഹാളുകള്‍ എന്നിവയും പുതിയ ടെര്‍മിനലില്‍ ലഭ്യമാകും. നവംബറില്‍ നടക്കുന്ന ഉദ്ഘാടനത്തോടെ ദുബൈയുടെ വിനോദസഞ്ചാര മേഖല വന്‍ കുതിച്ചുചാട്ടത്തിനു സാക്ഷിയാകുമെന്ന് അല്‍ മനാഇ പറഞ്ഞു.

Latest