എല്‍ എസ് എസ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ ക്രമക്കേട്: നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

Posted on: September 18, 2014 9:45 am | Last updated: September 18, 2014 at 9:45 am
SHARE

EXAMവണ്ടൂര്‍: കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നേടിയെന്ന അവകാശവാദം നേടിയെടുക്കാന്‍ എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്‌കൂള്‍ പ്രധാനധ്യാപകന്‍ എന്നിവരുള്‍പ്പടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു.
കാളികാവ് ബസാര്‍ സ്‌കൂളിലെ പ്രധാനധ്യാപകന്‍ എന്‍ ബി സുരേഷ്‌കുമാര്‍, മുന്‍ വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും നിലവില്‍ എറണാംകുളം പുനലൂര്‍ എ ഇ ഒയുമായ എ എം സത്യന്‍, എ ഇ ഒ ഓഫീസിലെ സ്‌പെഷല്‍ ക്ലര്‍ക്ക് പ്രിയേഷ്,ഡയറ്റ് അംഗം കെ നിഷ എന്നിവരെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവ് ഇറങ്ങും. വിവരാവകാശ നിയമപ്രകാരം തുവ്വൂര്‍ തറക്കല്‍ സ്‌കൂളിലെ അധ്യാപകനും കെ പി എസ് ടി യു ജില്ലാഭാരവാഹിയുമായ അനില്‍ ആണ് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. എല്‍ എസ് എസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഉത്തര പേപ്പറുകള്‍ വിവരാവകാശ നിയമപ്രകാരം ശേഖരിക്കുകയായിരുന്നു.
രജിസ്റ്റര്‍ നമ്പറും ഉത്തരകടലാസും മൂല്യനിര്‍ണയ രീതിയും എല്ലാം പരീക്ഷാ ഭവനും പൊതുവിദ്യാഭ്യാസ വകുപ്പും നേരിട്ട് നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പരീക്ഷയിലാണ് അധ്യാപകരും മൂല്യനിര്‍ണയ ക്യാമ്പിലെ സൂപ്രണ്ടുമാരും ഒത്തു കളിച്ചത്. കാളികാവ് ബസാര്‍ മോഡല്‍ സ്‌കൂളില്‍ നിന്ന് എല്‍ എസ് എസ് പരീക്ഷ എഴുതിയ കുട്ടികളുടെ ഉത്തര കടലാസുകളിലെല്ലാം അധ്യാപകരുടെ വ്യാപക തിരുത്തലുകള്‍ വ്യക്തമായിരുന്നു. കുട്ടികള്‍ പെന്‍സില്‍ കൊണ്ട് എഴുതിയ മാര്‍ക്കുകള്‍ മായ്ച്ചുകളഞ്ഞ ശേഷം തിരുത്തി എഴുതിയ നിലയിലാണ് ഉത്തരപേപ്പറില്‍ കണ്ടത്. കുട്ടികളുടെ കയ്യക്ഷരത്തേക്കാള്‍ മികച്ച കയ്യക്ഷരവും ഈ ഉത്തരപേപ്പറിലുണ്ടായിരുന്നു തെറ്റായി ഉത്തരം രേഖപ്പെടുത്തിയത് ചുരണ്ടി മാറ്റിയാണ് ശരിയായ കോളത്തില്‍ ഉത്തരം രേഖപ്പെടുത്തിയിരിക്കുന്നത്. വിശദമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ക്കുമെല്ലാം ഇത്തരത്തിലുള്ള തിരുത്തലുകള്‍ നടന്നിട്ടുള്ളതായും കണ്ടിരുന്നു. മിക്ക ഉത്തര കടലാസിലും ശരിയുത്തരം എഴുതി ചേര്‍ത്തിരിക്കുന്നത് ഒരേ കൈയ്യക്ഷരത്തിലായിരുന്നു. പരീക്ഷ കേന്ദ്രത്തില്‍ നിന്നും ഉത്തര കടലാസുകള്‍ ഉപജില്ലാ ഓഫീസിലെത്തിക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍ ഈ സ്‌കൂളില്‍ ഇതൊന്നും പാലിച്ചിട്ടില്ല. ശനിയാഴ്ച നടന്ന പരിക്ഷയുടെ ഉത്തരകടലാസുകള്‍ തിങ്കളാഴ്ചാണ് മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും വ്യക്തമായിട്ടുണ്ട്. കൂടാതെ കുട്ടികളെ പേനകൊണ്ട് ഉത്തരം എഴുതാന്‍ അനുവദിക്കാതെ പെന്‍സില്‍ കൊണ്ടാണ് എഴുതിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
തിരുത്താനുള്ള സൗകര്യത്തിനാണ് ഇപ്രകാരം പെന്‍സില്‍കൊണ്ട് കുട്ടികളെ പരീക്ഷ എഴുതിച്ചതെന്നും കരുതുന്നു. ഇത് സംബന്ധിട്ട് കെ പി എസ് ടി യു ജില്ലാ നേതൃത്വം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച മൂന്നംഗ സംഘം കഴിഞ്ഞ ആഗസ്റ്റില്‍ വണ്ടൂര്‍ എ ഇഒ ഓഫീസിലെത്തി തെളിവെടുപ്പും നടത്തിയിരുന്നു. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിടുകയായിരുന്നു.