Connect with us

Kozhikode

നഗരത്തില്‍ ഇരുട്ട് പരക്കുന്നു

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ ഇരുട്ടില്‍ തുടരുമ്പോഴും സോളാര്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുമെന്ന കോര്‍പറേഷന്‍ ബജറ്റ് പ്രഖ്യാപനം വെറും വാക്കാകുന്നു. ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റ് പ്രകാരമാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് അറിയിച്ചത്. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷമായെങ്കിലും പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. സോളാര്‍ വൈദ്യുതി പാനലുകള്‍ സ്ഥാപിക്കുന്ന സര്‍ക്കാറിന്റെ നോഡല്‍ ഏജന്‍സി കൂടിയായ കെല്‍ട്രോണിനെ ഈ ആവശ്യവുമായി കോര്‍പറേഷന്‍ സമീപിച്ചിരുന്നുവെങ്കിലും ഇവരുടെ പിന്തുണ ലഭിച്ചിട്ടില്ല.
പി ഡബ്ല്യു ഡിയുടെ അനുമതി കൂടി ലഭിച്ചാലേ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനാകൂ. മൂന്ന് മാസം മുമ്പ് പി ഡബ്ല്യു ഡി യിലേക്ക് കോര്‍പറേഷന്‍ കത്ത് നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. മറുപടിക്കായി കോര്‍പറേഷന്റെ ഭാഗത്ത് നിന്ന് ആരും പിന്നീട് പി ഡബ്ല്യൂ ഡിയെ സമീപിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
മിക്ക വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി കോര്‍പറേഷന്‍ ആലോചിച്ചത്. രണ്ട് മാസത്തിനകം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ ഇപ്പോഴും പറയുന്നത്. കോര്‍പറേഷന്‍ വളരെ കാര്യക്ഷമായി പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.
ബീച്ച്, വൈ എം സി എ, പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ ഭാഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ കാര്യമായി തെരുവ് വിളക്കുകള്‍ കത്തുന്നില്ല. കെ എസ് ഇ ബിയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം. തെരുവ് വിളക്കുകള്‍ കത്തിക്കുന്നത് കെ എസ് ഇ ബിയുടെ ഉത്തരവാദിത്തമാണെന്ന് കോര്‍പറേഷന്‍ ഭരണാധികാരികള്‍ പറയുമ്പോള്‍ കോര്‍പറേഷനില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്ന് കെ എസ് ഇ ബിയും ആരോപിക്കുന്നു. ഇരുകൂട്ടരുടെയും പഴിചാരലിന്റെ ഫലം അനുഭവിക്കുന്നത് ജനങ്ങളാണ്.
ഈ സാഹചര്യത്തില്‍ സോളാര്‍ വിളക്കുകള്‍ എന്ന ബജറ്റ് പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ കോര്‍പറേഷന്‍ ഭരണാധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Latest