ഷാര്‍ജ ബസുകളില്‍ ടോപ് അപ് സംവിധാനം

Posted on: September 16, 2014 8:46 pm | Last updated: September 16, 2014 at 8:46 pm
SHARE

ഷാര്‍ജ: ഷാര്‍ജയിലെ ബസുകളില്‍ ടോപ് അപ് സംവിധാനം നിലവില്‍ വന്നു. ബസുകളില്‍ ടിക്കറ്റ് നിരക്ക് നല്‍കാനായുള്ള സ്മാര്‍ട് കാര്‍ഡ് സംവിധാനമായ സയര്‍ കാര്‍ഡുകള്‍ ടോപ് അപ്പ് ചെയ്യാനുള്ള സംവിധാനമാണ് ബസുകളില്‍ നടപ്പാക്കിയിരിക്കുന്നത്. ഞായറാഴ്ച മുതലാണ് ബസുകളില്‍ കാര്‍ഡുകള്‍ ടോപ് അപ് ചെയ്യാനുള്ള സംവിധാനം നടപ്പാക്കിയതെന്ന് ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. മുമ്പ് വളരെ പരിമിതമായ തോതിലെ യാത്രകള്‍ക്ക് സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ച് ബസുകളില്‍ തുക ഫീഡ് ചെയ്യാനുള്ള ടോപ് അപ് സംവിധാനം ഉണ്ടായിരുന്നുള്ളു.
ഡ്രൈവറുടെ അടുത്ത് പണം നല്‍കിയാണ് ബസുകളില്‍ സയര്‍ കാര്‍ഡുകള്‍ ടോപ് അപ് ചെയ്യാന്‍ സാധിക്കുക. കാര്‍ഡില്‍ പണം തീര്‍ന്നാല്‍ യാത്രക്കാരന് ബസില്‍ നിന്ന് ഇറങ്ങാതെ യാത്ര തുടരാന്‍ പുതിയ സംവിധാനം അവസരം ഒരുക്കും.
കയറ്റേണ്ട തുക ഡ്രൈവറെ ഏല്‍പിച്ചാല്‍ സയര്‍ കാര്‍ഡ് ടോപ് അപ് ചെയ്ത് യാത്രക്കാരന് ബസില്‍ സഞ്ചരിക്കാന്‍ ഇതിലൂടെ സാധ്യമാവുമെന്ന് ട്രാന്‍സ്‌പോര്‍ട്ടിന് നേതൃത്വം നല്‍കുന്ന കെ ജി എല്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ഐ ടി മാനേജര്‍ അബ്ദുല്‍ ഖാദിര്‍ ഹസനി വ്യക്തമാക്കി.
എത്ര തുകയാണോ ടോപ് അപ് ചെയ്യേണ്ടത് ആ സംഖ്യ കൃത്യമായി നല്‍കണം. ബാക്കി നല്‍കുന്ന രീതി അനുവദിക്കില്ല. മുവാസലാത്ത് സിറ്റി ബസുകളിലാണ് സംവിധാനം വിജയകരമായി നടപ്പാക്കിയിരിക്കുന്നത്. ടോപ് അപ് സംവിധാനം നടപ്പാക്കിയിട്ടുണ്ടെങ്കിലും നിലവിലെ, പണം നല്‍കി യാത്ര ചെയ്യാവുന്ന രീതിയും തുടരും. സയര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ 10 ശതമാനം കിഴിവ് കാര്‍ഡ് ഉടമക്ക് ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.