ഡീസല്‍ ക്ഷാമം: വയനാട്ടില്‍ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി; യാത്രക്കാര്‍ വലഞ്ഞു

Posted on: September 14, 2014 11:04 am | Last updated: September 14, 2014 at 11:04 am
SHARE

ksrtcകല്‍പ്പറ്റ: മൂന്ന് ദിവസത്തെ അവധി അടുപ്പിച്ച് വന്നപ്പോള്‍ കുടുംബ സഹിതം യാത്രകള്‍ പ്ലാന്‍ ചെയ്ത വയനാട്ടുകാരില്‍ പലരും വലഞ്ഞു. ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം കെ എസ് ആര്‍ ടി സി വെട്ടിച്ചുരുക്കിയതാണ് യാത്രക്കാരെ വലച്ചത്. വയനാട്ടിലെ മൂന്ന് ഡിപ്പോകളില്‍ നിന്നായി ഇരുപതോളം സര്‍വീസുകളാണ് ഡീസല്‍ക്ഷാമത്തിന്റെ പേരില്‍ നിലച്ചത്. മണിക്കൂറുകളോളം ബസ് കാത്തുനിന്നവര്‍ പിന്നീട് വന്ന ബസുകളില്‍ തിക്കിലും തിരക്കിലും അകപ്പെട്ട് വലഞ്ഞു. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള യാത്രയും ഇന്നലെ അസൗകര്യത്തിന്റെ പര്യായമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ജില്ലയിലെ മൂന്ന് ഡിപ്പോകളിലും ഡീസല്‍ തീര്‍ന്നിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് സാധാരണ വയനാട്ടിലേക്ക് ഡീസല്‍ എത്താറുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോണല്‍ ഓഫീസില്‍ വന്ന വീഴ്ചയാണ് ഡീസല്‍ മുടങ്ങാന്‍ കാരണമെന്ന് ജീവനക്കാരില്‍ ഒരു വിഭാഗം പറയുന്നു. നിത്യേനയുള്ള സ്റ്റേറ്റ്‌മെന്റ് അയയ്ക്കുന്നതിലെ വീഴ്ച മൂലമാണ് ഡീസല്‍ എത്താത്തതെന്നാണ് ഇവരുടെ വിശദീകരണം. മൈസൂറില്‍ നിന്നാണ് #ിപ്പോള്‍ മലബാര്‍ മേഖലയിലേക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍രെ ഡീസല്‍ വരുന്നത്. അവിടെ നിന്നുള്ള ഡീസല്‍ ഡീലര്‍ പ്രൈസിലാണ് ലഭിക്കുന്നത്.ലിറ്ററിന് 2.98 പൈസയോളം കുറവുണ്ട്. എന്നാല്‍ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും വിധം ഡീസല്‍ക്ഷാമം രൂക്ഷമായപ്പോള്‍ അതിന് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ തുനിഞ്ഞതുമില്ല. നേരത്തെ തന്നെ ടയറിന്റെയും സ്‌പെയര്‍പാര്‍ട്‌സുകളുടെയും ക്ഷാമം മൂലം മൊത്തം സര്‍വീസുകളില്‍ ഇരുപത് ശതമാനം വരെ വയനാട്ടിലെ ഡിപ്പോകളില്‍ റദ്ദാക്കിയിരുന്നു. ഇത് പരിഹരിക്കുന്നതിനും ഫലപ്രദമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിനൊപ്പമാണ് ഡീസല്‍ ക്ഷാമവും അനുഭവപ്പെട്ടത്. ഓണത്തോടടുത്ത ദിവസങ്ങളിലാണ് സ്‌പെയര്‍പാര്‍ട്‌സ്, ടയര്‍ ക്ഷാമം എന്നിവ മൂലം നിരവധി സര്‍വീസുകള്‍ നിലച്ചത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പറേഷനെ ഇതില്‍ നിന്ന് കരകയറ്റാന്‍ ഇനിയും ഫലവത്തായ നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഇല്ല. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുമായിരുന്ന അവധിക്കാലത്ത് സ്‌പെഷല്‍ വണ്ടികള്‍ ഓടിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയില്ലെന്ന് മാത്രമല്ല, നിലവിലള്ളവ വീഴ്ച കൂടാതെ സര്‍വീസ് നടത്താനും അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.