ഇന്ത്യക്കാരെന്തിന് ഹിന്ദുക്കളാകണം, ഹിന്ദുക്കള്‍ ഇന്ത്യക്കാരായാല്‍ പോരെ?

Posted on: September 14, 2014 6:00 am | Last updated: September 14, 2014 at 12:00 am
SHARE

mohan bhagavathപേര് കൊണ്ട് മുസ്‌ലിം ആയ നജ്മ ഹിബത്തുല്ല മോദി മന്ത്രിസഭയിലെ ഏക ന്യൂനപക്ഷ മുഖമാണ്. അവരൊരു ദേശീയ മുഖപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് എല്ലാ ഇന്ത്യക്കാരെയും ഹിന്ദുക്കളെന്നു വിളിക്കണമെന്ന ആര്‍ എസ് എസ് വീക്ഷണം അംഗീകരിച്ചുകൊണ്ട് സംസാരിച്ചത്. സംഗതി വിവാദമായപ്പോള്‍ അവര്‍ വീണിടത്തുകിടന്നുരുളുന്ന മട്ടില്‍ ചില നിസ്സാര തിരുത്തലുകള്‍ വരുത്തി മുഖം രക്ഷിക്കാന്‍ ഒരു ശ്രമം നടത്തി. സമാനമായ ഒരു നിലപാടാണ് കെ സി ബി സി അധ്യക്ഷന്‍ ക്ലിമീസ് കാതോലിക്ക ബാവ മോദിയുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നു നടത്തിയ പരസ്യ പ്രസ്താവനകള്‍. ഇത്തരം ചില വിവാദ വാര്‍ത്തകള്‍ വായനക്കാരുടെ ഓര്‍മയില്‍ നിന്ന് മായുന്നതിനു മുമ്പാണ് അലിഗഢില്‍ ക്രിസ്ത്യന്‍ പള്ളി സംഘപരിവാര്‍ പിടിച്ചെടുത്തതും അവിടെനിന്ന് കുരിശ് മാറ്റി ശിവന്റെ ചിത്രം പ്രതിഷ്ഠിച്ചതും. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ നിഴലില്‍ ഇനി ഇന്ത്യയിലെവിടെയൊക്കെ കുരിശിനു പകരം ത്രിശൂലവും ചന്ദ്രക്കലക്കു പകരം ചക്രായുധവും പ്രതിഷ്ഠിക്കപ്പെടുമെന്ന ആശങ്കയാണ് സമൂഹത്തില്‍ സൈ്വര ജീവിതം കാംക്ഷിക്കുന്ന ഇന്ത്യയിലെ സാധു മനുഷ്യരെ അലട്ടുന്നത്. ഇത് പരിഗണിക്കുമ്പോഴാണ് നജ്മ ഹിബത്തുല്ലയെപ്പോലെ, നാളെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്കു പോലും പരിഗണിക്കാന്‍ മതിയായ യോഗ്യതയുള്ള ഒരു മഹിള, സംഘപരിവാര്‍ ശക്തികളെ അവരുടെ വഴിപിഴച്ച നിഗമനങ്ങളില്‍ നിന്ന് തിരുത്തുന്നതിനു പകരം അവരുടെ കുഴലൂത്തുകാരിയായി തരം താണതിന്റെ അപകടം മനസ്സിലാക്കേണ്ടത്. ക്ലിമീസ് കാതോലിക്കായുടെ കാര്യവും മറിച്ചല്ല. സീറോ മലബാര്‍, സീറോ മലങ്കര തുടങ്ങിയ കേരളത്തിലെ കത്തോലിക്കാ സഭാവി ഭാഗങ്ങള്‍ അവരുടെ സവര്‍ണ പാരമ്പര്യങ്ങളില്‍ അന്ധമായി അഭിമാനം കൊള്ളുന്നവരും താന്‍ പിടിച്ച മുയലിനു രണ്ട് കൊമ്പെന്ന ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുന്നവരും ആണ്. അന്നന്നു വാഴുന്ന തമ്പുരാക്കന്മാരെ നമ്പി നിന്നു അവരെറിഞ്ഞു നല്‍കുന്ന തുച്ഛമായ ആനുകൂല്യങ്ങളെ ആശ്രയിച്ച് എന്നെന്നും നിലനില്‍ക്കാമെന്ന വ്യാമോഹം ഉള്ളില്‍ താലോലിക്കുന്നവരുടെ പ്രതിനിധികളായിട്ട് കേന്ദ്രമന്ത്രി നജ്മ ഹിബത്തുല്ലയെയും കെ സി ബി സി അധ്യക്ഷന്‍ ക്ലിമീസ് കാതോലിക്ക ബാവയെയും പോലുള്ളവരെ ഭാവി ചരിത്രം മുദ്രകുത്തിയെന്നു വരും.
എന്താണീ ഇന്ത്യ ? എന്താണീ ഹിന്ദു? ഇന്ത്യയും ഹിന്ദുവും ഒന്നാണോ? ഹിന്ദു ഒരു മതമാണോ, ഒരു സംസ്‌കാരമാണോ? അതിനു ഭൂമിശാസ്ത്രപരമോ തത്വചിന്താപരമോ ആയ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഈ വക ചോദ്യങ്ങള്‍ക്കുത്തരം കാണാതെ, ഇന്ത്യയുടെ ബഹുസ്വരത എന്ന അടിസ്ഥാന യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ട് ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളായിരുന്നു; മേലിലും ആയിരിക്കണം എന്ന ശാഠ്യത്തെ അതേപടി അംഗീകരിക്കാന്‍ ആര്‍ക്കും കഴിയില്ല. മേല്‍ സൂചിപ്പിച്ച എല്ലാ ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ബൃഹത്തായ ലേഖനങ്ങള്‍ക്കോ പുസ്തകങ്ങള്‍ക്കു തന്നെയോ മതിയായ വിഷയമാണെന്നിരിക്കെ നമ്മുടെ ഈ കോളത്തിന്റെ പരിമിതിയില്‍ ഇതെല്ലാം ഒതുക്കുക ദുസ്സാധ്യമാണ്. ഇന്ത്യയെ സംബന്ധിച്ച അക്കാദമിക് പഠനം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു പഠനവിഷയമാണ്. ഇന്ത്യയെ കണ്ടെത്തല്‍ എഴുതിയ നെഹ്‌റു മുതല്‍ ഇന്ത്യ അതൊരു അത്ഭുതം (wonder that was india) എഴുതിയ എ എല്‍ ബാഷാം വരെയുള്ള എത്രയോ അക്കാദമിക് പണ്ഡിതന്മാര്‍ മേല്‍ പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം തേടി നൂറുകണക്കിനു പേജുകള്‍ എഴുതിത്തള്ളിയിരിക്കുന്നു. അതൊന്നു മറിച്ചുനോക്കാതെ നാഗ്പൂരിലെ ആര്‍ എസ് എസ് കാര്യാലയത്തിലെ ആളുകളുടെ സ്വപ്‌നസദൃശമായ വെളിപാടുകളെ ഇന്ത്യാ ചരിത്രമെന്ന നിലയില്‍ ഇളയ തലമുറയുടെ സിരകളില്‍ കുത്തിവെക്കാനുള്ള അവസരമായി ഡല്‍ഹിയിലെ നരേന്ദ്ര മോദി ഭരണത്തെ ചിലരെങ്കിലും കാണുന്നു. ഇതിനെതിരെ അക്ഷരാഭ്യാസമുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
ഭൂമിശാസ്ത്രപരമായി ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശം ഒരു ഉപഭൂഖണ്ഡം തന്നെയാണ്. വടക്കു വശത്ത് ലോകത്തിലെ ഏറ്റവും വലിയ പര്‍വതമായ ഹിമാലയവും അതിന്റെ കിഴക്കുപടിഞ്ഞാറന്‍ മേഖലകളിലേക്കു വ്യാപിച്ചുകിടക്കുന്ന മലനിരകളും ഈ ഭൂപ്രദേശത്തെ, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നു. ചരിത്രം തിരനോട്ടം നടത്തുന്നതിനെത്രയോ മുമ്പു തന്നെ ലോകത്തിലെ മറ്റു ഭൂപ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റ സമൂഹങ്ങള്‍ക്കു കരമാര്‍ഗവും കടല്‍മാര്‍ഗവും ഈ മണ്ണിലെത്തി സ്വന്തം വേരുകള്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നദീതട സംസ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഈ ഭൂപ്രദേശത്ത് പടര്‍ന്നു പന്തലിച്ചത്. സിന്ധു എന്ന് ഈ ഭൂപ്രദേശത്തുകാര്‍ വിളിച്ചുപോന്നിരുന്ന ഒരു മഹാനദി ഇതിന്റെ തീരങ്ങളിലെ കുടിപ്പാര്‍പ്പുകാരെ ഒരമ്മ മക്കളെ എന്നപോലെ പോറ്റിവളര്‍ത്തി. ആ അമ്മ നദിയുടെ ഭൂരിഭാഗവും ഇന്ന് ഇന്ത്യയില്‍ നിന്നു വെട്ടിമുറിക്കപ്പെട്ട പാക്കിസ്ഥാനെന്ന അയല്‍ രാജ്യത്തിന്റെ അധീനതയിലാണ്. സങ്കടകരമായ ഈ വെട്ടിമുറിക്കലിന് അരങ്ങൊരുക്കിയതാരെന്നും എന്തിന് ഈ പാതകം ചെയ്തു എന്നതും ഒക്കെ ഇന്നും ചരിത്രത്തിന്റെ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കാത്ത ഒരു കേസാണ്. അതിന്മേല്‍ നമ്മളൊരു വിധി തീര്‍പ്പിന് ഇപ്പോള്‍ മുതിരേണ്ട. പകരം ഇന്ത്യ, സിന്ധു, ഹിന്ദു തുടങ്ങിയ വാക്കുകള്‍ക്കു മേല്‍ കടിച്ചുതൂങ്ങിക്കൊണ്ടുള്ള സംഘപരിവാര്‍ അജന്‍ഡയുടെ പൊള്ളത്തരം പരിശോധിക്കാം.
ഇന്ത്യക്കാരുടെ സിന്ധുവിനെ പേര്‍ഷ്യക്കാരാണ് ഹിന്ദുവാക്കിയത്. പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ നാവിനു വഴങ്ങാത്ത ഒരക്ഷരമായിരുന്നു ‘സ’. അവരുടെ ഭാഷയില്‍ ‘സ’ യുടെ പകരക്കാരനായ അക്ഷരം ‘ഹ’ ആയിരുന്നു. അവര്‍ സിന്ധുവിനെ ഹിന്ദുവാക്കി. ഇനി ആരാണീ പേര്‍ഷ്യക്കാര്‍ എന്നല്ലേ? ദക്ഷിണേഷ്യയിലെ ഇറാന്‍ എന്ന് ഇന്നറിയപ്പെടുന്ന രാജ്യമാണ് പേര്‍ഷ്യ. ബി സി ആയിരാമാണ്ടില്‍ ഇവിടേക്കു കുടിയേറിയ ഒരു ഇന്തോ യൂറോപ്യന്‍ നാടോടി ജനതയുടെ പേരായിരുന്നു പാര്‍സാ. അത് പിന്നീട് പേര്‍ഷ്യ ആയി പരിണമിച്ചു. പ്രാചീന ഗ്രീക്കുകാരും മറ്റ് പാശ്ചാത്യരും ഇറാനിയന്‍ പീഠഭൂമിയെ മുഴുവനായും പരാമര്‍ശിക്കാന്‍ ഈ പേര് തന്നെ ഉപയോഗിച്ചുപോന്നു. ഹിന്ദു എന്ന വാക്ക് ഇന്നത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡമെന്നു പരാമര്‍ശിക്കുന്ന ഭൂപ്രദേശത്തിന്റെ പേരെന്ന നിലയില്‍ ഗ്രീക്കുകാര്‍ക്കും മറ്റ് പാശ്ചാത്യ ശക്തികള്‍ക്കും പേര്‍ഷ്യക്കാര്‍ കൈമാറി. അങ്ങനെ അവരുടെ ഭാഷയിലും ഹിന്ദു ഒരു ഭൂപ്രദേശത്തിന്റെ പേരെന്ന നിലയില്‍ ചേക്കേറി. ക്രമേണ ഭാഷാശാസ്ത്രത്തിന്റെ പരിണാമനിയമങ്ങള്‍ക്കു വിധേയമായി ഇന്ത്യ എന്ന ഉച്ചാരണ ഭേദം കൈവന്നു. അതിന്നു സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അവിടെ നിന്ന് ഒരു തിരിച്ചുപോക്ക് ഇനി ആര് വിചാരിച്ചാലും നടക്കുമെന്ന് തോന്നുന്നില്ല.
എന്നാല്‍ ആര്യന്‍ അധിനിവേശത്തിനു മുമ്പായി തദ്ദേശീയ ജനത ഈ ഭൂപ്രദേശത്തെ വിളിച്ചിരുന്നത് മറ്റൊരു പേരിലായിരുന്നു. അതാണ് ജംബു ദ്വീപ്. ജംബു എന്നാല്‍ ഞാവല്‍ മരം എന്നാണ് അര്‍ഥം. ഞാവല്‍ മരങ്ങളുടെ നാട് എന്ന അര്‍ഥത്തിലാണ് ഈ ഭൂപ്രദേശത്തെ ജംബുദ്വീപ് എന്ന് വിളിച്ചിരുന്നതെന്ന് എ എല്‍ ബാഷാം തന്റെ പുസ്തകത്തില്‍ പറയുന്നത് ശരിയല്ല. ആര്യന്മാരുടെ വരവിനു മുമ്പ് ഈ പ്രദേശത്ത് അധിവസിച്ചിരുന്ന ഇന്ന് ദളിതര്‍ എന്നു വിളിക്കുന്ന തദ്ദേശീയ ജനതക്കു ജംബുകന്‍ (ജംബുമാലികന്‍) എന്നു പേരായ ഒരു ജനനായകന്‍ ഉണ്ടായിരുന്നു. രാമായണം ഇദ്ദേഹത്തെ ശൂദ്രമുനി എന്നു വിളിക്കുന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്ന ചാതുര്‍വര്‍ണ്യത്തെക്കുറിച്ചു കേട്ടറിവ് പോലും ഇല്ലാത്ത തദ്ദേശീയ ജനതയുടെ തലക്കു മേല്‍ പതിച്ച ഒരശനിപാതമായിരുന്നു ആര്യന്‍ കുടിയേറ്റം. ഇതിന്റെ തിക്താനുഭവങ്ങള്‍ വിവരിക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തിലും ഉത്തര രാമായണത്തിലും മഹാഭാരതത്തിലും വായിക്കാന്‍ കഴിയും.
വനവാസത്തിനു ശേഷം അയോധ്യയില്‍ തിരികെ വന്ന ശ്രീരാമന്‍ ഐശ്വര്യപൂര്‍ണമായി രാജ്യം ഭരിച്ചുവരുമ്പോള്‍ ഒരു ബ്രാഹ്മണന്റെ ശിശു മരിച്ചു പോയി. ബ്രാഹ്മണനും പത്‌നിയും കൂടി ശിശുവിന്റെ മൃതശരീരവും വഹിച്ചുകൊണ്ട് കൊട്ടാരത്തില്‍ വന്നു സങ്കടം ബോധിപ്പിച്ചു. ധര്‍മനിഷ്ഠനായ രാജാവ് രാജ്യഭരണം നടത്തുന്ന നാട്ടില്‍ ബ്രാഹ്മണ ശിശുക്കള്‍ മരിക്കുകയില്ലത്രെ. രാജസദസ്സാകെ അങ്കലാപ്പിലായി. അപ്പോള്‍ നാരദ മഹര്‍ഷി ശിശു മരണത്തിന്റെ കാരണം പറഞ്ഞുകൊടുത്തു. രാമരാജ്യത്തിന്റെ ഏതോ കോണില്‍ ഒരിടത്ത് ജംബുകന്‍ എന്ന ഒരു ശൂദ്രമുനി തപസ്സ് ചെയ്യുന്നുണ്ടെന്നും ആ തപസ്സ് ദേവതകള്‍ക്കിഷ്ടപ്പെടാത്തതാണ് ബ്രാഹ്മണ ശിശുവിന്റെ മരണ കാരണം എന്നും പറഞ്ഞു. ഉടന്‍ തന്നെ ശ്രീരാമന്‍ സേനാസമേതം പുറപ്പെട്ടു. തെക്കെ സമുദ്രത്തിന്റെ തീരത്ത് ശൈലം എന്നു പേരായ പര്‍വത താഴ്‌വരയില്‍ നദിയിലേക്കു ചാഞ്ഞുക്കിടക്കുന്ന ഒരു മരക്കൊമ്പില്‍ കാല് രണ്ടും പിണച്ചുകെട്ടി തല കീഴായി തൂങ്ങികിടന്നു തപസ്സ് ചെയ്യുന്ന ജംബുകനെ കണ്ടുമുട്ടി. താന്‍ ജംബുകനെന്ന ശൂദ്ര സന്യാസിയാണെന്നും ഉടലോടെ സ്വര്‍ഗത്തില്‍ പോകുക എന്ന ലക്ഷ്യത്തോടെയാണീ തപസ്സെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉടന്‍ തന്നെ ശ്രീരാമന്‍ വാളെടുത്ത് ജംബുകന്റെ ശിരസ്സറുത്ത് ജംബുകനു മോക്ഷം കൊടുത്തു. തല്‍ക്ഷണം ബ്രാഹ്മണശിശുവിനു പുനര്‍ജന്മവും ലഭിച്ചു. ദളിതന് മോക്ഷം പരലോകത്തിലും ബ്രാഹ്മണന് മോക്ഷം ഈ ലോകത്തിലും. ഇതായിരുന്നു ആര്യന്‍ ആത്മീയത. ഇതേ ആര്യന്‍ ഹിന്ദുത്വത്തിന്റെ പുനര്‍ജീവനമാണോ നജ്മ ഹിബത്തുല്ലയെപ്പോലുള്ളവര്‍ ലക്ഷ്യമാക്കുന്നതെന്ന കാര്യം അവര്‍ തന്നെ വ്യക്തമാക്കട്ടെ. ഒരു കാര്യം വ്യക്തം. ശ്രീരാമന്റെ ഈ ജംബുക നിഗ്രഹം കേവലം ഒരു ആദിവാസി നിഗ്രഹം എന്നതിലപ്പുറം ജംബു ദ്വീപിന്റെ അധിപരായ ഒരു ജനതക്കു മേല്‍ നടത്തിയ വംശഹത്യയുടെ തുടക്കം കൂടിയായിരുന്നു.
സിന്ധുവും ഹിന്ദുവും ഇന്ത്യയും ഒന്നും കൂടാതെ വേറെയും ഉണ്ടായിരുന്നു ഈ നാടിനു പേരുകള്‍. ആര്യാവര്‍ത്തം മറ്റൊരു പേരായിരുന്നു. മഹാഭാരതം ശാന്തിപര്‍വം 325-ാം അധ്യായം 15-ാം പദ്യം അനുസരിച്ച് വിന്ധ്യനും ഹിമവാനും ഇടക്കുള്ള ഭൂപ്രദേശം ആര്യാവര്‍ത്തം എന്നറിയപ്പെട്ടിരുന്നു. ആര്യന്മാര്‍ കീഴടക്കിയ ഭൂപ്രദേശം എന്നു ധരിച്ചാല്‍ മതി. വേറൊരു പേരാണ് ഭാരതം. നമ്മുടെ ഈ ഭൂഗോളത്തില്‍ താഴെപ്പറയുന്ന പേരുകളില്‍ ഏഴു ഭൂഖണ്ഡങ്ങള്‍ ഉണ്ടെന്നാണ് വെട്ടം മാണി സാറിന്റെ പുരാണിക് എന്‍സൈക്ലോപീഡിയ പറയുന്നത്. ജംബു ദ്വീപ്, പ്ലക്ഷ ദ്വീപ്, ശാല്മലി ദ്വീപ്, കശ്വ ദ്വീപ്, ക്രൗഞ്ച ദ്വീപ്, ശാക ദ്വീപ്, പുഷ്‌കര ദ്വീപ്. ഇവയില്‍പ്പെട്ട ജംബു ദ്വീപിന്റെ പേരായിരുന്നു ഭാരത വര്‍ഷം. ഭാരത വര്‍ഷം എന്നാല്‍ ഭരതന്‍ എന്ന രാജാവിന്റെ ഭരണസീമ. ആരായിരുന്നു ഈ ഭരതന്‍? ഏതൊക്കെയായിരുന്നു ഈ രാജാവിന്റെ ഭരണസീമ? ചരിത്രത്തിനു കൈ യെത്തിപ്പിടിക്കാനാകാത്തത്ര ദൂരത്താണ് ഇതെല്ലാം. ഏതായാലും നമുക്കെല്ലാം പരിചിതനായ ദശരഥ രാജാവിന്റെ പത്‌നി കൈകേയിയുടെ പുത്രനല്ല ഭാരതം എന്ന പേരിനു ഹേതുഭൂതനായ ഭരതന്‍. നമുക്ക് പരിചിതനായ മറ്റൊരു ഭരതന്‍ ദുഷ്യന്ത മഹാരാജാവിനു ശകുന്തള എന്ന ആശ്രമ കന്യകയില്‍ ജനിച്ച അവിഹിത സന്തതിയാണ് എന്ന് മഹാഭാരതം ആദിപര്‍വം 73-ാം അധ്യായം പറയുന്നു. ഭരതനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. അവര്‍ക്കു ജനിച്ച പുത്രന്മാര്‍ ജന്മനാ തന്നെ ലക്ഷണമൊത്തവരല്ലെന്ന കാരണം ആരോപിച്ച് ആ തള്ളമാര്‍ കുഞ്ഞുങ്ങളെ ജനിച്ച മാത്രയില്‍ തന്നെ വധിച്ചുകളഞ്ഞു. പുത്രമരണത്തില്‍ ദുഃഖിതനായ ഭരതന്‍ പുത്രലബ്ധിക്കു വേണ്ടി ദേവന്‍ന്മാരെ പൂജിച്ചു. അന്നൊരിക്കല്‍ ദേവഗുരുവായ ബൃഹസ്പതി തന്റെ ജ്യേഷ്ഠന്റെ ഭാര്യ, ഗര്‍ഭിണിയായിരുന്ന മമതയെ ബലാല്‍ക്കാരേണ പരിഗ്രഹിച്ചു. അതോടെ രണ്ട് കുട്ടികള്‍ മമതയുടെ ഗര്‍ഭത്തില്‍ ഒരേസമയം വളര്‍ന്നു. പ്രസവാനന്തരം മമത ബൃഹസ്പതിപുത്രനെ കാട്ടില്‍ ഉപേക്ഷിച്ചു. ആ കുട്ടിയെ ദേവന്മാരെടുത്തു വളര്‍ത്തി. അവനു ഭരദ്വാജന്‍ എന്നു പേരിട്ടു. പുത്രന്മാരില്ലാത്ത ദുഃഖത്തില്‍ മുഴുകിക്കഴിഞ്ഞ ഭരതനു ഭരദ്വാജനെ ദേവന്മാര്‍ വളര്‍ത്താന്‍ കൊടുത്തു. ഭരതന്‍ ഭരദ്വാജനെ ദീര്‍ഘതമസ്സ് എന്നു പേരിട്ടു വളര്‍ത്തി. ഇരുപത്തിയേഴായിരം വര്‍ഷം അദ്ദേഹം രാജ്യം ഭരിച്ചു പോലും. അതിനാല്‍ ഈ രാജ്യത്തിനു ഭാരതം എന്നു പേരുണ്ടായി എന്നാണ് മഹാഭാരതം ആദിപര്‍വ്വം 2-ാം അധ്യായം 96-ാം പദ്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഭാരതീയ സാഹിത്യ സൃഷ്ടികളില്‍ ചരിത്രം എന്നൊരു ശാഖ തന്നെ ആവിര്‍ഭവിക്കുന്നത് മുസ്‌ലിം ആധിപത്യം പ്രബലപ്പെട്ടതിനു പിന്നാലെ ആയിരുന്നു. ഭാഗികമായെങ്കിലും ആദ്യം നടന്ന ഇന്ത്യാ ചരിത്രരചന ജെയിംസ് മില്ലിന്റെ ബ്രിട്ടീഷ് ഇന്ത്യാചരിത്രം (1817) ആണ്. 1841 ല്‍ മൗണ്ട് സ്റ്റുവര്‍ട്ട് എല്‍ഫിസ്റ്റണ്‍ എഴുതിയ ഇന്ത്യാ ചരിത്രം ആണ് പുസ്തകരൂപത്തില്‍ പുറത്തുവന്ന ആദ്യത്തെ ഇന്ത്യാ ചരിത്രം. ഇതിനു പിന്നാലെ നിരവധി ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ തങ്ങളുടെ അക്ഷീണ യത്‌നവും പഠനവും ഗവേഷണവും വഴി ഇന്ത്യയുടെ ചരിത്രത്തെ സ്വത്വഭദ്രമായ രൂപഭാവങ്ങളോടെ പ്രകാശിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഈ ചരിത്രഗ്രന്ഥങ്ങളിലൊന്നും സമീപകാലത്ത് സംഘപരിവാര്‍ ശക്തികള്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ള ഒരു ഹിന്ദുമതമൗലികതാ വാദത്തിന് പിന്തുണയേകുന്ന യാതൊരു പരാമര്‍ശങ്ങളും ഇല്ല. ഇവരുടെ പ്രചാരണത്തില്‍ നിന്നു വ്യത്യസ്തമായി പല മതങ്ങളുടെയും മതരാഹിത്യത്തിന്റെയും പരമതസഹിഷണുതയുടെയും നാടായിരുന്നു നമ്മുടെ ഇന്ത്യ. അത് നിലനിന്നു കാണണമെന്നാണ് എല്ലാ സുമനസ്സുകളും ആഗ്രഹിക്കുന്നത്. ഹിന്ദുമതത്തെ കൂടാതെ ബുദ്ധമതം, ജൈനമതം, സിഖ് മതം ക്രിസ്തു മതം, ഇസ്‌ലാം മതം, സരതുഷ്ട്ര മതം യഹൂദ മതം എന്നിവയെല്ലാം അവയുടെ തുടക്കം മുതലേ ഈ നാട്ടില്‍ പ്രാബല്യത്തിലുണ്ടായിരുന്നു. ജനസംഖ്യയിലും പ്രചീനതയുടെ അടിസ്ഥാനത്തിലും ഹിന്ദു മതത്തിനു അതിന്റെതായ പ്രാധാന്യം ഉണ്ട്. അപ്പോഴും ഒരു കാര്യം വിസ്മരിച്ചുകൂടാ. ഇന്ന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഹിന്ദു ശബ്ദം ഇന്ത്യയിലെ പ്രാചീന ഗ്രന്ഥങ്ങളായ വേദങ്ങളിലോ പുരാണേതിഹാസങ്ങളിലോ പ്രയോഗിച്ചു കാണുന്നില്ല. ഹിന്ദു മതത്തിനു സനാതന മതം എന്നു പേരു കല്‍പ്പിച്ചു നല്‍കുന്നതു തന്നെ ആധുനിക കാലത്താണ്. ഒരു മതം എന്ന നിലയില്‍ ഹിന്ദുമതം ഇനിയും കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. എല്ലാവരും സാമാന്യമായി അംഗീകരിച്ചിട്ടുള്ള ഒരു പൊതു വിശ്വാസസംഹിതയോ ഒരു പൊതു ആചാരസംഹിതയോ ഒരു പൊതു ആരാധനാ സമ്പ്രദായമോ ക്രിസ്തുമതത്തിനും ഇസ്‌ലാം മതത്തിനു മറ്റും ഉള്ളതു പോലെ ഹിന്ദുമതത്തിനു ഇല്ലെന്നുള്ളതാണ് വാസ്തവം. അതുകൊണ്ടാണ് ഹിന്ദു ഒരു മതമല്ല, പിന്നെയോ ചില സമ്മിശ്ര വിശ്വാസങ്ങളുടെ സമന്വയത്തില്‍ നിന്നുരുത്തിരിഞ്ഞുവന്നിട്ടുള്ള ഒരു സംസ്‌കാരവിശേഷമാണെന്നു പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നത്. ഈ നിരീക്ഷണത്തെ ഹിന്ദുമതം അര്‍ഹിക്കുന്ന ഒരു ബഹുമതിയായിക്കാണുന്നതിനു പകരം സെമറ്റിക് മതമാതൃകകളെ അന്ധമായി അനുകരിച്ച് ഏകശിലാനിര്‍മിതമായ ഒരു ഹിന്ദുമത ഘടനയെ വളര്‍ത്തിയെടുക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. അതിനെ എതിര്‍ത്തില്ലെങ്കിലും വിമര്‍ശിക്കുകയെങ്കിലും ചെയ്യേണ്ടത് ചരിത്ര പഠനത്തിലും സാംസ്‌കാരിക പഠനത്തിലും തത്പരരായ എല്ലാ ഇന്ത്യക്കാരുടെയും കടമയാണ്.