റബ്ബര്‍ വിലയിടിവ് തടയാന്‍ നടപടി വേണം :പി കരുണാകരന്‍ എം പി

Posted on: September 14, 2014 6:00 am | Last updated: September 13, 2014 at 9:54 pm
SHARE

കാസര്‍കോട്: റബ്ബര്‍ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്ന റബ്ബര്‍ വിലയിടിവ് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പി കരുണാകരന്‍ എം പി ആവശ്യപ്പെട്ടു. കിലോക്ക് 170 രൂപ ലഭ്യമായിരുന്ന ഒരു സ്ഥിതിയില്‍ നിന്നും ഏറ്റവും ഒടുവില്‍ 85 രൂപ വരെയായി. ടാപ്പിംഗ് തുകക്ക് പോലും തികയാത്ത സ്ഥിതിയില്‍ റബ്ബര്‍ കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തിയിരിക്കുകയാണ്. മലയോര മേഖലയിലെ കര്‍ഷകരും ചെറുകിട വ്യാപാരികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കൃഷിക്കായി എടുത്ത വായ്പകള്‍ തിരിച്ചടക്കാനാകുന്നില്ല. കേരളത്തിന്റെ, പ്രത്യേകിച്ച് മലയോര മേഖലയുടെ സമ്പത്ത് രംഗത്ത് കടുത്ത ആഘാതമാണ് വിലയിടിവ് സൃഷ്ടിക്കുന്നത്.
ഇക്കഴിഞ്ഞ കുറേ മാസങ്ങളായി റബ്ബര്‍ ഇറക്കുമതിയും കേന്ദ്രം വര്‍ധിപ്പിച്ചിരിക്കുകയാണ്. റബ്ബറിന്റെ ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതിനാലാണ് ഇറക്കുമതി വര്‍ധിപ്പിച്ചതെന്നാണ് റബ്ബര്‍ ബോഡിന്റെ വാദം. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു.
ന്യായമായ വില ഉറപ്പു വരുത്താനും റബ്ബര്‍ ഇറക്കുമതി അവസാനിപ്പിക്കാനും അടിയന്തിര നടപടി ഉണ്ടാവണം. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ശ്രദ്ധ പതിയണമെന്നും കേന്ദ്രം പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയ പ്രകാരം കമ്മിറ്റി റിപ്പോര്‍ട്ട ലഭ്യമാക്കി സംരക്ഷണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് വീണ്ടും നിവേദനം നല്‍കിയതായും എം പി അറിയിച്ചു.