ശൈഖ് മുഹമ്മദ് യു എന്‍ ഉദ്യോഗസ്ഥരെ സ്വീകരിച്ചു

Posted on: September 13, 2014 6:19 pm | Last updated: September 13, 2014 at 6:20 pm
SHARE

uae kingദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം യു എന്‍ ഉദ്യോഗസ്ഥരെ സ്വീകരിച്ചു. അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷ്ണര്‍ ആന്റോണിയോ ഗട്ടെറസിന്റെയും യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റ് (യു എന്‍ ആര്‍ ഡബ്ല്യു എ) കമ്മീഷ്ണര്‍ പിയറി ക്രെന്‍ പോളിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചത്. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഗാസ, സിറിയ, ഇറാഖ് തുടങ്ങിയ പ്രശ്‌നബാധിത പ്രദേശങ്ങളിലെ അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ശൈഖ് മുഹമ്മദ് യു എന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. അഭയാര്‍ഥികള്‍ക്ക് ഏതെല്ലാം രീതിയില്‍ മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എത്തിക്കാമെന്നതും ചര്‍ച്ചാ വിഷയമായി.
യു എന്‍ ആര്‍ ഡബ്ല്യു എ യുടെ പ്രവര്‍ത്തനങ്ങളെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. യു എ ഇയും ജനങ്ങളും യു എന്നിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായും മറ്റുരീതിയിലും പിന്തുണക്കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി യു എ ഇ നല്‍കുന്ന മനുഷ്യത്വപരമായ സഹായങ്ങളെ യു എന്‍ ഉദ്യോഗസ്ഥര്‍ പ്രകീര്‍ത്തിച്ചു.
ഫലസ്തീന്‍, സിറിയ, ഇറാഖ് തുടങ്ങിയ പ്രശ്‌നബാധിത രാജ്യങ്ങളിലെ ജനങ്ങള്‍ക്കായി നല്‍കുന്ന സഹായങ്ങള്‍ക്ക്, ഭരണാധികാരിയുടെ വടക്കന്‍ മേഖലയിലെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രെസന്റ് അതോറിറ്റി അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നല്‍കുന്ന പിന്തുണക്കും ഉദ്യോഗസ്ഥര്‍ നന്ദി പറഞ്ഞു. ശൈഖ് മുഹമ്മദിന്റെ ഭാര്യയും ഹ്യുമാനിറ്റേറിയന്‍ ഗ്ലോബല്‍ സിറ്റി ഓഫ് ഇന്‍ ദുബൈയുടെ മേധാവിയുമായ ഹയാ ബിന്‍ത് അല്‍ ഹുസൈന്റെ പ്രവര്‍ത്തനത്തെയും രണ്ടുപേരും പ്രശംസിച്ചു. രാജ്യാന്തര സഹകരണ വികസന മന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമി, ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, സഹ മന്ത്രി റീം അല്‍ ഹാഷിമി പങ്കെടുത്തു.