Connect with us

Ongoing News

ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 15ന്

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലും ഒക്‌ടോബര്‍ 15 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് അറിയിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി ഒക്‌ടോബര്‍ 28 നും നവംബര്‍ എട്ടിനും അവസാനിക്കാനിരിക്കെയാണ് പുതിയ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഝാര്‍ഖണ്ഡിലും വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കാശ്മീരിലും തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഈ മാസം 20 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 27 ആണ്. 29ന് സൂക്ഷ്മ പരിശോധന നടത്തും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ ഒന്നാണ്. ഒക്‌ടോബര്‍ 19ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്രയിലെ ബീഡ്, ഒഡീഷയിലെ കാന്ദമാല്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും കനുബാരി(ഹിമാചല്‍ പ്രദേശ്), ഹിയംഗ്‌ലാം( മണിപ്പൂര്‍), ഉത്തര അംഗാമി( നാഗാലാന്‍ഡ്), കൈറാന( ഉത്തര്‍പ്രദേശ്), രാജ്‌കോട് വെസ്റ്റ്( ഗുജറാത്ത്) നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും അന്ന് നടക്കും.
മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം നിയമസഭകളിലേക്ക് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനുള്ള തീയതിയാണ് പ്രഖ്യാപിച്ചത്.
90 സീറ്റുകളുള്ള ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ഓം പ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ ആണ്. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ രൂപവത്കരിച്ച ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസിനെയും തള്ളിക്കളയാനാകില്ല.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി ജെ പിക്ക് 10 സീറ്റ് ലഭിച്ചിരുന്നു. ഐ എന്‍ എല്‍ ഡിക്ക് രണ്ട് സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം ഒരു സീറ്റിലേക്ക് ചുരുങ്ങി.
1999 മുതല്‍ കോണ്‍ഗ്രസും ശരത് പവാറിന്റെ നാഷനലിസ്റ്റ് കോണ്‍ഗ്രസും ചേര്‍ന്ന സഖ്യമാണ് മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്നത്. 288 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് കേന്ദ്രത്തിലെ പുതിയ സാഹചര്യത്തില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബി ജെ പി-ശിവസേനാ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടാനാകാതെയാണ് ഇരുപാര്‍ട്ടികളും സംസ്ഥാനത്ത് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലുള്ള കോണ്‍ഗ്രസ്, എന്‍ സി പി സഖ്യവും സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൊത്തം 48 സീറ്റില്‍ 23ഉം ബി ജെ പി നേടിയപ്പോള്‍ സഖ്യകക്ഷിയായ ശിവസേന 18 സീറ്റില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റിലേക്ക് ചുരുങ്ങി.

Latest