തെങ്കരയിലും കോട്ടോപ്പാടത്തും കാട്ടാനകളിറങ്ങി

Posted on: September 12, 2014 12:27 am | Last updated: September 11, 2014 at 11:28 pm
SHARE

മണ്ണാര്‍ക്കാട്: തെങ്കരയിലെ മെഴുകുംപാറയിലും കോട്ടോപ്പാടം കണ്ടമംഗലത്തും വ്യാഴാഴ്ച പുലര്‍ച്ചെ വരേയും കാട്ടാനകളെത്തി. കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതര്‍ 12 ഓളം ആനകളെ കണ്ടമംഗലം ഭാഗത്ത് നിന്ന് ഉള്‍ക്കാട്ടിലേക്ക് തുരത്തിയിരുന്നുവെങ്കിലും ഇതിനു പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെയോടെ കാട്ടാനകള്‍ വീണ്ടും കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും ഇറങ്ങിയിരിക്കുകയാണ്.
1 കുട്ടിയാനയടക്കം 11 കാട്ടാനകളാണ് കണ്ടമംഗലം ഭാഗത്ത് തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ തെങ്കര മെഴുകുമാറയില്‍ 2കുട്ടികളടക്കം ഇരപതോളം വരുന്ന കാട്ടാനക്കൂട്ടമാണ് ജനജീവിതത്തെ ഭീതിയിലാഴ്ത്തി വിലസുന്നത്. ഇതുമൂലം കാര്‍ഷിക മലയോര മേഖലയിലെ സാധാരണക്കാരായ ആളുകള്‍ക്ക് ടാപ്പിങ് അടക്കമുളള തൊവില്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുളളത്. കഴിഞ്ഞ ദിവസം അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വനം വകുപ്പ് ജീവനക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കാട്ടാനകള്‍ കൃഷി നശിപ്പിച്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്ക്കരിച്ച് കാട്ടാനകളെ ജനവാസ മേഖലയില്‍ നിന്നും ഉള്‍വനത്തിലേക്ക് കയറ്റി വിടാന്‍ ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ നേരം ഇരുട്ടുന്നതോടെ കാടിറങ്ങി വരുന്ന കാട്ടാനക്കൂട്ടത്തിനെ തടയിടാന്‍ ഇതുവരെയും ഒരു പദ്ധതിക്കും സാധിച്ചിട്ടില്ല. നിലവില്‍ ഫെന്‍സിങുളളഭാഗങ്ങള്‍ കാലപ്പഴക്കത്താലും കാട്ടാനകള്‍ തന്നെ ഉണക്ക മരംകൊണ്ട് തകര്‍ത്തതിനാലും സോളാര്‍ വേലി കാര്യക്ഷമമല്ല. വനാതിര്‍ത്തിയോട് ചേര്‍ന്ന് ട്രഞ്ച് നിര്‍മ്മിച്ച് കാട്ടാനകളെ തടയിടാന്‍ കഴിയുന്നുമെന്ന് പറയുന്നുണ്ടെങ്കിലും കാലമേറെ കഴിഞ്ഞിട്ടും ഇതുവരേയും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
തൊഴിലുറപ്പ് പദ്ധതി പ്രകാരം ട്രഞ്ച് നിര്‍മ്മാണം, മറ്റ് മുള്‍ച്ചെടികള്‍ വെച്ച് പിടിപ്പിക്കാവുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്താമെങ്ങിലും ഈ മേഖലയിലെ ഒരു ഗ്രാമപഞ്ചായത്തിലും ഇത്തരം പ്രവര്‍ത്തികള്‍ നടന്നു കാണുന്നില്ല.—കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിട്ടും സര്‍ക്കാര്‍ ഭാഗത്ത് നിന്നും യാതൊരു അനുകൂല്യവും ലഭിച്ചിട്ടില്ലെന്നാണ് പരക്കെ പറയുന്നത്. ലക്ഷങ്ങള്‍ ബേങ്കില്‍ നിന്നും കടമെടുത്ത് പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറകകിയ കര്‍ഷകര്‍ക്ക് കാട്ടാനകള്‍ മുലമുണ്ടാവുന്ന കൃഷിനാശം മൂലം ഉണ്ടാവുന്ന കടബാധ്യത എഴുതി തളളണമെന്നാവശ്യം ശക്തമാണ്