പാണക്കാട് അന്‍വര്‍ ശിഹാബ് തങ്ങള്‍ ഓര്‍മയായി

Posted on: September 10, 2014 9:15 am | Last updated: September 10, 2014 at 9:15 am
SHARE

മലപ്പുറം: തിങ്കളാഴ്ച രാത്രി വിടപറഞ്ഞ പാണക്കാട് അന്‍വര്‍ ശിഹാബ് തങ്ങള്‍ക്ക് കടലുണ്ടിപ്പുഴയുടെ തീരത്ത് അന്ത്യനിദ്ര. ജനാസ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ പാണക്കാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനല്‍ മറവ് ചെയ്തു. മരണ വാര്‍ത്തയറിഞ്ഞതു മുതല്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് പേരാണ് പാണക്കാട്ടെ കുടുംബവീട്ടിലേക്ക് ഒഴുകിയെത്തിയത്. പണ്ഡിതരും പ്രാസ്ഥാനിക നേതാക്കളും വിദ്യാര്‍ഥികളും സാധാരണക്കാരുമെല്ലാമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മ ബന്ധം വ്യക്തമാക്കുന്നതായിരുന്നു അന്തിമ ചടങ്ങുകള്‍ക്കെത്തിയ വന്‍ജനാവലി. നാട്ടുകാര്‍ക്ക് എന്നും അദ്ദേഹം പ്രിയപ്പെട്ട കുഞ്ഞോന്‍ തങ്ങളായിരുന്നു.
സമസ്ത കേന്ദ്രമുശാവറ അംഗമായിരുന്ന പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളുടെ ഇളയ മകനായിരുന്ന അദ്ദേഹം പിതാവിന്റെ വഴിയേ സുന്നി പ്രാസ്ഥാനിക രംഗത്ത് സജീവമാകുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. ആകസ്മികമായ മരണ വാര്‍ത്ത വിശ്വസിക്കാന്‍ ആദ്യം പലര്‍ക്കുമായിരുന്നില്ല. ചികിത്സക്ക് ഏറെ ഫലമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സമീപത്തേക്ക് നിരവധി പേരാണ് വിവിധ ജില്ലകളില്‍ നിന്നായി എത്തിയിരുന്നത്. ചികിത്സക്കിടെ തന്നെയായിരുന്നു മരണവും സംഭവിച്ചത്. 2015 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ മലപ്പുറം സോണ്‍ ഗവേണിംഗ് ബോഡി ചെയര്‍മാനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം മേഖലാ വൈസ് പ്രസിഡന്റ്, എസ് വൈ എസ് മലപ്പുറം സര്‍ക്കിള്‍ പ്രസിഡന്റ്, എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ച അദ്ദേഹം സുന്നി പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജം പകര്‍ന്ന വ്യക്തിത്വമായിരുന്നു. നിലവില്‍ മഞ്ചേരി ജാമിഅ ഹികമിയ്യ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം സുന്നി സ്ഥാപനങ്ങളുടെ അകമഴിഞ്ഞ സഹകാരി കൂടിയായിരുന്നു. മാസത്തില്‍ രണ്ട് തവണയെങ്കിലും വിദൂര സ്ഥലങ്ങളില്‍ പണ്ഡിതന്‍മാരുടെ മഖാം സിയാറത്തിന് സമയം കണ്ടെത്തിയിരുന്ന അദ്ദേഹത്തിന് വിശാലമായ സൗഹൃദ വലയവുമുണ്ടായിരുന്നു. ഒരാളെ ആദ്യമായി പരിചയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിവെക്കുകയും പിന്നീട് തിരിച്ച് വിളിച്ച് സൗഹൃദം പുതുക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
പാണക്കാട് ജുമുഅ മസ്ജിദിലും വീട്ടിലുമായി നടന്ന മയ്യിത്ത് നിസ്‌കാരങ്ങളിലും പ്രാര്‍ഥനകളിലും പങ്കാളികളാകാനെത്തിയവരെക്കൊണ്ട് പ്രദേശം നിറഞ്ഞ് കവിഞ്ഞു. വീട്ടിലും പള്ളിയിലുമായി നാല് തവണയായിട്ടാണ് മയ്യിത്ത് നിസ്‌കാരം നടന്നത്. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അലി ബാഫഖി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് തുടങ്ങിയവര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. സയ്യിദ് അഹമ്മദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, പൂക്കോയ തങ്ങള്‍ തലപ്പാറ, ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബുര്‍റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സ്വാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് നാസറുദ്ദീന്‍ ഹയ്യ്, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപള്ളി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, താനാളൂര്‍ അബ്ദുമുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി തുടങ്ങി നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.