മദ്യശാലക്ക് മുന്നില്‍ ഇളനീര്‍ കുടിച്ച് പ്രതിഷേധം

Posted on: September 10, 2014 9:07 am | Last updated: September 10, 2014 at 9:07 am
SHARE

Liquorകോഴിക്കോട്: കല്ലായി വട്ടാംപൊയിലിലെ വിദേശമദ്യശാലക്ക് മുന്നില്‍ ഇന്നലെ വൈകുന്നേരം പതിവു പോലെ നീണ്ട നിര. പതിവിനു വിപരീതമായി വരിയില്‍ സ്ത്രീകളും കുട്ടികളും. മദ്യകുപ്പികള്‍ക്കു പകരം എല്ലാവരുടേയും കൈയില്‍ ഇളനീര്‍. പ്രദേശത്തിന്റെ സൈ്വരജീവിതം തകര്‍ക്കുന്ന മദ്യശാലക്കെതിരെയുള്ള വ്യത്യസ്തതയുള്ള സമരമായിരുന്നു വട്ടാംപൊയിലില്‍ നടന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ബാറിനു മുന്നില്‍ നടത്തിയ ഇളനീര്‍ കഴിച്ചു കൊണ്ടുള്ള സമരം അനിശ്ചിതകാല സമരത്തിന്റെ മുന്നൊരുക്കമായിരുന്നു.
നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് വട്ടാംപൊയില്‍ ഏരിയ റസിഡന്‍സ് അസോസിയേഷനാണ് ബീവറേജ് ഷോപ്പിന് മുന്നില്‍ സമരം സംഘടിപ്പിച്ചത്. ഇന്ന് മുതല്‍ ബാറിന് മുന്നില്‍ അനിശ്ചിതകാലം സമരം ആരംഭിക്കാനും സമരസമിതി തീരുമാനിച്ചു.
ഇന്നലെ നടന്ന ഉപരോധം ഇളനീര്‍ കുടിച്ച് കൊണ്ട് മദ്യനിരോധന സമിതി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഒ ജെ ചിന്നമ്മ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ മാസ്റ്റര്‍, ഇ പി ഉസ്മാന്‍കോയ, സിസ്റ്റര്‍ മൗറിഞ്ഞോ, കെ പി അബ്ദുല്ലക്കോയ, ഒ ഡി തോമസ്, സക്കറിയ പള്ളിക്കണ്ടി, മാഹിന്‍ നെരോത്ത്, ശാലു പന്തീരാങ്കാവ് സംസാരിച്ചു.