Connect with us

Kasargod

ഗ്യാസ് ഗോഡൗണ്‍ നാട്ടുകാര്‍ ഉപരോധിച്ചു

Published

|

Last Updated

കാസര്‍കോട്: ജനവാസ കേന്ദ്രത്തിലെ ഗ്യാസ് സിലിന്‍ഡര്‍ ഗോഡൗണിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പരവനടുക്കം കൈന്താറില്‍ ജനവാസ കേന്ദ്രത്തില്‍ നിര്‍മിച്ച ഗ്യാസ് സിലിന്‍ഡര്‍ ഗോഡൗണിനെതിരെയാണ് സ്ത്രീകളുള്‍പ്പടെയുള്ള നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതിഷേധം നിലനില്‍ക്കുന്നതിനിടയില്‍ സിലിന്‍ഡര്‍ ഇറക്കിയത് നാട്ടുകാരെ പ്രകോപിതരാക്കി.
സംഘടിച്ചെത്തിയ നാട്ടുകാര്‍ ഇന്നലെ സിലിന്‍ഡര്‍ ഇറക്കുന്നത് തടഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഗ്യാസ് സിലിന്‍ഡര്‍ ഇറക്കിയത്. 100 സിലിന്‍ഡറുകള്‍ ഇറക്കിയപ്പോഴേക്കും ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഗ്യാസ് ഗോഡൗണിന് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സിലിന്‍ഡര്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതോടെ തൊഴിലാളികള്‍ ജോലി നിര്‍ത്തിവെച്ചു. ടൗണ്‍ സി ഐ നാട്ടുകാരുമായും ഗോഡൗണ്‍ ഉടമകളുമായും ചര്‍ച്ച നടത്തി. ഇറക്കിയ സിലിന്‍ഡറുകള്‍ തിരിച്ചുകൊണ്ടുപോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഗ്യാസ് സിലിന്‍ഡര്‍ ഗോഡൗണ്‍ തുറക്കാനുള്ള രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഗോഡൗണ്‍ ഉടമകള്‍ പറയുന്നത്. എന്നാല്‍ അത് വ്യാജമാണെന്നാണ് നാട്ടുകാരുടെ ആരോപണം. കേസ് കോടതിയില്‍ നിലനില്‍ക്കെ മറ്റൊരു സര്‍വെ നമ്പര്‍ ഉപയോഗിച്ച് അനുമതി നേടാന്‍ ശ്രമം നടന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ സ്ത്രീകളടക്കം നിരവധിപേര്‍ ഗ്യാസ് ഗോഡൗണിന് സമീപം സംഘടിച്ച് സിലിന്‍ഡര്‍ ഇറക്കുന്നത് തടഞ്ഞു.
സിലിന്‍ഡറുമായി വന്ന ലോറി തിരിച്ചുപോകാന്‍ ആള്‍ക്കൂട്ടം അനുവദിച്ചില്ല. ഇറക്കിയ സിലിന്‍ഡറുകള്‍ തിരിച്ചുക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ടാണ് ലോറി സ്ത്രീകളുള്‍പ്പടെയുള്ള നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ജനവാസ കേന്ദ്രത്തില്‍നിന്നും ഗോഡൗണ്‍ മാറ്റാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.

Latest