നല്ല (നൂറു) ദിനങ്ങള്‍ വന്നു കഴിഞ്ഞ ശേഷം

Posted on: September 10, 2014 6:00 am | Last updated: September 9, 2014 at 10:16 pm
SHARE

graphicsചിന്തകനായ കണ്‍ഫൂഷ്യസിനോട് ഒരിക്കല്‍ ശിഷ്യന്‍ ചോദിച്ചു.
‘ഒരു നല്ല ഭരണകൂടത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങള്‍ എന്തൊക്കെയാണ്?’
‘ഭക്ഷണം, ആയുധം, ജനതയുടെ വിശ്വാസം’
ശിഷ്യന്‍ തുടര്‍ന്ന് ചോദിച്ചു.
‘ഈ മൂന്നില്‍ ഒന്ന് ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏതാകും താങ്കള്‍ ആദ്യം ഉപേക്ഷിക്കുക?’
‘സംശയമെന്ത്? ആയുധങ്ങള്‍’
‘ബാക്കിയുള്ളവയില്‍ ഒന്നുകൂടി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏതാകും താങ്കള്‍ ഉപേക്ഷിക്കുക?’
‘ഭക്ഷണം’
ശിഷ്യന്‍ ആശ്ചര്യത്തോടെ ചോദിച്ചു.
‘പക്ഷേ, ഭക്ഷണമില്ലാതിരുന്നാല്‍ ജനം മരിച്ചുപോകില്ലേ?’
‘കാലാകാലങ്ങളിലായി മരണം മനുഷ്യനെ പിടികൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഒരു ജനതയുടെ വിശ്വാസം നശിക്കുന്നതോടെ ഒരു ഭരണകൂടം തന്നെ മരിച്ചുപോകുന്നു.’
കണ്‍ഫൂഷ്യസ് പ്രതിവചിച്ചു.
‘നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള വികസനമാണ് ഇനിയുള്ളത്’ എന്ന് പറഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറിയിട്ട് നൂറ് ദിവസത്തിലധികം പിന്നിട്ടിരിക്കുന്നു. 31 ശതമാനം വോട്ടിന്റെ നേട്ടവുമായി അധികാരത്തിലേറിയ സര്‍ക്കാറിന്റെ നൂറ് ദിവസത്തിലധികമെന്നത് ചിലത് സൂചിപ്പിക്കാനുള്ളത് തന്നെയാണ്. 2014 മെയ് 26ന് ദേശീയ ജനാധിപത്യ സഖ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറുമ്പോള്‍ അത് സാധാരണ ജനങ്ങള്‍ക്കിടയില്‍ നിരവധി പ്രതീക്ഷകളുയര്‍ത്തിയിരുന്നു. രണ്ടാം യു പി എ സര്‍ക്കാറിന്റെ ഭരണകാലഘട്ടങ്ങളില്‍ ഉളവായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഏവരും ഭരണതലത്തില്‍ ഒരു മാറ്റം അനിവാര്യമാകണമെന്ന രീതിയില്‍ അവരുടെ മനസ്സിനെ പാകപ്പെടുത്തിയിരുന്നു. വിലക്കയറ്റം കൊണ്ടുള്ള പൊറുതിമുട്ടലും അഴിമതിയുടെ കുത്തൊഴുക്കും ഭരണത്തിലെ മിക്കവാറും എല്ലാ മേഖലയിലെയും മരവിപ്പും മറിച്ചൊരു സര്‍ക്കാറിനെ അധികാരത്തിലേറ്റാനുള്ള വെമ്പല്‍ ഇന്ത്യയിലെ സാധാരണ ജനമനസ്സുകള്‍ക്കിടയിലുണ്ടാക്കിയിരുന്നു എന്നതാണ് സത്യം. അതിന്റെ സാക്ഷാത്കാരമായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ആരോഹണം.
എന്നാല്‍, മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഭരണരീതിയേയും നയമില്ലായ്മയെയും അതി കഠിനമായി വിമര്‍ശിച്ച് അധികാരം പിടിച്ചടക്കിയ മോദി, ഒരേ തൂവല്‍പ്പക്ഷികള്‍ എന്നോളം മാറുന്ന കാഴ്ചയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് കാണാനായത്. വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിട്ടെന്ന് ഉദ്‌ഘോഷിച്ചെങ്കിലും പദ്ധതികളില്‍ മുക്കാല്‍ പങ്കിന്റെയും ഗുണഭോക്താക്കള്‍ വന്‍കിട കോര്‍പറേറ്റുകളാണ്. ചില നേട്ടങ്ങള്‍ പറയാമെങ്കിലും സാമ്പത്തിക നയങ്ങളുള്‍പ്പെടെ മുന്‍ യു പി എ സര്‍ക്കാറിന്റെ നയങ്ങള്‍ ഒരു മാറ്റവും കൂടാതെ അപ്പാടെ പിന്തുടരുന്ന സമീപനം വിജയകരമായി ഊക്കോടെ നടപ്പാക്കുകയാണ് ഈ സര്‍ക്കാറിന്റെയും ലക്ഷ്യമെന്ന് വരുത്തുന്നതായിരുന്നു പ്രവൃത്തികളത്രയും. പ്രതിപക്ഷത്തിരുന്ന ഘട്ടങ്ങളില്‍ എതിര്‍ത്ത എല്ലാ പദ്ധതികളും ഭരണപക്ഷത്തായപ്പോള്‍ സ്വയം ചെയ്തുകാണിക്കുന്ന രീതിയുടെ അവലംബം. സാധാരണക്കാരെ കൈയൊഴിഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുന്നതില്‍ മുന്‍ സര്‍ക്കാര്‍ അനുവര്‍ത്തിച്ച നയങ്ങളോട് മത്സരിച്ചായിരുന്നു ഈ സര്‍ക്കാറിന്റെ പല പദ്ധതികളുടെയും കരുനീക്കം. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വന്‍തോതില്‍ വിദേശ മുതല്‍മുടക്കിന് വാതില്‍ മലര്‍ക്കെ തുറന്നിട്ടു. മാധ്യമ രംഗത്തും പ്രതിരോധ മേഖലയില്‍ പോലും വിദേശ മുതലിറക്കിന് കടിഞ്ഞാണില്ലാതാക്കി. സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചായിരുന്നു അധികാരത്തിലേറിയ സര്‍ക്കാറിന്റെ ആദ്യ പ്രഹരം. യു പി എ സര്‍ക്കാറിന്റെ കാലത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയത് പുനഃപരിശോധനക്ക് വിധേയമാക്കാന്‍ നോക്കാതെ വന്‍ കോര്‍പറേറ്റുകളെ സഹായിക്കാനുള്ള നീക്കം ശക്തിയുക്തം തുടരുമെന്ന് തെളിയിക്കുകയായിരുന്നു അധികാരത്തിലേറിയ മോദി സര്‍ക്കാര്‍. വില വര്‍ധന തടയാന്‍ ബദല്‍ സംവിധാനം ആവിഷ്‌കരിക്കാന്‍ പോലും വിമുഖത കാണിച്ചു എന്നത്, സാധാരണ ജനങ്ങളോടുള്ള ബാധ്യതയില്‍ നിന്ന് വിട്ടുനിന്ന് സഞ്ചരിക്കാനുള്ള വ്യഗ്രതയല്ലേ കാണിക്കുന്നത്?
മതനിരപേക്ഷതക്ക് നിരക്കാത്ത പല പ്രസ്താവനകളും നീക്കങ്ങളും ഭരണ കക്ഷിയിലെ മന്ത്രിമാരുള്‍പ്പെടെയുള്ളവരില്‍ നിന്നു പോലും ഉണ്ടായി. വര്‍ഗീയതക്ക് പ്രോത്സാഹനം നല്‍കുന്ന പല സമീപനങ്ങളും ഈ സര്‍ക്കാറിന്റെ കാലത്തുണ്ടാകുന്നെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കുന്നുണ്ട്. വിവാദപരമായ പല പരാമര്‍ശങ്ങളും ഈയടുത്ത കാലത്തുണ്ടായി. ഏറെ വിവാദമായ, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്ന പരാമര്‍ശം നടത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന ജീതേന്ദ്ര സിംഗാണ്. കൂടാതെ മുസ്‌ലിംകള്‍ ന്യൂനപക്ഷമല്ല എന്നും ഇന്ത്യക്കാര്‍ ഹിന്ദുക്കളാണെന്നും ഉള്ള അനാവശ്യമായ പരാമര്‍ശം നടത്തിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി തന്നെ വിവാദം വിളിച്ചുവരുത്തി. ഗുജറാത്ത് വംശഹത്യയില്‍ കുറ്റാരോപിതരായ പലരും സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു എന്നത് സര്‍ക്കാറിന്റെ ചില നല്ല പ്രവൃത്തികള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്ന കാര്യം തന്നെ. ഈ സര്‍ക്കാറില്‍പ്പെട്ട 14 മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമുണ്ടെന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലുളവാക്കുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് പിന്തിരിപ്പന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതും പാഠപുസ്തകങ്ങള്‍ ഹിന്ദുത്വ അജന്‍ഡക്ക് അനുസരിച്ച് പരിഷ്‌കരിക്കുന്നതും രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കും. സിലബസ് പരിഷ്‌കരണ കമ്മിറ്റിയില്‍ വിദ്യാഭാരതിയുടെ തലവനായ ദീനനാഥ് ബത്രയുടെ ആരോഹണം ഇതിന്റെ ഭാഗമാണെന്നല്ലേ കരുതാനൊക്കൂ. ഇത്തരം നീക്കങ്ങളില്‍ നിന്നും വ്യതിചലിക്കേണ്ടത് നിലനില്‍പ്പ് പ്രതീക്ഷിക്കുന്ന സര്‍ക്കാറിന്റെ അനിവാര്യമായ ഘടകമാണ്.
ആയുധ ഇടപാടിലൂടെയും ആണവക്കരാറിലൂടെയും മറ്റും അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ മോടി കൂട്ടുമ്പോഴും സ്വരാജ്യത്തെ സാധാരണക്കാരെക്കൂടി ഉള്‍പ്പെടുത്തി, അവര്‍ക്കു കൂടി പ്രയോജനം ലഭിക്കുന്ന വികസന പ്രവര്‍ത്തനം കാഴ്ചവെക്കേണ്ട കാര്യത്തിലും സര്‍ക്കാര്‍ ബദ്ധശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അല്ലാതെ വന്നാല്‍, മുന്‍ സര്‍ക്കാറിന്റെ മോടി മോശമായതു പോലുള്ള അവസ്ഥ ഈ സര്‍ക്കാറിന് അന്യമല്ലാതാകും. അതിന്റെ സൂചനയെന്നോളം ബീഹാറിലും മറ്റും നടന്ന ഉപ തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷമായതാണ്.
ഏതൊരു സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴും രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന വളരെ സാധാരണക്കാരായ ആളുകള്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, അതിനെല്ലാം കടകവിരുദ്ധമായി സബ്‌സിഡി ഉള്‍പ്പെടെയുള്ളവ വെട്ടിക്കുറക്കാനുള്ള പദ്ധതികളുമായാണ് സര്‍ക്കാറിന്റെ സഞ്ചാരമെന്നത് മുന്‍ യു പി എ സര്‍ക്കാറിനെ അനുസ്മരിപ്പിക്കുന്നതാണ്. ജനക്ഷേമ പദ്ധതികളില്‍ നിന്ന് പിന്നോട്ട് സഞ്ചരിക്കുന്നതും മുന്‍ സര്‍ക്കാറിന്റെ തന്ത്രങ്ങള്‍ പിന്തുടരാനുള്ള വെമ്പലാ ണ് സൂചിപ്പിക്കുന്നത്.
യു പി എയുടെ ജനവിരുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട പല പദ്ധതികളും നയങ്ങളും മാറ്റുന്നതിന്റെ മുന്നറിയിപ്പൊന്നും നൂറ് ദിവസം പിന്നിട്ടിട്ടും ഇതുവരെ ദൃശ്യമായിട്ടില്ല എന്നത് മാറിവന്ന സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് വക നല്‍കുന്നതാണ്. തുടക്കത്തില്‍ പറഞ്ഞ പോലെ, സാധാരണ ജനങ്ങള്‍ക്കിടയില്‍ ഭരണകൂടത്തിലുള്ള വിശ്വാസം നശിച്ചാല്‍ ഒരു ഭരണകൂടം തന്നെ തരിപ്പണമാകുമെന്നതില്‍ സംശയിക്കേണ്ടതില്ല. അത് നാം ദര്‍ശിച്ചതാണ്. മുന്‍കാല അനുഭവം അതാണ് തെളിയിക്കുന്നത്. ജനദ്രോഹ നടപടിയില്‍ മത്സരിച്ച സര്‍ക്കാര്‍ മൂക്ക് കുത്തി വീണ അനുഭവമായിരുന്നു യു പി എക്കുണ്ടായത്. ഭക്ഷണത്തേക്കാള്‍ പ്രധാനം തന്നെയാണ് ജനങ്ങള്‍ക്കിടയിലെ വിശ്വാസം. ഇത് എത്രത്തോളം ഉള്‍ക്കൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു നീക്കും എന്നതാണ് രാജ്യത്ത് ഭരണമേറുന്ന ഏതൊരു സര്‍ക്കാറിനേയും നിലനിര്‍ത്തുന്ന ഘടകം. മറിച്ചായാല്‍ തനിയാവര്‍ത്തനത്തിന് എളുപ്പമുണ്ടാകും.