ഷാര്‍ജയില്‍ ഇന്ത്യ- പാക് ചിത്ര പ്രദര്‍ശനം നാളെ മുതല്‍

Posted on: September 9, 2014 9:27 pm | Last updated: September 9, 2014 at 9:27 pm
SHARE

ഷാര്‍ജ: 19-ാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും നിര്‍മിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നാളെ (ബുധന്‍) ഷാര്‍ജയില്‍ ആരംഭിക്കും. ഷാര്‍ജ മ്യൂസിയംസ് ഡിപാര്‍ട്‌മെന്റാണ് നവംബര്‍ 20 വരെ നീളുന്ന ചിത്ര പ്രദര്‍ശനത്തിന് വേദിയൊരുക്കുന്നത്. ട്രാജെക്ടറീസ് എന്ന പേരിലാണ് പ്രദര്‍ശനം. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരമാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാ കര്‍തൃത്വത്തിലാണ് നടക്കുക.
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പ്രമുഖ ചിത്രകാരന്മാരുടെ 150 പ്രിന്റ് ചെയ്ത കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിലുണ്ടാവുക. മിഡില്‍ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യ പ്രദര്‍ശനമാണിത്.
19-ാം നൂറ്റാണ്ടിലെ ‘ബസാര്‍’ സ്‌കൂള്‍ ചിത്രത്തോടെയാണ് പ്രദര്‍ശനം ആരംഭിക്കുക, ബ്രിട്ടീഷ് അധിനിവേശത്തിന്റെ സ്വാധീനത്തിലൂടെ കടന്നുപോയ ഇരു രാജ്യങ്ങളുടെയും സൗന്ദര്യം വിശദമാക്കുന്നവയാവും ചിത്രങ്ങള്‍. വിഭജന കാലത്തിന്റെ ദുരിത യാഥാര്‍ഥ്യങ്ങളെ കൊത്തിയിട്ട ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടാവും.
കൊല്‍ക്കത്തയില്‍ നിന്നുള്ള ഡോ. പോള സെന്‍ ഗുപ്ത, കറാച്ചിയില്‍ നിന്ന് കാമലിയ ഹാദി ചൗധരി എന്നിവര്‍ അതിഥികളായെത്തും. പ്രദര്‍ശനത്തോടൊപ്പം നിരവധി പഠന പരിപടികളും വിനോദ യാത്രകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. വിവരങ്ങള്‍ക്ക്: 06-5688222.