Connect with us

Gulf

ദുബൈ മെട്രോ; പ്രവര്‍ത്തന മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍

Published

|

Last Updated

ദുബൈ: ഗരത്തിന്റെ അഭിമാനമായ ദുബൈ മെട്രോ ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഉദിച്ച ആശയമായിരുന്നു ഒരു മെട്രോ ലൈന്‍. ദുബൈയെ ലോകത്തിലെ മികച്ച നഗരങ്ങളുടെ നെറുകയില്‍ എത്തിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ശൈഖ് മുഹമ്മദിന്റെ നേട്ടങ്ങളുടെ പട്ടികയിലെ നാഴികകല്ല് കൂടിയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനായ ദുബൈ മെട്രോ.
ഡ്രൈവറില്ലാതെ ഓടുന്ന ദുബൈ മെട്രോ അഞ്ചു വര്‍ഷത്തിനിടയില്‍ സംഭവിച്ച തകരാറുകള്‍ അപൂര്‍വമായിരുന്നു. തികച്ചും ആധുനിക സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിയാണ് മെട്രോ പ്രയാണം തുടരുന്നത്. ദുബൈയെ ലോകത്തിലെ മികച്ച മെട്രോ നഗരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തുന്നതിനും പദ്ധതി സഹായകരമായിട്ടുണ്ടെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ പ്രമുഖ സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായി നഗരത്തെ മാറ്റിയെടുക്കുന്നതിലും മെട്രോ വലിയ പങ്കാണ് വഹിച്ചെന്നും അല്‍ തായര്‍ വ്യക്തമാക്കി.
ഭൂമിയെ മൂന്നുവെട്ടം വലംവെക്കാവുന്നതിലും അധികം ദൂരമാണ് ദുബൈ മെട്രോ ഇതുവരെ സഞ്ചരിച്ചതെന്ന് ആര്‍ ടി എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 74.6 കിലോമീറ്ററാണ് ദുബൈ മെട്രോയുടെ ആകെ നീളം. ചുവപ്പ്, പച്ച എന്നീ രണ്ടു ലൈനുകളാണ് നിലവിലുള്ളത്. റാശിദിയയില്‍ നിന്ന് ആരംഭിച്ച് ജബല്‍ അലിയില്‍ അവസാനിക്കുന്ന ചുവപ്പ് പാതക്ക് 52.1 കിലോ മീറ്ററും ഇത്തിസലാത്തില്‍ ആരംഭിച്ച് ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ അവസാനിക്കുന്ന പച്ചപാതക്ക് 22.5 കിലോമീറ്ററുമാണ് ദൈര്‍ഘ്യം.
ദിനേന അഞ്ചുലക്ഷം പേരാണ് ദുബൈ മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഇതുവരെ 47 കോടിയോളം ജനങ്ങള്‍ മെട്രോയില്‍ യാത്ര ചെയ്‌തെന്നാണ് ആര്‍ ടി എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചുവപ്പ് പാതയില്‍ 8,88,86,539 പേരും പച്ച പാതയില്‍ 4,88,72,719 പേരുമാണ് യാത്ര ചെയ്തത്.
വേള്‍ഡ് എക്‌സ്‌പോ 2020ന്റെ ഭാഗമായി മെട്രോ വികസനം നടപ്പാക്കിയേക്കുമെന്ന സൂചനയും ഇപ്പോള്‍സജീവമായുണ്ട്. നിലവിലെ മെട്രോ പാതകളായ ചുവപ്പും പച്ചയും വികസിപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ട് പാതകളും വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ ടി എ മുമ്പ് തന്നെ ആവശ്യമായ റിപോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
വേള്‍ഡ് എക്‌സ്‌പോ 2020ന്റെ മുന്നോടിയായി എമിറേറ്റില്‍ നടക്കുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെട്രോ വികസനവും നടന്നേക്കുമെന്നാണ് ആര്‍ ടി എ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
നാലു പുതിയ പാതകളെക്കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. നീലപ്പാത, സുവര്‍ണ പാത, പര്‍പ്പിള്‍ പാത, പിങ്ക് പാത എന്നിവയാണിത്. എമിറേറ്റിന്റെ തെക്കു നിന്നു വടക്കോട്ടാണ് പര്‍പ്പിള്‍ പാതയുടെ ദിശ. ഇതിനെ പരമാവധി മറ്റ് മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. വിമാനത്താവളങ്ങള്‍ക്കിടയിലെ പാത എന്നതിലുപരി എക്‌സ്‌പോ 2020 സെന്ററുമായും ബന്ധിപ്പിച്ചേക്കും.
2009 സെപ്തംബര്‍ ഒമ്പതിനായിരുന്നു മെട്രോ ഓടി തുടങ്ങിയത്. 2010ല്‍ 3,88,87,718 യാത്രക്കാരായിരുന്നു മെട്രോയില്‍ സഞ്ചരിച്ചത്. 2011ല്‍ ഇത് 6,00,24,794 ആയി ഉയര്‍ന്നു. 2013ല്‍ യാത്രക്കാരുടെ എണ്ണം 8,88,86,539 ആയി.
എക്‌സ്‌പോയുമായി മൂന്നോട്ടു പോകുന്ന ദുബൈയെ സംബന്ധിച്ചിടത്തോളം മെട്രോയില്‍ യാത്രക്കാരുടെ പുതിയ റെക്കാര്‍ഡുകളാവും ഓരോ വര്‍ഷവും പിറക്കുക.

---- facebook comment plugin here -----

Latest