കനോലി കനാലിന് സമാന്തരമായ അലൈന്‍മെന്റ് ഉപേക്ഷിച്ചേക്കും

Posted on: September 9, 2014 12:29 am | Last updated: September 9, 2014 at 12:29 am
SHARE

ഗുരുവായൂര്‍: ഗുരുവായൂരില്‍ നിന്ന് വടക്കോട്ട് റെയില്‍വേ പാതയ്ക്കായി റെയില്‍വേ നിശ്ചയിച്ച കനോലി കനാലിന് സമാന്തരമായ നിര്‍ദിഷ്ട റെയില്‍വേ പാത പദ്ധതി ഉപേക്ഷിച്ചേക്കും. ഈ പാത വാണിജ്യ നഗരമായ കുന്നംകുളത്തുകൂടെയല്ലാത്തതിനാലാണ് ഉപേക്ഷിക്കാന്‍ നീക്കം നടക്കുന്നത്.
പകരം കുന്നംകുളത്തുകൂടി പോകുന്ന ഗുരുവായൂര്‍-തിരുനാവായ പദ്ധതിക്കായിരിക്കുമത്രെ റെയില്‍വേ മുന്തിയ പരിഗണന നല്‍കുക. വാണിജ്യ മേഖലയില്‍ നിന്നും ഇതിനായി ശക്തമായ സമ്മര്‍ദ്ദമുണ്ടത്രെ. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റെയില്‍വേ അധികൃതരുടെ യോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ദക്ഷിണ റെയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (കണ്‍സ്ട്രക്ഷന്‍സ്) ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗമായിരുന്നു ഇത്. കോസ്റ്റല്‍ റെയില്‍വേ ഡവലപ്‌മെന്റ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ ജി സുകുമാരന്‍ മാസ്റ്ററും ക്ഷണ പ്രകാരം യോഗത്തില്‍ പങ്കെടുത്തിരുന്നു. ഏത് അലൈന്‍മെന്റിലൂടെയായാലും വടക്കോട്ടുള്ള പാത യാഥാര്‍ഥ്യമാകണമെന്ന നിലപാടിലായിരുന്നു യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും.
കനോലികനാലിന് സമാന്തരമായ അലൈന്‍മെന്റില്‍ ഗുരുവായൂര്‍ വിട്ടാല്‍ പൊന്നാനി സ്‌റ്റേഷനാണ് പുതിയ സ്‌റ്റേഷനായി വരുന്നതെങ്കില്‍ റെയില്‍വെയുടെ ആലോചനയിലുള്ള പുതിയ അലൈന്‍മെന്റില്‍ പൊന്നാനിക്കു പുറമെ കുന്നംകുളവും പുതിയ സ്‌റ്റേഷനായി വരുന്ന പദ്ധതിയാണ്.