Connect with us

Palakkad

ചരിത്രസ്മരണകളുമായി ഓണത്തല്ല്

Published

|

Last Updated

പല്ലശ്ശന: ചരിത്ര സ്മരണകളുമായി ഓണത്തല്ലിനു തല്ലു മന്ദവും വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രവും ഒരുങ്ങി. ഇന്ന് തിരുവോണം നാളില്‍ തല്ലുമന്ദത്തില്‍ വിവിധ സമുദായക്കാരുടെയും എട്ടിനു അവിട്ടം നാളില്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നായര്‍ സമുദായത്തിന്റെയും ഓണത്തല്ലു നടക്കും.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഓണത്തല്ലിനു അടര്‍ക്കളത്തിലെ വീര പോരാട്ടങ്ങളുടെ ഐതിഹ്യ പെരുമയാണു പറയാനുള്ളത്. കോഴിക്കോട് സാമൂതിരിയുടെ സമാന്തന്മാരായിരുന്ന പല്ലശ്ശന കുറൂര്‍ നമ്പിടിയെ യുദ്ധത്തില്‍ കുതിരവെട്ടത്തു നായര്‍ ചതിച്ചു കൊന്നതറിഞ്ഞ പല്ലശ്ശന ദേശവാസികള്‍ ശത്രുവിനെ പോര്‍വിളിച്ചതിന്റെ ഓര്‍മ പുതുക്കുന്നതിനായാണു പുതിയ തലമുറ ഓണത്തല്ലു നടത്തുന്നതെന്നാണു ഐതിഹ്യം.
തിരുവോണത്തിനും അവിട്ടത്തിനുമായാണു പ്രധാന തല്ലുകള്‍ നടക്കുന്നത്. തല്ലുമന്ദത്തില്‍ തിരുവോണത്തിനു വിവിധ സമുദായക്കാരുടെയും അവിട്ടത്തിനു വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നായര്‍ സമുദായത്തിന്റെയുമാണു പോര്‍വിളിച്ചു തല്ലു നടക്കുക.
വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ കുട്ടികളുടെ ഓണത്തല്ല് തിരുവോണത്തിനാണ്. ഒരേ പ്രായത്തിലുള്ളവരാണു തല്ലിനു അണി നിരക്കുന്നത്. കാരണവന്മാര്‍ തല്ലുകൊള്ളുന്ന ആളിന്റെ ഇരു കൈകളും ഉയര്‍ത്തി പിടിച്ചതിനു ശേഷമാണു മുതുകത്തു തല്ലുക. തിരുവോണത്തിനു ഏഴുകുടി സമുദായക്കാര്‍ കളരിയില്‍ നിന്നും ഒരു കുടിക്കാര്‍ തല്ലുമന്ദം ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ തല്ലിനായി ദേശവാസികള്‍ അണി നിരന്നു വരുക.
മൂന്നു മണി മുതല്‍ ആറുവരെ നടക്കുന്ന തല്ലിനു ആര്‍പ്പു വിളിയോടെ സമാപനമാവും. അവിട്ടത്തിനു നായര്‍ സമുദായത്തിന്റെ ഓണത്തല്ലു വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നടക്കും. കിഴക്കുമുറിക്കാര്‍ ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തു കൂടിയും പടിഞ്ഞാറു മുറിക്കാര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുകൂടിയുമാണു പ്രവേശിക്കുക. തുടര്‍ന്ന് വിധിപ്രകാരം മൂന്നു തവണ നിരയോട്ടം നടക്കും. ദേശത്തിലെ പുരുഷന്മാര്‍ ഭസ്മക്കുറിയണിഞ്ഞു പോര്‍വിളിയും ആര്‍പ്പുവിളിയുമായി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിനു മുന്നില്‍ നായര്‍ സമുദായത്തിന്റെ ഓണത്തല്ലില്‍ പങ്കാളികളാവും.