ഐസ് പ്ലാന്റില്‍ നിന്ന് അമോണിയം ചോര്‍ന്ന് മൂന്ന് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Posted on: September 7, 2014 11:22 am | Last updated: September 7, 2014 at 11:22 am
SHARE

ice-plant-പൊന്നാനി: ഐസ് പ്ലാന്റില്‍ നിന്ന് അമോണിയം ചോര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തുളള വീടുകളിലെ സ്ത്രീകളടക്കമുളളവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി.
പൊന്നാനി കോടതിക്ക് സമീപത്തെ ശക്തി ഐസ് പ്ലാന്റില്‍ ഇന്നലെ പകല്‍ മൂന്നു മണിക്കാണ് സംഭവം. കോടതിപ്പടി കോലാജിയാരകത്ത് ഉസ്മാന്റെ മക്കളായ സിനാനി (6), ഫാത്തിമ (12), അബ്ദുള്‍ഖാദര്‍ (11), കദീജ (6) എന്നിവരെയാണ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസ്സവും ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലാക്കിയത്. ഇത് രണ്ടാം തവണയാണ് അമോണിയം ഇവിടെ ചോരുന്നത്. ഒരു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് എട്ട് കുട്ടികള്‍ ആശുപത്രിയിലായിരുന്നു. അനുമതിയില്ലാത്ത ഈ പ്ലാന്റ് പിന്നീട് പ്രവര്‍ത്തിച്ചിട്ടില്ല.ഹൈക്കോടതിയില്‍ നാട്ടുകാരും പ്ലാന്റ് അധികൃതരും തമ്മിലുളള കേസ് നടക്കുകയാണ്.
പ്ലാന്റിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പ്രവേശിക്കുന്നതിനും പൊന്നാനി കോടതിയില്‍ നിന്ന് ഇപ്പോള്‍ ഉടമക്ക് അനുമതി നല്‍കിയെന്നും അതിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ബാക്കിയുള്ള അമോണിയം ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്ലാന്റിലെ തൊഴിലാളികള്‍ പറയുന്നത്. പ്ലാന്റിലേക്കുളള അമോണിയ സിലിന്‍ഡറില്‍ നിന്ന് സേഫ്രി വാള്‍വ് ലീക്കായതിനെ തുടര്‍ന്നാണ് അന്ന് അമോണിയം ചോരാന്‍ കാരണമായത്. മുമ്പ് വെളിച്ചെണ്ണ മില്ലായിരുന്ന ഈ കെട്ടിടം പ്രവര്‍ത്തനാനുമതി ഇല്ലാതെ ഐസ് പ്ലാന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പൊന്നാനി എ എസ് ഐ ഹരിദാസ്,സിവില്‍ പൊലീസ് ഓഫീസര്‍ നൗഷാദ് എന്നിവരെത്തി പ്ലാന്റില്‍ പരിശോധന നടത്തി.