Connect with us

Editorial

ജാതിവ്യവസ്ഥയുടെ ബലിയാടുകള്‍

Published

|

Last Updated

ജാതീയതയും വര്‍ണവിവേചനവും അവസാനിപ്പിക്കാന്‍ രാജ്യത്ത് ശ്രമങ്ങള്‍ ഏറെ നടന്നിട്ടുണ്ടെങ്കിലും, പലരുടെയും മനസ്സുകളില്‍ ഇന്നും ഇത്തരം നികൃഷ്ട ചിന്തകള്‍ രൂഢമുലമാണെന്നാണ് തമിഴ് നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ തിരുത്തിങ്ങല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവം ബോധ്യപ്പെടുത്തുന്നത്. വാച്ച് കെട്ടി വന്നതിന് സ്‌കൂളിലെ ദളിത് വിദ്യാര്‍ഥി രമേശിന്റെ കൈപ്പത്തി സവര്‍ണ വിദ്യാര്‍ഥികള്‍ വെട്ടിമുറിക്കുകയുണ്ടായി. താഴ്ന്ന ജാതിക്കാര്‍ വാച്ച് കെട്ടുകയോ ചെരുപ്പ് ധരിക്കുകയോ അരുതെന്നും അതൊക്കെ തങ്ങളുടെ മാത്രം അവകാശമാണെന്നുമാണത്രെ സ്‌കൂളിലുള്ള സവര്‍ണ വിദ്യാര്‍ഥികളുടെ ചിന്താഗതി. തങ്ങളുടെ സാമൂഹിക പരിസരങ്ങളില്‍ നിലനിന്നു വരുന്ന വര്‍ണ വ്യവസ്ഥ അങ്ങനെയാണവരെ പഠിപ്പിച്ചത്. ചെരിപ്പിട്ട് വന്നതിന്റെ പേരില്‍ ദളിത് വിദ്യാര്‍ഥികള്‍ പലപ്പോഴും ഈ സ്ഥാപനത്തില്‍ പീഡനത്തിനും മര്‍ദനത്തിനും വിധേയരായിട്ടുണ്ട്.
അയിത്തവും തൊട്ടുകൂടായ്മയും ഉന്മൂലനം ചെയ്തുവെന്നവകാശപ്പെടുന്ന സാംസ്‌കാരിക കേരളത്തിലുള്‍പ്പെടെ രാജ്യത്തെങ്ങും നടക്കുന്നുണ്ട് ദളിതര്‍ക്കെതിരായ അക്രമങ്ങളും വിവേചനവും. കാഞ്ഞങ്ങാട്ടെ ഒരു മലയോര പ്രദേശത്തെ അങ്കണ്‍വാടിയില്‍ കഴിഞ്ഞ വര്‍ഷം അയിത്തം കല്‍പ്പിച്ച് ആദിവാസി കുട്ടികള്‍ക്ക് ഓണ സദ്യ നിഷേധിച്ചത് വിവാദമായതാണ്. വടക്കന്‍ കേരളത്തിലെയും പാലക്കാട്ടെയും പല ക്ഷേത്രങ്ങളിലും ഇന്നും താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ല. അവര്‍ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനപ്പുറത്ത്് നിന്ന് തൊഴുതു തിരിച്ചു പോകണം. ചില ക്ഷേത്രങ്ങളില്‍ പ്രസാദം ബ്രാഹ്മണര്‍ക്ക് കൈയില്‍ നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് തറയില്‍ വെച്ചു കൊടുക്കുകയാണ് പതിവ്. അബ്രാമണരുടെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ അശുദ്ധി വരുമത്രെ.
ദളിതുകള്‍ക്കും അല്ലാത്തവര്‍ക്കും രണ്ട് തരം ഗ്ലാസുകള്‍ ഉപയോഗിക്കുന്ന ചായക്കടകളും ദളിതുകള്‍ക്ക് പ്രവേശനമില്ലാത്ത ബാര്‍ബര്‍ ഷാപ്പുകളും പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ധാരാളമുണ്ട്. ചായക്കടയില്‍ പണ്ട് കീഴാളന് ചിരട്ടയിലായിരുന്നു ചായ നല്‍കിയിരുന്നത.് പ്രതിഷേധത്തെ തുടര്‍ന്ന് ചില്ലുഗ്ലാസുകളില്‍ നല്‍കിത്തുടങ്ങിയെങ്കിലും അവര്‍ണന്റെ ഗ്ലാസുകള്‍ സവര്‍ണന്റെതിനു സമീപത്തൊന്നും വെക്കില്ല. ദളിത് വീടുകളിലെ വിവാഹത്തില്‍ പങ്കെടുക്കാനും അവരുടെ വീടുകളില്‍ നിന്ന് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാനും വിമുഖത കാണിക്കുന്ന അഭ്യസ്തവിദ്യര്‍ പോലുമുണ്ട് സമൂഹത്തിലെമ്പാടും. പട്ടിക വിഭാഗക്കാരനായ രജിസ്‌ട്രേഷന്‍ ഐ ജി . എ കെ രാമകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ പകരം വന്നവര്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ഓഫീസ് മുറിയും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചത് സാംസ്‌കാരിക കേരളത്തിന്റെ തലസ്ഥാന നഗരിയിലായിരുന്നുവല്ലോ. തദ്ദേശ സ്ഥാപനങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറിയ ചില ഭരണാധികാരികളും നടത്തിയിരുന്നു ചാണക വെള്ളം തളിച്ചുള്ള ശുദ്ധീകരണം.
ജാതിനിയമത്തിലും വ്യവസ്ഥിതിയിലും അടിമതുല്യമാണ് ദളിതരുടെ ജീവിതം. രാജ്യം വെള്ളക്കാരില്‍ നിന്ന് മോചിതമായെങ്കിലും ജാതീയതയുടെ ബന്ധനങ്ങളില്‍ നിന്ന് വിമുക്തമായിട്ടില്ല. ജനാധിപത്യ വ്യവസ്ഥിതി നിലവില്‍ വന്ന് ആറ് പതിറ്റാണ്ട് കടന്നു പോയിട്ടും ദളിതരുടെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ജനാധിപത്യ ഭരണകൂടങ്ങളും ബ്യൂറോക്രസിയും തന്നെ ഇത്തരം ചിന്തകള്‍ക്കടിപ്പെടുമ്പോള്‍ നിയമങ്ങള്‍ നോക്കുകുത്തിയായില്ലെങ്കിലല്ലേ അത്ഭുതം! ജാതീയതയും വര്‍ണവിവേചനവും തുടച്ചു നീക്കാന്‍ സാമൂഹിക തലത്തിലും ഭരണ തലത്തിലും ശക്തമായ നടപടികളുണ്ടാകേണ്ടതുണ്ട്. ഈ മാരകവിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം. അതിന് പകരം ജാതീയതയെ മഹത്വവത്കരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് പല കോണുകളിലും നടക്കുന്നത്. ജാതീയത ഇന്ത്യയുടെ സവിശേഷമായ ആചാരമാണെന്നും അതിനെ ആക്ഷേപിക്കുന്നത് അപഹാസ്യമാണെന്നും സിദ്ധാന്തിച്ച ഗോള്‍വാള്‍ക്കറുടെ വിചാരധാരകളെ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു വിഭാഗം കച്ചകെട്ടിയിറങ്ങുമ്പോള്‍ എങ്ങനെയാണ് ഈ വിപത്തിനെ ഇല്ലാതാക്കാന്‍ കഴിയുക? ചാതുര്‍വര്‍ണ്യത്തിന്റെ ഭൂതകാലത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണല്ലോ ഇപ്പോള്‍ ഭരണ തലത്തില്‍ തന്നെ നടക്കുന്നത്. ഇതിന്റെ ഭാഗമായി വേദങ്ങളെയും പുരാണങ്ങളെയും ആധാരമാക്കി ഇന്ത്യന്‍ ചരിത്രത്തെ തിരുത്തിയെഴുതാനുള്ള തത്രപ്പാടിലാണ് മോദി ഭരണകൂടം. ജാതീയതയും വര്‍ഗീയതയും ഇല്ലാതാക്കാനും വെറുപ്പിന്റെ ബീജങ്ങള്‍ ഉന്മൂലനം ചെയ്യാനും സഹായകമാകേണ്ട വേദങ്ങളും പുരാണങ്ങളും അതിന്റെ പുന:സ്ഥാപനത്തിനായി ദുരുപയോഗം ചെയ്യുന്ന വിരോധാഭാസത്തിനെതിരെ രാജ്യത്തിന്റെ സാമൂഹിക മണ്ഡലം ശക്തമായി പ്രതികരിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

---- facebook comment plugin here -----

Latest