ഇ-ഡിസ്ട്രിക്റ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: September 4, 2014 12:27 am | Last updated: September 3, 2014 at 9:28 pm
SHARE

പാലക്കാട്: ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ ജില്ലാതലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വില്ലേജ് ഓഫീസര്‍മാരെ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. രാമചന്ദ്രന്‍ അനുമോദിച്ചു. സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ജൂലൈയില്‍ ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ക്കൂടി നല്‍കിയ സാക്ഷ്യപത്രങ്ങളുടെ എണ്ണവും, അത് വേഗത്തില്‍ നല്‍കിയതിലൂടെയുള്ള ഗുണവും, ജനങ്ങളിള്‍ ഇ-ഡിസ്ട്രിക്റ്റിന്റെ സ്വീകാര്യതയും മാനദണ്ഡമാക്കിയാണ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെ തിരഞ്ഞെടുത്തതെന്ന് ജില്ലാ ഐടി സെല്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ എല്ലാ ആര്‍ത്ഥത്തിലും,വേഗത്തിലും ജനങ്ങള്‍ക്ക് മുന്നിലെത്തിയ്ക്കുന്നതിന് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. മാറുന്ന ലോകത്ത് കാലാനുസൃതമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ പൂര്‍ണ്ണഫലം സിദ്ധിയ്ക്കൂവെന്നും എല്ലാവരും മാറ്റത്തിന്റെ ഇടനിലക്കാരനായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ നാളിതുവരെ ഇ-ഡിസ്ട്രിക്റ്റില്‍ക്കൂടി നടത്തിയപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും, പദ്ധതിയുടെ ഘടനാപരത വിഷമതകള്‍ ഉടനടി പരിഹരിക്കുമെന്നും എ ഡി എം കെ. ഗണേശന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. വിശ്വനാഥന്‍ എന്നിവര്‍ അറിയിച്ചു.
ആലത്തൂര്‍ വില്ലേജ് ഓഫീസറായ പി എന്‍ ശശികുമാര്‍ , ആനക്കര വില്ലേജ് ഓഫീസറായ പി വൈ സാബ്ജാന്‍ , പിരായിരി വില്ലേജ് ഓഫീസര്‍ ഇന്‍-ചാര്‍ജ് ആയ എം എസ് സുഭാഷ് , വണ്ടാഴി-2 വില്ലേജ് ഓഫീസറായ ഉഷ എന്നിവര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടറില്‍നിന്നും ഏറ്റുവാങ്ങി.