ഒരു ദിവസം നാമെത്ര കീടനാശിനി കുടിക്കുന്നുണ്ട്?

Posted on: September 2, 2014 6:00 am | Last updated: September 1, 2014 at 9:20 pm

keedanashiniഅടുത്തിടെ പുറത്തിറങ്ങിയ സിനിമയില്‍ ഒരു രംഗമുണ്ട്. രണ്ടായിരം പേര്‍ക്ക് സദ്യയൊരുക്കാനുള്ള പച്ചക്കറിയുടെ കുറിപ്പടിയുമായി നായികയായ വീട്ടമ്മ അപ്രതീക്ഷിതമായി ഒരു പച്ചക്കറി വിപണന കേന്ദ്രത്തിലെത്തിച്ചേരുന്നു. നല്ല പുതിയ പച്ചക്കറി വേണമെന്ന ഇവരുടെ ആവശ്യത്തെ അല്‍പ്പം പരിഹാസച്ചുവയോടെ ചിരിച്ചുതള്ളി, ഇവിടെ നല്ലതേയുള്ളൂവെന്ന് പറയുന്ന കച്ചവടക്കാരന്‍, കുമ്പളവും കാബേജും പയറും കാരറ്റും വെണ്ടയ്ക്കയുമെല്ലാം കേട് കൂടാതെയിരിക്കുന്നതെങ്ങനെയാണെന്ന് വീട്ടമ്മയെ ബോധ്യപ്പെടുത്തുന്നു.
പല തരം കീടനാശിനികളടുക്കിവെച്ച ഒരു മുറി. അവിടെ നിന്ന് അവയോരോന്നായെടുത്ത് പച്ചക്കറികളില്‍ തളിച്ചാണ് അവയുടെ ‘ഫ്രഷ്‌നസ്’ വീട്ടമ്മയെ ബോധ്യപ്പെടുത്തുന്നത്. ഇത് കണ്ട് അന്തംവിട്ട വീട്ടമ്മ, കൊടും വിഷം പുരണ്ട പച്ചക്കറിയെയും കടയുടമയെയും തള്ളിക്കളഞ്ഞ് കീടനാശിനിയില്ലാത്ത പച്ചക്കറിയുടെ ഉത്പാദനത്തിന് പിന്നീട് മുന്നിട്ടിറങ്ങുന്നു. വിഷരഹിത പച്ചക്കറി ഉത്പാദനം പ്രമേയമായ ഈ സിനിമയിലെ നായികയെ സാമൂഹിക ക്ഷേമ മന്ത്രി അടുത്ത ദിവസം തന്നെ ജൈവ പച്ചക്കറി കൃഷിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സിനിമയിലെ വീട്ടമ്മയെ മാതൃകയാക്കാനുള്ള പ്രചോദനം ബ്രാന്‍ഡ് അംബാസഡറിലൂടെ മലയാളി നേടുമെന്ന് കരുതിയാകണം ഒരു പക്ഷേ മന്ത്രി ഇങ്ങനെയൊരു നീക്കത്തിന് മുതിര്‍ന്നത്. കാരണം സിനിമയിലെ കഥാപാത്രങ്ങളെ ജീവിതത്തില്‍ വല്ലാതെ അനുകരിക്കുന്നവരാണല്ലോ ന്യൂ ജനറേഷന്‍. എന്നാല്‍, കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളി ഇനി സിനിമ കണ്ട് എന്തെങ്കിലും പഠിക്കുമെന്ന് കരുതിയ മന്ത്രിക്കാണ് തെറ്റ് പറ്റിയത്. മൂന്ന് പതിറ്റാണ്ട് മുമ്പ് കാസര്‍കോട് തളിച്ച എന്‍ഡോസള്‍ഫാന്‍, കാലും കൈയും തലയും വളരാത്ത ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങളെ ഓരോ മലയാളിക്ക് മുന്നിലുമെത്തിച്ചിട്ടും ആരും ഒന്നും പഠിച്ചില്ല. ഇനിയൊട്ട് പഠിക്കുകയുമില്ല. പിന്നെയാണ് ഒരു സിനിമകണ്ട് എന്തെങ്കിലും പഠിക്കാന്‍.
വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും അതിലൂടെ സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കാനുമുള്ള മുന്നറിയിപ്പ് കേരളീയര്‍ക്ക് കാസര്‍കോട്ടെ എന്‍മകജെ നേരത്തെ നല്‍കിയിരുന്നു. കഴിഞ്ഞു പോയ സര്‍ക്കാറുകളെല്ലാം കീടനാശിനിയില്ലാത്ത പച്ചക്കറി ഉത്പാദനം സ്വപ്‌ന പദ്ധതികളായി പ്രഖ്യാപിച്ചെങ്കിലും ഒന്നും എവിടെയും എത്തിയില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സജീവമായ കുടുംബശ്രീ മാത്രമാണ് അല്‍പ്പമെങ്കിലും ജൈവ പച്ചക്കറി ഉത്പാദനത്തിന് തുനിഞ്ഞിറങ്ങിയത്. പക്ഷേ മൂന്ന് കോടിയിലധികം ജനങ്ങളുള്ള കേരളത്തില്‍ കുടുംബശ്രീയുടെ പച്ചക്കറി ഉത്പാദനവും ‘ആനവായിലമ്പഴങ്ങ’ പോലെയായി.
മത്സ്യമാംസങ്ങളുടെ ഉപയോഗത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമായ കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെയെങ്കിലും കണക്കെടുത്താല്‍ മാംസോപയോക്താക്കളില്‍ ഒരു വലിയ പങ്കും സസ്യാഹാരികളുടെ കൂട്ടത്തിലേക്ക് ചേക്കേറിയതായി കാണാം. കൊളസ്റ്ററോളും ഹൃദ്രോഗവും പിന്നെ മരണവും കൂടിയതാണ് മാംസപ്രിയരുടെ എണ്ണം കുറച്ചതെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്ന വിവിധയിനം പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ജീവിതം കുറേക്കാലം കൂടി അലോസരമില്ലാതെ കഴിച്ചുകൂട്ടാമെന്ന് കരുതിയാണത്രെ ഇക്കൂട്ടര്‍ കാലുമാറിയത്. ചേമ്പും ചേനയും മത്തനും കുമ്പളവും താളും തവരയും ചക്കയും മാങ്ങയുമെല്ലാം പറമ്പില്‍ സമൃദ്ധമായുള്ള പഴയ കാലത്താണ് സസ്യാഹാരിയായുള്ള കാലുമാറ്റമെങ്കില്‍ അതിന് തക്ക ഗുണമുണ്ടാകുമായിരുന്നു. അക്കാലത്ത് വീട്ടുപറമ്പിലെ പച്ചക്കറി കഴിച്ചുവളര്‍ന്നവര്‍ തലയുയര്‍ത്തി ഇപ്പോഴും നമുക്ക് മുമ്പില്‍ നില്‍പ്പുണ്ട്. എന്നാല്‍ കാലവും കഥയും മാറി. കര്‍ണാടകത്തില്‍ നിന്നും തമിഴകത്തു നിന്നും കൊടും വിഷത്തില്‍ മുക്കിയെടുക്കുന്ന പച്ചക്കറി മാത്രം കഴിച്ച സസ്യാഹാരികളാണ് വേഗത്തില്‍ ഇപ്പോള്‍ മരണത്തിന് കീഴടങ്ങുന്നത്. ക്യാന്‍സര്‍പോലുള്ള ഗുരുതരമായ രോഗങ്ങള്‍ കേരളത്തിലോരോ വര്‍ഷവും കൊന്നൊടുക്കുന്നവരുടെ എണ്ണം കണക്കുകൂട്ടിയാല്‍ മാത്രം ബോധ്യമാകും നമ്മളകത്താക്കുന്ന വിഷത്തിന്റെ അളവ്.
എത്ര തന്നെ നിരോധമേര്‍പ്പെടുത്തിയാലും കേരളത്തില്‍ കീടനാശിനി തളിച്ച പച്ചക്കറികള്‍ എന്തുകൊണ്ടാണ് എത്തിക്കൊണ്ടേയിരിക്കുന്നതെന്നതിന് ഉത്തരം കണ്ടെത്താന്‍ അധികം ആലോചിക്കേണ്ടതില്ല. കേരളത്തിലെ ഉത്പാദന മേഖലയില്‍ ഇപ്പോഴും കാര്യമായൊന്നും ഉണ്ടാക്കിയെടുക്കാനാകുന്നില്ലെന്നതാണ് സത്യം. ഓരോ വര്‍ഷവും സമഗ്ര പച്ചക്കറി ഉത്പാദനത്തിന് കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഒരു പദ്ധതിയും കാര്യക്ഷമമാക്കാന്‍ കഴിയുന്നില്ല. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറി വിറ്റഴിക്കപ്പെടുന്നത് ഓണക്കാലത്താണ്. സാധാരണ ദിവസം ഇവിടെ ആവശ്യമുള്ളത് 25 ലക്ഷം ടണ്‍ പച്ചക്കറിയാണ്. ഏഴ് ലക്ഷം ടണ്‍ പച്ചക്കറി കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കിയുള്ളവ മുഴുവന്‍ എത്തുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഓണക്കാലത്ത് ഒരു ദിവസം 25 ലക്ഷം എന്നുള്ളത് രണ്ടോ മൂന്നോ നാലോ ഇരട്ടിയായി വര്‍ധിക്കുന്നു. ഉത്പാദനം ഏഴ് ലക്ഷം ടണ്ണില്‍ നിന്ന് ഏതു കാലത്തും കൂടാത്ത കേരളത്തില്‍ ആഗസ്ത്- സപ്തംബര്‍ മാസങ്ങളില്‍ വിറ്റഴിയുന്നത് നാല്‍പ്പതോ അമ്പതോ ലക്ഷം ടണ്‍ അന്യസംസ്ഥാന പച്ചക്കറികളാണ്. ഇതില്‍ നിന്ന് നഗ്നമായ ഒരു കാര്യം വ്യക്തമാകും. എത്ര വലിയ അളവിലുള്ള കീടനാശിനിയാണ് പച്ചക്കറിയുടെ പേരില്‍ മലയാളി ഓരോ ഓണക്കാലത്തും വയറ്റിലാക്കുന്നതെന്ന്. വിഷം കലര്‍ന്ന ഭക്ഷണം സമൂഹത്തിലേക്ക് എത്തുന്നത് തടയാനുള്ള ഏത് പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നതെന്ന് ചോദിച്ചാല്‍ അധികൃതര്‍ക്ക് ഉത്തരം മുട്ടുക തന്നെ ചെയ്യും.
പണ്ടുകാലങ്ങളില്‍ തന്നെ കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയായിരുന്ന കീടങ്ങള്‍ക്കെതിരെ കീടനാശിനികള്‍ ഉപയോഗിച്ചുവന്നിരുന്നു. പുരാതന സുമേറിയക്കാര്‍ ബി സി 2500ല്‍ കീടങ്ങള്‍ക്കെതിരെ ഗന്ധകം ഉപയോഗിച്ചിരുന്നു. ഈജിപ്തുകാര്‍ക്കും ചൈനക്കാര്‍ക്കും കീട നിയന്ത്രണം സംബന്ധിച്ച് അറിവുണ്ടായിരുന്നു. സോപ്പ്, പുകയില, ആഴ്‌സനിക് എന്നിവയുടെ കീടനിയന്ത്രണ ഗുണം മനസ്സിലാക്കിയ ചൈനക്കാര്‍ പണ്ടു മുതല്‍ക്കേ അവ പ്രയോഗിച്ചു. ക്രമേണ വിളകളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കാന്‍ വളങ്ങളും ഉപയോഗിച്ചു തുടങ്ങി. ശാസ്ത്ര സങ്കേതിക വിദ്യയുടെ പുരോഗതി കാര്‍ഷിക മേഖലയിലും വിപ്ലവം സൃഷ്ടിച്ചു. 1868ല്‍ പാരീസ്ഗ്രിന്‍ ഡൈ എന്ന ആദ്യ കൃത്രിമ കീടനാശിനി വികസിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധം കീടനാശിനി ഗവേഷണത്തെ പരിപോഷിപ്പിച്ചു. ഹരിത വിപ്ലവവും തുടര്‍ന്ന് അത്യുത്പാദനശേഷിയുള്ള പുതിയ വിത്തിനങ്ങളും കീടനാശിനിയെ ഒരു അവശ്യവസ്തുവാക്കി മാറ്റി.
കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗത്തിന്റെ പ്രാരംഭ കാല ഘട്ടം കാര്‍ഷിക മേഖലയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇവയുടെ ഭീകര മുഖം പുറത്തെത്താന്‍ തുടങ്ങി. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തരിശായി, ജൈവ വ്യവസ്ഥയെ തന്നെ താറുമാറാക്കാന്‍ ഇവയില്‍ ചിലതിനു കഴിഞ്ഞു. .കീടനാശിനികളുടെ രംഗത്ത് വലിയ മുന്നേറ്റമായിരുന്നു ഡി ഡി റ്റി യുടെ കണ്ടുപിടിത്തം. 1939ല്‍ ഡി ഡി റ്റി കണ്ടുപിടിച്ചത് സ്വിറ്റ്‌സര്‍ലന്‍ഡിലെ പോള്‍ ഹെമന്‍മുള്ളര്‍ എന്ന ശാസ്ത്രജ്ഞനാണ്. 1948ല്‍ ഇദ്ദേഹത്തിന് നൊബേല്‍ സമ്മാനം കിട്ടി. പിന്നിട് ഡി ഡി റ്റിയുടെ ഉപയോഗം വ്യാപകമായതോടെ മനുഷ്യരുള്‍പ്പെടെയുള്ള ജീവിവര്‍ഗത്തെത്തന്നെ അത് ദോഷകരമായി ബാധിച്ചുതുടങ്ങി. 1962ല്‍ അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ റേച്ചല്‍ ലൂയി കഴ്‌സണ്‍ തന്റെ ‘നിശ്ശബ്ദ വസന്തം’ എന്ന പുസ്തകത്തിലുടെ ഡി ഡി റ്റി വരുത്തുന്ന ദുരന്തം കഥാരൂപത്തില്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി . ചിലക്കാത്ത കിളികളും വിടരാത്ത പൂക്കളും പറക്കാത്ത പൂമ്പാറ്റകളുമെല്ലാം ഈ പുസ്തകത്തില്‍ ഡി ഡി റ്റി വരുത്തുന്ന ദുരന്തമായി ചിത്രീകരിക്കപ്പെട്ടു. 1968ല്‍ അമേരിക്കയും തുടര്‍ന്ന് മറ്റു പല രാജ്യങ്ങളും ഡി ഡി റ്റി നിരോധിച്ചു. പല സമ്പന്ന രാജ്യങ്ങളും കീടനാശിനി ഉപയോഗത്തിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
1986ല്‍ യു എസ് പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം കീടനാശിനികള്‍ ഭീകരമായ തോതില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാക്കുന്നുവെന്ന റിപോര്‍ട്ട് പുറത്തു വിട്ടു. 1999ല്‍ ലോകാരോഗ്യ സംഘടന 20,000 ജനങ്ങള്‍ കീടനാശിനികള്‍ മൂലം പ്രതിവര്‍ഷം മരിക്കുന്നുവെന്ന വെളിപ്പെടുത്തലുമയി രംഗത്തു വന്നതോടെ കീടനാശിനിയുടെ ദൂരവ്യാപകമായ ഭവിഷ്യത്ത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് പിന്നീട് ലോകാരോഗ്യ സംഘടന തരംതിരിച്ചത്. ഏറ്റവും കൂടുതല്‍ വിഷാംശമടങ്ങിയവയെ ചുവപ്പ്, കൂടുതല്‍ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ. എലികളില്‍ കീടനാശിനി ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ തരം തിരിക്കല്‍. ഒരു നിശ്ചിത ഡോസ് കീടനാശിനി എലികളില്‍ കുത്തിവെക്കുന്നു. അതില്‍ 50 ശതമാനം ചത്തുപോയാല്‍ ആ കീടനാശിനി എല്‍ ഡി 50 എന്ന ലേബലിലാണ് അറിയപ്പെടുന്നത്. വെറും 050 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോള്‍ തന്നെ എല്‍ ഡി 50 ഫലം കാണിച്ചാല്‍ അവയെ ചുവപ്പ് ഗണത്തില്‍ ഉള്‍പ്പെടുത്തുന്നു.
പരീക്ഷണങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണതഫലങ്ങള്‍ നിലനില്‍ക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് പടരുന്നതെന്നോ ഏതൊക്കെ ജീവികള്‍ക്കിതിനെ അതിജീവിക്കാന്‍ കഴിയുമെന്നോ അറിയുന്നുമില്ല.
നാള്‍ക്കുനാള്‍ വിപണിയിലെത്തുന്ന പുതുപുത്തന്‍ വിഷങ്ങളെപ്പറ്റി പഠനമോ ഗവേഷണമോ നടത്താതെ നമ്മുടെ കൃഷി ശാസ്ത്രജ്ഞര്‍ തന്നെ അതിനു പ്രചാരവും കൊടുക്കുന്നു. അതിന് ഏറ്റവും പുതിയ തെളിവാണ് ഗവേഷകര്‍ ഫലപ്രദമായ റോഡന്റിസൈഡാണ് ബ്രോമാഡിയോലോണ്‍ എന്ന് പ്രഖ്യാപിച്ചത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ സൈറ്റില്‍ ഈ വിഷം തികച്ചും അപകടകാരി എന്നും അതിന് മുന്‍പ് ലഭ്യമായ കാര്‍ബോഫുറാന്‍ വന്‍ അപകടകാരി എന്നും 20 വര്‍ഷമായി ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍ മിതമായ തോതില്‍ അപകടകാരി എന്നും പറയുന്നു. വ്യത്യസ്തങ്ങളായ വീര്യമുള്ള ഇവയെല്ലാം തന്നെ ഇന്ത്യയില്‍ കഠിനവിഷത്തിലാണ് വരുന്നത്. വിഷങ്ങളെല്ലാം തന്നെ വൃക്ഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും ഹാനികരമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കൃഷി ഉപജീവനമാര്‍ഗമാക്കിയവര്‍ക്ക് തുച്ഛ വേതനം വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ കീടങ്ങളെ തുരത്താനും അധിക വിളവ് ലഭിക്കാനുമായി കര്‍ഷകര്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ആദായമിവയിലൂടെ ലഭിക്കുന്നുണ്ടെങ്കിലും ഇവയുടെ അനന്തര ഫലങ്ങള്‍ ഭീകരമാണ്. രാസവളങ്ങളുടെ നിരന്തരമായ ഉപയോഗം ഭൂമിയെ വളക്കൂറില്ലാത്ത തരിശുനിലമാക്കി മാറ്റുന്നു. കീടനാശിനിയാകട്ടെ കീടങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.