റാസല്‍ ഖൈമയില്‍ എത്തിയത് 3.3 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍

Posted on: September 1, 2014 9:47 pm | Last updated: September 1, 2014 at 9:47 pm
SHARE

റാസല്‍ ഖൈമ: 2014ന്റെ ആദ്യ ആറു മാസങ്ങള്‍ക്കിടയില്‍ 3,30,048 സഞ്ചാരികള്‍ റാസല്‍ ഖൈമ സന്ദര്‍ശിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയാണ് ഈ സംഖ്യ. ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തിയത് ജര്‍മനിയില്‍ നിന്നാണ്. റഷ്യ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ജര്‍മനിക്ക് പിന്നില്‍ ഇടം പിടിച്ചിരിക്കുന്നത്. 11.87 കോടി ഡോളറാണ് ഇതിലൂടെ എമിറേറ്റിലേക്ക് എത്തിയത്.
ആര്‍ക്കും താങ്ങാവുന്ന നിരക്കില്‍ താമസിക്കാനും ഭക്ഷണത്തിനുമെല്ലാം റാസല്‍ ഖൈമയില്‍ സാധ്യമാണെന്നതാണ് ഏത് വിഭാഗം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതെന്ന് റാസല്‍ ഖൈമ ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി(ആര്‍ എ കെ. ടി ഡി എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീവന്‍ റൈസ് അഭിപ്രായപ്പെട്ടു. വില്ലകള്‍ ഉള്‍പ്പെടെയുള്ള താമസ സ്ഥലങ്ങളില്‍ ശരാശരി പ്രതിദിനം താമസത്തിന് ഈടാക്കുന്നത് 140.83 ഡോളറാണ്. ഹോട്ടലുകളില്‍ ഇത് 168.58 ദിര്‍ഹമാണ്. ഇതിലൂടെ മൊത്തം ലഭിച്ച വരുമാനം 10.38 കോടി ഡോളറാണ്.
റാസല്‍ ഖൈമ നഗരത്തിലെ ഹോട്ടലുകളില്‍ ഈ സീസണില്‍ 64.11 ശതമാനവും താമസക്കാരുണ്ടായിരുന്നു. ഇവിടങ്ങളില്‍ മൊത്തത്തില്‍ ശരാശരി വാടക പ്രതിദിനം 69.85 ഡോളറായിരുന്നു. ഇതിലൂടെ മാത്രം ഉണ്ടായ മൊത്തം വരുമാനം 1.49 കോടി ഡോളറായിരുന്നു.
ജൂണില്‍ മുറികളുടെ ദിവസ വാടക 37 ഡോളറോളമാണ് വര്‍ധിച്ചത്. അബുദാബിയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വര്‍ധനവ്. മര്‍ജാന്‍ ഐലന്റ്, അല്‍ ഹംറ മേഖലകളില്‍ കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കിടയില്‍ വരുമാനം ഇരട്ടിയായാണ് വര്‍ധിച്ചത്. വിശ്രമത്തിനായി റാസല്‍ ഖൈമയിലേക്ക് പ്രവഹിക്കുന്ന സഞ്ചാരികളില്‍ സിംഹഭാഗവും ഹോട്ടലുകളെയാണ് താമസ്ത്തിനായി ഉപയോഗപ്പെടുത്തുന്നത്. വൈവിധ്യമാര്‍ന്ന പ്രകൃതിയും ജലമലിനീകരണം ഒട്ടുമില്ലാത്ത കടല്‍ക്കരകളുമാണ് വിനോദ സഞ്ചാരത്തില്‍ റാസല്‍ ഖൈമയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. അന്‍പത് കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് വിനോദസഞ്ചാര മേഖലയില്‍ ആര്‍ എ കെ. ടി ഡി എ ലക്ഷ്യമിടുന്നത്. ഈ രംഗത്ത് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന പദ്ധതികളിലേക്ക് ആകൃഷ്ടരായി പ്രമുഖ രാജ്യാന്തര ബ്രാന്റുകളാണ് നിക്ഷേപം ഇറക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. അല്‍ മര്‍ജാന്‍ ഐലന്റില്‍ ഹോട്ടല്‍ ആരംഭിക്കാനുള്ളപദ്ധതിയും ഇതില്‍ ഉള്‍പ്പെടും.
വേള്‍ഡ് എക്‌സ്‌പോ 2020നായി ദുബൈ അരയും തലയും മുറുക്കി ഒരുങ്ങുമ്പോള്‍ സമീപ എമിറേറ്റുകള്‍ക്കൊപ്പം നേട്ടം കൊയ്യാന്‍ റാസല്‍ ഖൈമയും കോടി കണക്കിന് ദിര്‍ഹമിന്റെ വികസനമാണ് വിനോദസഞ്ചാര മേഖലയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ദുബൈയില്‍ നിന്നും റാസല്‍ഖൈമയിലേക്കുള്ള റോഡുകള്‍ വീതികൂട്ടി നവീകരിച്ചുകൊണ്ടിരിക്കുന്നു. ബീച്ചുകളിലും തുരുത്തുകളിലും മരങ്ങളും കണ്ടല്‍കാടുകളും വെച്ചു പിടിപ്പിക്കുന്ന പദ്ധതികളും പുരോഗമിക്കുന്നു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഈന്തപ്പനകളും വൃക്ഷങ്ങളും സ്ഥാനംപിടിച്ചു കഴിഞ്ഞു. സന്ദര്‍ശകര്‍ക്കായി മ്യൂസിയവും, വന്യജീവി സങ്കേതവും കുതിരസവാരി കേന്ദ്രങ്ങളും, ശീതകാല കൂട്ടായ്മകള്‍ക്കായുള്ള ‘അവാഫി’ പോലുള്ള കേന്ദ്രങ്ങളും എമിറേറ്റിന്റെ പ്രത്യേകതയാണ്. ഇതെല്ലാം എക്‌സ്‌പോക്കെത്തുന്നവരെ റാസല്‍ ഖൈമയിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.
ഗതാഗതവകുപ്പ് പുതുതായി നടപ്പാക്കിയ നിരവധി പരിഷ്‌കരണങ്ങളും സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടിയിട്ടുണ്ട്. വനിതകള്‍ക്കുമായി പ്രത്യേകം ടാക്‌സികള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശമായ ശാമില്‍ നിന്നും നഗരത്തിലേക്ക് പുതുതായി ബസ് സര്‍വീസ് ആരംഭിച്ചു. വകുപ്പ് നിരവധി റൂട്ടുകളിലേക്ക് പുതുതായി ബസ് സര്‍വീസ് വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. നഗരത്തിനുള്ളില്‍ ബസ് സ്റ്റേഷനുകള്‍ പണിയാനുള്ള സര്‍ക്കാര്‍ നീക്കവും വിനോദസഞ്ചാര രംഗത്ത് കൂടുതല്‍ പേര്‍ എത്താന്‍ ഇടയാക്കും.
റാസല്‍ഖൈമയുടെ പ്രധാന തീരദേശ മേഖലകളായ ബിന്‍മാജിദ് ബീച്ച്, കോര്‍ണിഷ് എന്നീ ഭാഗങ്ങള്‍ പുനര്‍നിര്‍മിച്ച് ഇന്റര്‍ലോക്കു പാകി നവീകരിച്ചിട്ടുണ്ട. ആധുനിക രീതിയിലുള്ള വിളക്കുകള്‍, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ ലഘു പാനീയങ്ങള്‍ കഴിക്കാന്‍ തമ്പുകള്‍ എന്നിവയാണ് പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ മേഖലയില്‍ ഒരുക്കിയിരിക്കുന്നത്.
അപകട സാധ്യതാ മേഖലകള്‍ പ്രത്യേകം തരംതിരിച്ചാണ് കടലില്‍ കുളിക്കുന്നവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതും വിദേശികളെയും രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെയും റാസല്‍ ഖൈമയിലേക്ക് ആകര്‍ഷിക്കുന്നു. നഗരത്തിനടുത്തുള്ള ജബല്‍ ജൈഷ് പര്‍വ്വത നിരകള്‍ വിനോദ സഞ്ചാരികളുടെ പ്രധാനയിടമാണ്. അടുത്ത കാലത്താണ് ഇവിടേക്കുള്ള റോഡ് വികസനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ പര്‍വതത്തിന്റെ കൂടുതല്‍ ഉയരത്തിലേക്ക് വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഉല്ലാസ യാത്രക്കായുള്ള ചെറു നൗകകള്‍ ജലാശയങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്.