Connect with us

Kerala

കേരളത്തില്‍ കനത്ത മഴ തുടരും

Published

|

Last Updated

heavy-rain2കണ്ണൂര്‍: മണ്‍സൂണ്‍ പെയ്‌തൊഴിയേണ്ട സമയമായിട്ടും സംസ്ഥാനത്ത് തുടരുന്ന കനത്ത മഴക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപം കൊള്ളുന്ന ന്യൂനമര്‍ദമാണെന്ന് കാലാവസ്ഥാ ഗവേഷകര്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലെല്ലാം ന്യൂനമര്‍ദത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടായേക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായുള്ള ലക്ഷണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ മഴയുടെ കാരണമെന്നും ഇതേക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ മുതല്‍ ആഗസ്റ്റ് ആദ്യവാരം വരെയുള്ള മണ്‍സൂണ്‍ കണക്കെടുത്താല്‍ ഇക്കുറി സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവ് കുറവായിരുന്നു.
എന്നാല്‍ പൊടുന്നനെയുണ്ടായ ന്യൂനമര്‍ദ രൂപവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ പെയ്യുന്ന മഴ മണ്‍സൂണ്‍ മഴയുടെ അളവിലുള്ള കുറവ് നികത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്ന് ഇന്നലെ വരെ സംസ്ഥാനത്തിനു ലഭിക്കേണ്ട മഴയുടെ 99 ശതമാനവും ഇതിനോടകം ലഭിച്ചിട്ടുണ്ട് 172.75 സെന്റീമീറ്റര്‍ മഴയാണ് ഇന്നലെ വരെ സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്നത്. ഇതില്‍ 171.84 സെന്റീമീറ്റര്‍ മഴയും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നും സംസ്ഥാനത്തിനു ലഭിക്കേണ്ട ആകെ മഴ 203.96 സെന്റീമീറ്ററാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴ പെയ്തത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മലയോര ജില്ലകളായ കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലുമാണ്.
ഇന്നലെ കാസര്‍കോട് 75 മി.മീ, കണ്ണൂര്‍ 68.8 മി. മീ. മഴ രേഖപ്പെടുത്തിയപ്പോള്‍ കോട്ടയത്ത് 82.4 മി. മീ. മഴയും ഇടുക്കി 78 മി. മീ. മഴയും രേഖപ്പെടുത്തി. ഇന്നും ശക്തമായ കാറ്റോടുകൂടിയ കനത്ത മഴ സംസ്ഥാനത്ത് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Latest