മുസാഫര്‍നഗറിലെ പലായനം

Posted on: September 1, 2014 6:00 am | Last updated: August 31, 2014 at 9:17 pm
SHARE

ഉത്തര്‍ പ്രദേശില്‍ നിന്ന് പ്രത്യേകിച്ച് മുസാഫര്‍ നഗറില്‍ നിന്നുള്ള വാര്‍ത്തകള്‍ മതേതര വിശ്വാസികളെയാകെ വേദനിപ്പിക്കുന്നതും നിരാശരാക്കുന്നതുമാണ്. വര്‍ഗീയ വിഭജനം നടത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന മുറിവുകള്‍ പെട്ടെന്നൊന്നും ഉണങ്ങില്ലെന്നും ന്യൂനപക്ഷങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും അത് നിതാന്തമായ അന്യതാ ബോധത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുമെന്നുമുള്ള ചരിത്രപാഠം ഊട്ടിയുറപ്പിക്കപ്പെടുകയാണ് മുസാഫര്‍ നഗറില്‍. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍-ശാംലി ജില്ലകളില്‍ നിന്ന് മുസ്‌ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ജനിച്ചു വളര്‍ന്ന പ്രദേശത്ത് നിന്ന് വീടും പറമ്പും കിട്ടുന്ന വിലക്ക് വിറ്റ് അന്യ നാടുകളിലേക്ക് കടക്കുന്നത് ഭീതിയൊന്ന് കൊണ്ട് മാത്രമാണ്. 2013 സെപ്തംബറിലുണ്ടായ വര്‍ഗീയ ആക്രമണത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ടവരും ഉറ്റവരെ നഷ്ടപ്പെട്ടവരുമാണ് ഇവര്‍. ആക്രമണം ആവര്‍ത്തിക്കുമെന്ന് അവര്‍ ഭയക്കുന്നു. അടിസ്ഥാനരഹിതമായ ഭയമല്ല ഇത്. അന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന്റെ സാഹചര്യം അവരുടെ മുമ്പില്‍ ഉണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങളുടെ അകലമേ അന്ന് ഉണ്ടായിരുന്നുള്ളൂ. വോട്ട് ധ്രുവീകരണത്തിനുള്ള തന്ത്രങ്ങള്‍ക്ക് വിത്തിടുന്ന സമയം. ഉത്തര്‍പ്രദേശ് പിടിച്ചാല്‍ ഇന്ത്യ പിടിക്കമെന്നാണല്ലോ. ഉത്തര്‍ പ്രദേശ് പിടിക്കാന്‍ ഏറ്റവും നല്ല വഴി വര്‍ഗീയ ധ്രുവീകരണമാണെന്ന് തീരുമാനിച്ചുറച്ച സംഘ് നേതൃത്വം സംഘര്‍ഷത്തിന്റെ വിത്ത് വിതക്കുകയായിരുന്നു.
സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ട് ബേങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വന്‍ പങ്കാളിത്തമുണ്ട്. സ്വാഭാവികമായും എസ് പിയുടെ നേതൃത്വത്തിലുള്ള അഖിലേഷ് യാദവ് സര്‍ക്കാര്‍ ന്യുനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന ചില നടപടികള്‍ കൈക്കൊണ്ടു. സംഘര്‍ഷാനന്തരം ഇതടക്കം എല്ലാ സംഭവവികാസങ്ങളും അങ്ങേയറ്റം തന്ത്രപരമായി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. അമിത് ഷാക്കായിരുന്നു പ്രചാരണച്ചുമതല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കി. ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടുകള്‍ സമാഹരിക്കപ്പെടുകയും ന്യൂനപക്ഷ വോട്ടുകള്‍ ചിതറുകയും ചെയ്തു. അങ്ങനെയാണ് കോണ്‍ഗ്രസിനെയും സംസ്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിച്ചിരുന്ന എസ് പി, ബി എസ് പി കക്ഷികളെയും അപ്രസക്തമാക്കി ബി ജെ പി വന്‍ കുതിപ്പ് നടത്തിയത്.
ഇന്ന് കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാറാണ് അധികാരത്തില്‍. അമിത് ഷാ ഇന്ന് ബി ജെ പിയുടെ ദേശീയ അധ്യക്ഷനാണ്. സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുമ്പേള്‍ ജനോപകാര പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുന്നില്‍ വെക്കാനില്ല. അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ചുള്ള മോശം വാര്‍ത്തകളും അന്തഃഛിദ്രങ്ങളുമാണ്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ 10 നിയമസഭാ സീറ്റുകളിലേക്ക് അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബീഹാറിലടക്കം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി തിരിച്ചടി നേരിട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം യു പിയില്‍ ആവര്‍ത്തിക്കുകയെന്നത് ബി ജെ പിയുടെ അഭിമാന പ്രശ്‌നമാണ്. അതിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ വര്‍ഗീയ പ്രചാരണത്തിന്റെ ആശാനായ യോഗി ആദിത്യനാഥിനെയാണ് ബി ജെ പി ഏല്‍പ്പിച്ചിരിക്കുന്നത്. ലൗ ജിഹാദ് പോലുള്ള അങ്ങേയറ്റം അപകടകരമായ പ്രചാരണങ്ങള്‍ അഴിച്ചു വിട്ട് അദ്ദേഹം പണി തുടങ്ങിയിരിക്കുന്നു. മുസാഫര്‍ നഗര്‍ കലാപക്കേസുകളിലെ പ്രതികള്‍ പലരും ഇന്നും പുറത്താണ്. കേസില്‍ പ്രതിയായ ബി ജെ പി. എം എല്‍ എ. ഇസഡ് കാറ്റഗറി സംരക്ഷണയിലാണ്. ഈ സാഹചര്യത്തിലാണ് മുസാഫര്‍ നഗറിലെയും പരിസര പ്രദേശങ്ങളിലെയും മുസ്‌ലിംകള്‍ ഭീതിയില്‍ അകപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം എട്ട് പേര്‍ കൊല്ലപ്പെടുകയും ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടക്കുകയും ചെയ്ത കുത്ബ-കുത്ബി ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കാംഗ്ര ഗ്രാമത്തലുണ്ടായിരുന്ന 250 മുസ്‌ലിം കുടുംബങ്ങളില്‍ 150 ഉം വീടും പറമ്പും വിറ്റ് പോയിരിക്കുന്നു. സാധാരണ സംഭവങ്ങള്‍ക്ക് പോലും വര്‍ഗീയ നിറം നല്‍കി മുസ്‌ലിംകളെ പീഡിപ്പിക്കുകയാണ്. റോഡപകടങ്ങളോ കവര്‍ച്ചയോ നടന്നാല്‍ പോലും മതം നോക്കിയാണ് പ്രതികരണം വരുന്നത്. നില്‍ക്കക്കള്ളിയില്ലാതെ പകുതി വിലക്കാണ് ഭൂമി വിറ്റൊഴിയുന്നത്. അതിനിടെ ഇവിടെ കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷമുണ്ടായി. ജാട്ട് കോളനിക്ക് സമീപത്ത് കൂടി ട്യൂഷ്യന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന കൗമാരക്കാരെ ഒരു സംഘം മര്‍ദിക്കുകായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ പ്രദേശത്തെ സമാധാനകാംക്ഷികളായ മറ്റ് മതസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. വര്‍ഗീയ ശക്തികള്‍ ക്രിമിനലുകളുടെ സഹായത്തോടെ അഴിഞ്ഞാടുകയാണ്. സംസ്ഥാന സര്‍ക്കാറിനും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. മനുഷ്യര്‍ സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്യുന്ന സ്ഥിതിയിലേക്ക് അരക്ഷിതാവസ്ഥ രാക്ഷസരൂപം കൈവരിക്കുന്നുവെങ്കില്‍ നിയമവാഴ്ചക്ക് എന്ത് അര്‍ഥമാണ് ഉള്ളത്? ഗതികെട്ട ഈ മനുഷ്യരെ വൈകാരികമായ പ്രതികരണങ്ങളിലേക്ക് തള്ളിവിടുകയാണോ ലക്ഷ്യം? മതേതര പാര്‍ട്ടികള്‍ എന്ത് നിലപാടാണ് ഇതിനോട് കൈക്കൊള്ളുന്നത്? മുസാഫര്‍ നഗറുകള്‍ പെരുകുമ്പോള്‍ രാജ്യം ജനിതക മാറ്റത്തിന് വിധേയമാകുകയാണ്. അതുകൊണ്ട് മുസാഫര്‍ നഗര്‍ ഉത്തര്‍പ്രദേശിലെ ഒരു ജില്ലയല്ല. രാജ്യത്തിന്റെയാകെ വേദനയാണ്.