Connect with us

Kasargod

ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍: അടിസ്ഥാന വികസനത്തിന് സാധ്യത തെളിഞ്ഞു

Published

|

Last Updated

ചെറുവത്തൂര്‍: അടിസ്ഥാന വികസനത്തിന്റെ അപര്യാപ്തത മൂലം അസൗകര്യത അനുഭവപ്പെടുന്ന ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ വിപുലീകരണത്തിന് സാധ്യത തെളിഞ്ഞു.
പാര്‍ക്കിംഗ് വിപുലീകരണം, കൂടുതല്‍ ജീവനക്കാരുടെ നിയമനം എന്നിവയ്ക്കാണ് റെയില്‍വേ അധികൃതരുടെ അനുകൂലമായ നിലപാട് ഉണ്ടായത്. പാലക്കാട് എ ഡി ആര്‍ എമ്മിന് ചെറുവത്തൂര്‍ റെയില്‍വേ ഡവലപ്‌മെന്റ് കമ്മിറ്റി നല്‍കിയ നിവേദനത്തിനുള്ള മറുപടിയായാണ് ടിക്കറ്റ് കൗണ്ടറില്‍ രണ്ടു സ്റ്റാഫിനെ കൂടുതല്‍ നിയമിക്കുമെന്നും പാര്‍ക്കിംഗ് സൗകര്യം വികസിപ്പിക്കുമെന്നും അറിയിച്ചത്.
പത്തോളം ട്രെയിനുകള്‍ക്ക് ചെറുവത്തൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനാണ് ഉള്ളത്. സാധാരണ ടിക്കറ്റ് വിതരണം ചെയ്യുന്നതോടൊപ്പം, തത്ക്കാല്‍, റിസര്‍വേഷന്‍, സീസണ്‍ ടിക്കറ്റ് എന്നിവക്കായി എത്തുന്നവര്‍ക്കുള്ള സേവനവും ഉറപ്പാക്കണം. ഇത് സാധാരണ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്. വരുമാനത്തില്‍ ഏറെ മുന്നോട്ടുള്ള ഈ സ്റ്റേഷനില്‍ ടിക്കറ്റ് വിതരണത്തിനായി മറ്റൊരു കൗണ്ടര്‍ കൂടി ഏര്‍പ്പെടുത്തിയാല്‍ ഈ വിഷയത്തിന് ഒരു പരിഹാരമാകും.
സ്‌റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് വിപുലമായ തരത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താമെന്നും റെയില്‍വേ അതികൃതര്‍ വികസനസമിതിക്ക് ഉറപ്പ് നല്‍കി.

Latest