പാക്കിസ്ഥാനില്‍ പ്രക്ഷോഭം അക്രമാസക്തം

Posted on: August 31, 2014 12:39 pm | Last updated: September 1, 2014 at 12:37 am

pakistan

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. അര്‍ധരാത്രിയില്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വസതിയിലേക്ക് പ്രക്ഷോഭകര്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടവെപ്പില്‍ മൂന്ന് പേര്‍ മരിക്കുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തുടനീളം തെരുവുകളില്‍ പ്രക്ഷോഭം നടത്താന്‍ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി ടി ഐ) നേതാവ് ഇംറാന്‍ ഖാന്‍ അനുയായികളോട് ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്‌ലാമാബാദില്‍ പ്രക്ഷോഭ രംഗത്തുള്ള പതിനായിരക്കണക്കിന് പേര്‍ കഴിഞ്ഞ ദിവസം രാത്രി മാര്‍ച്ച് നടത്തുകയായിരുന്നു. ഇവരെ തടയാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മഴുവും വടികളുമായി മാര്‍ച്ച് ചെയ്ത ചിലര്‍ ഗ്യാസ് മാസ്‌ക് ധരിച്ച് പോലീസിന്റെ പ്രതിരോധം ഭേദിക്കാന്‍ ശ്രമിച്ചു. ഇന്നലെ പകലും സംഘര്‍ഷമുണ്ടായി. കറാച്ചിയില്‍ പ്രതിഷേധ റാലി നടക്കാന്‍ സാധ്യതയുണ്ട്. ശരീഫിന്റെ രാജിയാവശ്യത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വ്യക്തമാക്കിയ ഇംറാന്‍ ഖാന്‍, കൂടുതല്‍ പേരോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ‘മരിക്കാന്‍ തയ്യാറായാണ് ഇവിടെ വന്നത്. ഇന്ന് രാത്രി പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. അവസാന ശ്വാസം വരെ ഇവിടെയുണ്ടാകും.’ ഖാന്‍ പറഞ്ഞു.
പ്രതിസന്ധി അവസാനിപ്പിക്കാന്‍ സൈന്യം മധ്യസ്ഥത വഹിച്ചെങ്കിലും പ്രക്ഷോഭ രംഗത്തുള്ള ഖാന്റെ പി ടി ഐയും ത്വാഹിറുല്‍ ഖാദിരിയുടെ പാക്കിസ്ഥാന്‍ അവാമി തഹ്‌രീകും (പി എ ടി) വഴങ്ങിയില്ല. ലക്ഷ്യം കാണാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പി എ ടിയും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്നാണ് ഇരുവരും ആരോപിക്കുന്നത്.
പാക്കിസ്ഥാന്‍ വീണ്ടും സൈനിക ഭരണത്തിലേക്ക് വീഴുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം, റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ്, കമാന്‍ഡര്‍മാരുമായി ചര്‍ച്ച നടത്തി.