കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക്

Posted on: August 31, 2014 12:32 am | Last updated: August 31, 2014 at 12:32 am

to schoolതിരുവനന്തപുരം: കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയിലൂടെ പുതിയ ചരിത്രം രചിക്കുന്നു. സാക്ഷരതാ മിഷന്‍ നേതൃത്വം നല്‍കുന്ന ‘അതുല്യം’ പദ്ധതിയാണ് കേരളത്തില്‍ മുഴുവന്‍പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം സാധ്യമാക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അതുല്യം പദ്ധതിക്ക് സാക്ഷരതാ മിഷന്‍ അന്തിമ രൂപം നല്‍കി. തൊണ്ണൂറുകളില്‍ സാക്ഷരതാ യജ്ഞത്തിലൂടെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാക്കി മാറ്റുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം.
കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തുകള്‍ തിരഞ്ഞെടുത്ത് അതുല്യം പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാം ഘട്ടമായി കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അതുല്യം നടപ്പാക്കുന്നതിനാവശ്യമായ പരിപാടികള്‍ സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മേയര്‍മാരുടെയും യോഗം പദ്ധതിക്ക് അന്തിമ രൂപം നല്‍കി. തുടര്‍ന്ന് സെപ്തംബര്‍ ഒന്നിനും അഞ്ചിനുമിടയില്‍ കേരളത്തിലെ 14 ജില്ലകളിലും പദ്ധതി വിശദീകരണ-സംഘാടക സമിതി രൂപവത്കരണ യോഗങ്ങള്‍ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ കലക്ടര്‍മാരുടെയും നേതൃത്വത്തിലാണ് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും യോഗങ്ങള്‍ ചേരുന്നത്. സെപ്തംബര്‍ 12, 13, 14 തീയതികളില്‍ ബ്ലോക്ക് തലത്തിലും സെപ്തംബര്‍ 22 മുതല്‍ 27 വരെ കേരളത്തിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത്/മുനിസിപ്പല്‍ തലത്തിലും സംഘാടക സമിതി രൂപവത്കരണ യോഗങ്ങള്‍ നടക്കും.
ഒക്‌ടോബര്‍ 11, 12 തീയതികളില്‍ 15നും 50നുമിടയില്‍ പ്രായമുള്ള പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരെ കണ്ടെത്തുന്നതിനായുള്ള സര്‍വെ നടക്കും. തുടര്‍ന്ന് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കുകയും 2015 ഏപ്രില്‍ ആദ്യ വാരം പരീക്ഷ നടത്തുകയും സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികദിനമായ ഏപ്രില്‍ 18ന് കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ സംസ്ഥാനമാക്കി പ്രഖ്യാപിക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്.