ശരീഫിന് ഖാദിരിയുടെ അന്ത്യശാസനം

Posted on: August 31, 2014 12:21 am | Last updated: August 31, 2014 at 12:21 am

qadiriഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് സ്ഥാനമൊഴിയാന്‍ 24 മണിക്കൂര്‍ സമയം നല്‍കി പാക്കിസ്ഥാന്‍ അവാമി തഹ്‌രീക് (പി എ ടി) നേതാവ് ത്വാഹിറുല്‍ ഖാദിരി. കഴിഞ്ഞ ദിവസം രാത്രി പ്രക്ഷോഭ രംഗത്തുള്ള പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് (പി ടി ഐ) വൈസ് ചെയര്‍മാന്‍ ഷാ മഹ്മൂദ് ഖുറൈശിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഖാദിരിയെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ 14ാം തീയതി മുതല്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തുന്ന ഇരു പാര്‍ട്ടികളുടെയും നേരിട്ടുള്ള ആദ്യ ചര്‍ച്ചയാണ് ഇത്. പ്രക്ഷോഭ പരിപാടികള്‍ നീട്ടിവെക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
യോഗത്തിന് ശേഷം അനുയായികളെ സന്ദര്‍ശിച്ച് പ്രക്ഷോഭ പരിപാടികള്‍ നീട്ടിവെക്കണമെന്ന് അറിയിച്ചെങ്കിലും പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അനുയായികള്‍ ഒരുക്കമല്ലായിരുന്നു. പി എ ടിക്കും പി ടി ഐക്കും പല വിഷയങ്ങളിലും സമാന നിലപാടുകളുണ്ടെന്നും പ്രക്ഷോഭകരെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഖാദിരി പറഞ്ഞു. പ്രതിഷേധ ധര്‍ണ ലാഹോര്‍, കറാച്ചി, ഫൈസലാബാദ്, മുള്‍ത്താന്‍ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു. അടുത്ത പ്രക്ഷോഭ പരിപാടി ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷമാണ് പ്രക്ഷോഭ നേതാക്കള്‍ ചര്‍ച്ച നടത്തിയത്.