Connect with us

Editorial

കേരളത്തിന്റെ പ്രതീക്ഷകള്‍

Published

|

Last Updated

കേരളത്തിന്റെ റെയില്‍ വികസന മോഹങ്ങള്‍ സമീപ ഭാവിയിലൊന്നും പൂവണിയില്ലെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ വളച്ചുകെട്ടൊന്നുമില്ലാതെ തുറന്ന് പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക റെയില്‍വേ സോണ്‍ എന്ന ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയില്‍ പോലുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരളം പ്രത്യേക റെയില്‍വേ സോണിനായി ശബ്ദമുയര്‍ത്തുമ്പോഴെല്ലാം കേന്ദ്രമന്ത്രിയടക്കമുള്ളവര്‍ അതിന് പാര വെക്കുന്ന നിലപാടാണ് സ്വീകരിക്കാറ്. മന്ത്രി സദാനന്ദ ഗൗഡയും അതില്‍ നിന്നും വ്യത്യസ്തനല്ലെന്ന് ഈയിടെ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലൂടെ തെളിയിച്ചു. ഇപ്പോള്‍ മംഗലാപുരം സോണാണ് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നയിച്ച യു പി എ ഭരണകാലത്ത് ഘടകകക്ഷികളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിലായിരുന്നു അവരുടെയും ശ്രദ്ധ. സേലം സോണിനായി ചരടുവലികള്‍ നടത്തിയതും കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് വേലി കെട്ടിയതും അന്നത്തെ കേന്ദ്ര റെയില്‍വേ മന്ത്രിതന്നെയായിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ ആന്ധ്രക്ക് ഒരു റെയില്‍വേ സോണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രത്യേക പരിഗണന വെച്ച് അത് നടപ്പാക്കിയില്ലെങ്കില്‍ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന സംഘര്‍ഷം രൂക്ഷമാകുമെന്നുറപ്പ്. അനിവാര്യതയേക്കാള്‍, രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചായിരുന്നു ആ ന്ധ്രാ വിഭജനവും തെലങ്കാന രൂപവത്കരണവും. അതുകൊണ്ട് തന്നെ നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എക്കും നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയും അതില്‍ തന്റതായ പങ്ക് വഹിക്കുന്നുവെന്ന് മാത്രം. പക്ഷെ അത് കേരളത്തിന്റെ ചെലവിലാകാമോ എന്ന ചോദ്യം സ്വാഭാവികം.
റെയില്‍വേ പദ്ധതികള്‍ കേരളത്തിന് അനുവദിക്കാത്തതിന് മന്ത്രി ഗൗഡ ഒരു പ്രധാന കാരണം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പദ്ധതികളുടെ ചെലവില്‍ പകുതിയെങ്കിലും കേരളം വഹിക്കണം. പദ്ധതികള്‍ക്കാവശ്യമായ ഭൂമി കേരളം ഏറ്റെടുത്ത് നല്‍കണം. കര്‍ണാടക അതാണ് ചെയ്യുന്നതെന്നും മന്ത്രി സാക്ഷ്യപ്പെടുത്തുന്നു. അതിനൊപ്പം കേരള ജനതയെ സുഖിപ്പിക്കാന്‍ ഗൗഡ ഒരു മോഹന വാഗ്ദാനവും നല്‍കി. സബര്‍ബന്‍ മാതൃകയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറാണെന്നാണ് മന്ത്രിയുടെ വാഗ്ദാനം. അതിന് ആദ്യം നടക്കേണ്ടത് സാധ്യതാ പഠനമാണ്. അത്തരം ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നിരിക്കെ ഈ വാഗ്ദാനം കടലാസില്‍ ഒതുങ്ങുമെന്ന് ഉറപ്പ്. റെയില്‍വേ ബജറ്റില്‍ കേരളത്തിന് ആകെ കിട്ടിയത്, മംഗലാപുരത്ത് നിന്നും കാസര്‍കോട് വഴി കാസര്‍കോട്ട് നിന്ന് മംഗലാപുരം വഴി കടന്ന് പോകുന്ന ഒരു പാസഞ്ചര്‍ ട്രെയിന്‍. തീവണ്ടിയില്‍ കയറുമ്പോള്‍ ടിക്കറ്റെടുക്കുമെന്ന് നിര്‍ബന്ധമുള്ള കേരള ജനതയെ അവഹേളിക്കുന്ന നടപടിയാണിത്.
കേരളത്തിന് പ്രഖ്യാപിച്ച കോച്ച് ഫാക്ടറി കടലാസിലൊതുങ്ങുകയും, ഫാക്ടറി പഞ്ചാബിലെ കപുര്‍ത്തലയില്‍ സ്ഥാപിക്കുകയും ചെയ്തത് പഴയകാല ചരിത്രം. “പഞ്ചാബ് മോഡല്‍” സമരത്തിനിറങ്ങിയാലേ കേരളത്തിന് പ്രഖ്യാപിക്കുന്ന കേന്ദ്ര പദ്ധതികള്‍ പ്രാവര്‍ത്തികമാകൂ എന്ന് തുറന്നടിച്ച ആര്‍ ബാലകൃഷ്ണ പിള്ളക്ക് മന്ത്രിസ്ഥാനം ബലി നല്‍കേണ്ടിവന്നത് ചരിത്രമാണ്. പിന്നീട് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച കോച്ച് ഫാക്ടറിക്ക് ടെന്‍ഡര്‍ ചെയ്തുവെങ്കിലും ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ലെന്നാണ് മന്ത്രി ഗൗഡ പറയുന്നത്. സോണിയാ ഗാന്ധിയുടെ അമേതി മണ്ഡലത്തില്‍ പ്രഖ്യാപിച്ച കോച്ച് ഫാക്ടറിയില്‍ നിന്നും കോച്ചുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അപ്പോഴും കേരളത്തിന്റെ വഞ്ചി തിരുനക്കര തന്നെ!, ഏതായാലും, കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി വീണ്ടും ടെന്‍ഡര്‍ ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. നമുക്ക് അതില്‍ ആശ്വാസം കൊള്ളാം.
കേരളത്തിന്റെ വികസനകാര്യത്തില്‍ പണ്ടേ പറയുന്ന കേന്ദ്രത്തിന്റെ ചിറ്റമ്മ നയം ഇപ്പോഴും തുടരുകയാണ്. അനാവശ്യ കാലതാമസം വരുത്തി പദ്ധതികള്‍ പരണത്ത് വെക്കുന്ന അവസ്ഥ തുടരുകയാണ്. വിഴിഞ്ഞം ഹാര്‍ബറിന്റെ കാര്യം ഒരു ഉദാഹരണം മാത്രം. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിച്ചിരുന്ന, ഏറെ കടലാസ് പണികള്‍ പൂര്‍ത്തിയായ മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടുവെന്നാണ് ഇപ്പോഴറിയുന്നത്. ഈ പദ്ധതി നടപ്പാക്കാന്‍ ഭീമമായ 5990 കോടി രൂപ ചെലവ് വരുമെന്ന തിരിച്ചറിവാണത്രെ മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നു. പകരം, അല്‍പ്പം ചെലവ് കുറഞ്ഞതും ഭാവിയില്‍ ഏറെ വിപുലീകരണ സാധ്യതയുമുള്ള “ലൈറ്റ് മെട്രൊ” വരുമത്രെ. ഇതിന് രൂപരേഖ തയ്യാറാക്കാന്‍ ഡി എം ആര്‍ സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. മുഖ്യമന്ത്രി “ഗുഡ് സര്‍ട്ടിഫിക്കറ്റ്” നല്‍കിയിരിക്കുന്ന പദ്ധതിക്കായി നമുക്ക് സ്വപ്‌നം കാണാം. അതല്ലേ പാവം കേരള ജനതക്ക് കഴിയൂ. അതുകൊണ്ട് കാലം കുറേ കഴിഞ്ഞാണെങ്കിലും കേരളത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായ പ്രത്യേക റെയില്‍വേ സോണും യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Latest