ഇ-സിഗരറ്റ് ആശങ്കയുണ്ടാക്കുന്നു

Posted on: August 30, 2014 6:25 pm | Last updated: August 30, 2014 at 6:26 pm

cigarettദുബൈ: രാജ്യത്ത് നിരോധനം നിലനില്‍ക്കുന്ന ഇ-സിഗറ്റിന്റെ അനധികൃത വ്യാപനം ആശങ്കക്ക് ഇടയാക്കുന്നു. കള്ളക്കടത്തായി എത്തുന്ന ഇ-സിഗരറ്റാണ് ആശങ്കക്ക് ഇടയാക്കുന്നത്. രാജ്യത്ത് നിരോധിച്ച ഇ-സിഗരറ്റ് അനധികൃതമായാണ് രാജ്യത്ത് എത്തിച്ച് വില്‍പന നടത്തുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പുകയില നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ കമ്മിറ്റിയുടെ മേധാവി ഡോ. വെദാദ് അല്‍ മൈദൂര്‍ വ്യക്തമാക്കി. ഇ-സിഗരറ്റ് രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിച്ചതാണ്. ഇത്തരം സിഗരറ്റുകള്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല. യു കെയില്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടന്നത്. ഇ-സിഗരറ്റ് വലിക്കുന്നവര്‍ക്കിടിയിലായിരുന്നു. എന്നാല്‍ ഈ സംഘം ഈ ശീലം ഉപേക്ഷിക്കുകയായിരുന്നു. ഇ-സിഗരറ്റ് മനുഷ്യന്റെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുമെന്ന് ബോധ്യമാവാത്ത സ്ഥിതിക്ക് ഇത്തരം വസ്തുക്കള്‍ അനുവദിക്കാന്‍ സാധ്യമല്ല.

അതേ സമയം ഇ-സിഗരറ്റും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും ഡ്രാഗണ്‍ മാര്‍ട്ടിലും ബര്‍ ദുബൈയിലെ ചില പുകവലി കേന്ദ്രങ്ങളിലും യഥേഷ്ടം ലഭിക്കുന്നതായും മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. 40 ദിര്‍ഹം മുതല്‍ 1,000 ദിര്‍ഹം വരെ വിലയാണത്രെ ഇ-സിഗരറ്റിന് ഈടാക്കുന്നത്. ഇതിനുളള ലായനിക്ക് 35 ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെയും നല്‍കണം.