മുഖ്യമന്ത്രിക്ക് സോണിയാ ഗാന്ധിയെ കാണാനായില്ല

Posted on: August 30, 2014 6:05 pm | Last updated: August 31, 2014 at 12:36 am

Shri-Oommen-Chandy-World-Beyond-Web

ന്യൂഡല്‍ഹി: എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കാണാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് മടങ്ങി. ഔദ്യോഗിക സന്ദര്‍ശന വേളയില്‍ സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സ്ഥിതിഗതികള്‍ കൂടി ചര്‍ച്ച ചെയ്യാനായെത്തിയതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കേരള വിഷയങ്ങളെക്കുറിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഇതേ തുടര്‍ന്നാണ് ഇരുവരെയും കാണാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മടങ്ങിയത്. മുകുള്‍ വാസ്‌നിക് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണ് എക്‌സൈസ്, തുറമുഖ മന്ത്രി കെ ബാബുവുമൊത്ത് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രിയും മന്ത്രി ബാബുവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തി മടങ്ങുകയായിരുന്നു.
ടൈറ്റാനിയം അഴിമതിക്കേസിന്റെ വിവരങ്ങളും ബാര്‍ തര്‍ക്കത്തിലെ അതൃപ്തിയും ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുക എന്ന ഉദ്ദേശ്യവും സന്ദര്‍ശനത്തിന് പിന്നിലുണ്ടായിരുന്നു.