ശമ്പളമില്ലാതെ ദേശീയപാത ഓഫീസ് ജീവനക്കാര്‍

Posted on: August 30, 2014 9:34 am | Last updated: August 30, 2014 at 9:34 am

കോട്ടക്കല്‍: ദേശീയപാത ഓഫീസ് ജീവനക്കാര്‍ക്ക് ഒരു മാസമായി ശമ്പളമില്ല. നിലവില്‍ കാലവധി കഴിഞ്ഞ ദേശീയപാത വികസന ഓഫീസ് സംവിധാനം നീട്ടികൊടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ ഇറക്കേണ്ട ഉത്തരവ് വൈകുന്നതാണ് ശമ്പളം മുടങ്ങാന്‍ കാരണം.
തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലെ ദേശീയ പാത വികസന പ്രവൃത്തികള്‍ക്കായാണ് 2009 ല്‍ കോട്ടക്കലില്‍ ദേശീയ പാത അതോറിറ്റി താത്ക്കാലിക ഓഫീസ് സംവിധാനം തുടങ്ങിയത്. നിലവില്‍ പ്രവൃത്തികള്‍ കാര്യമായൊന്നും നടക്കാത്ത ഓഫീസില്‍ ഇടക്കിടക്ക് ഉത്തരവിറക്കി ഓഫീസ് പ്രവര്‍ത്തനം നീട്ടിയെടുക്കുകയാണ് അധികൃതരുടെ രീതി. നേരത്ത രണ്ടില്‍ കൂടുതല്‍ തവണ ശമ്പളം മുടങ്ങിയിരുന്നു. നാലു മാസമായി പ്രവര്‍ത്താനുമതി നിലച്ച ഓഫീസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസം സര്‍ട്ടിഫിക്കറ്റ് വെച്ച് ബില്ല് മാറിയാണ് ശമ്പളം നല്‍കിയിരുന്നത്. കഴിഞ്ഞ പെരുന്നാളിന് മുസ്്‌ലിം ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ദേശീയപാത ഓഫീസിലെ മുസ്്‌ലിം ജീവനക്കാര്‍ക്ക് നിശ്ചിത സമയത്ത് പോലും ശമ്പളം കിട്ടിയില്ലന്ന് പരാതിയുണ്ട്. ഓണാഘോഷം ശമ്പളമില്ലതെ മുങ്ങിപോകുമോ എന്ന ആശങ്കയിലാണ് ഓഫീസ് ജീവനക്കാര്‍.
ഓഫീസിന് കീഴില്‍ 50 ഓളം ജീവനക്കാരാണുള്ളത്. ഇതില്‍ എട്ടു പേരെ മറ്റു ഓഫീസുകളുടെ ജോലികള്‍ ചെയ്യുന്നതിനായി അയച്ചിട്ടുണ്ടങ്കിലും ശമ്പളം നല്‍കുന്നത് കോട്ടക്കല്‍ ഓഫീസിന്റെ പേരിലായതിനാല്‍ ഇവര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. ഓണമടുത്തതോടെ ഉത്സവബത്തയടക്കമാണ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടത്. മൂന്നു വര്‍ഷമായി ഓണം പോലുള്ള ഉത്സവഘട്ടങ്ങളില്‍ ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനവും കേന്ദ്രവും തമ്മില്‍ തീരുമാനങ്ങളില്‍ ഒന്നിക്കാത്തതിനാല്‍ കോട്ടക്കലിലെ ഓഫീസ് പ്രവര്‍ത്തനവും ഇത്തരത്തില്‍ മുടന്തിനീങ്ങാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.