Connect with us

National

അവിഹിത സ്വത്ത് : ഐ എ എസ് ദമ്പതികള്‍ക്ക് അറസ്റ്റ് വാറണ്ട്‌

Published

|

Last Updated

ഭോപാല്‍: അവിഹിത സ്വത്ത് സമ്പാദനത്തിന് മധ്യപ്രദേശ് സര്‍വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഐ എ എസ് ദമ്പതികളായ ടിനുവിനും അരവിന്ദ് ജോഷിക്കുമെതിരെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജോഷിയുടെ പ്രവാസികളായ രണ്ട് സഹോദരിമാര്‍ക്കെതിരെയും മറ്റ് ആറുപേര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 42 കോടി രൂപയുടെ അവിഹിതസ്വത്ത് സമ്പാദനകേസാണ് ഇവര്‍ക്കെതിരെയുള്ളത്.
വിചാരണ നേരിടാന്‍ ഒരിക്കല്‍ പോലും ഹാജരാകാതിരുന്നതിനാണ് പ്രത്യേക ജഡ്ജി ദിനേഷ് കുമാര്‍ മിശ്ര വ്യാഴാഴ്ച വൈകീട്ട് ദമ്പതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസിന്റെ അടുത്ത വിചാരണ സെപ്തംബര്‍ ~ഒമ്പതിന് നിശ്ചയിച്ചതായി ലോകായുക്ത ഇന്‍സ്‌പെക്ടര്‍ ജനറല്‍ അശോക് അശ്വതി അറിയിച്ചു. ഇതിനകം ദമ്പതികളേയും മറ്റുള്ളവരേയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സമയം നല്‍കിയിട്ടുണ്ട്. സി ബി ഐ മുഖേന ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രവാസി സഹോദരിമാര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് നടപ്പാക്കാനും കോടതി നിര്‍ദേശം നല്‍കി.
അവിഹിത മാര്‍ഗങ്ങളിലൂടെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് ആര്‍ജിച്ച ഐ എ എസ് ദമ്പതിമാര്‍ 1979 ബാച്ചില്‍ പെട്ടവരാണ്. അഴിമതി തടയല്‍ നിയമമനുസരിച്ച് ഈ കേസില്‍ ഉള്‍പ്പെട്ട ദമ്പതികള്‍ക്കും മറ്റ് 18പേര്‍ക്കും ഫെബ്രുവരി 22നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അരവിന്ദിനേയും ടിനുവിനേയും കഴിഞ്ഞ മാസമാണ് സര്‍വീസില്‍ നിന്നും പിരിച്ച് വിട്ടത്. 74 ബംഗ്ലാവുകളടങ്ങിയ ഇവരുടെ ഔദ്യോഗിക വസതിയില്‍ ആദായനികുതി അധികൃതര്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത മൂന്ന് കോടി രൂപ പിടികൂടിയിരുന്നു. ഏതാണ്ട് നാല് വര്‍ഷം കഴിഞ്ഞാണ് ഇവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്.
2010ല്‍ നടന്ന ഈ റെയ്ഡിന് ശേഷം, ലോകായുക്ത പോലീസും റെയ്ഡ് നടത്തി ഇവരില്‍ നിന്നും കണക്കില്‍ പെടാത്ത പണവും സ്വത്തുക്കളും കണ്ടെടുത്തിരുന്നു.
തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഐ എ എസ് ദമ്പതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. മുന്‍ ചീഫ് സെക്രട്ടറി നിര്‍മല ബുച്ചാണ് അന്വേഷണം നടത്തിയത്. ഇവരുടെ കൂട്ടാളികളായ പവന്‍ അഗര്‍വാള്‍, എസ് പി കൊഹ്‌ലി, ശ്രീമത് കൊഹ്‌ലി, ലളിത് ജഗ്ഗി, സീമ ജയ്‌സ്വാള്‍, സന്തോഷ് ജയ്‌സ്വാള്‍ എന്നീ ആറ് പേരെ കോടതി ജയിലിലടച്ചിട്ടുണ്ട്.