Connect with us

Ongoing News

യൂറോപ്പിന്റെ താരം ക്രിസ്റ്റ്യാനോ

Published

|

Last Updated

മൊണാക്കോ: കഴിഞ്ഞ സീസണിലെ മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള യുവേഫ പുരസ്‌കാരം റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ ഗോളി മാനുവല്‍ ന്യുവറെയും ഡച്ച് വിംഗര്‍ ആര്യന്‍ റോബനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ തന്റെ ആദ്യ യുവേഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. 2011 മുതല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ലയണല്‍ മെസി(2011), ആന്ദ്രെ ഇനിയെസ്റ്റ(2012), ഫ്രാങ്ക് റിബറി(2013) എന്നിവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
റയല്‍മാഡ്രിഡിന് പത്താമത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ക്രിസ്റ്റ്യാനോ നല്‍കിയ സംഭാവനയാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. യുവേഫയിലെ 54 അംഗരാജ്യങ്ങളിലെ ജേര്‍ണലിസ്റ്റുകളാണ് മികച്ച താരത്തെ വോട്ടിംഗിലൂടെ കണ്ടെത്തുന്നത്.
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരൊറ്റ സീസണില്‍ പതിനേഴ് ഗോളുകള്‍ നേടി റെക്കോര്‍ഡിട്ട ക്രിസ്റ്റ്യാനോയെ മറികടക്കാന്‍ റോബനും ന്യുവറിനും സാധിച്ചില്ല. പോര്‍ച്ചുഗലിന്റെ നായകന്‍ കൂടിയായ ക്രിസ്റ്റ്യാനോ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ സ്വീഡനെതിരെ ഹാട്രിക്ക് നേടിയതും വോട്ടിംഗിനെ സ്വാധീനിച്ചു.
ഈ ഹാട്രിക്ക് ഇല്ലായിരുന്നെങ്കില്‍ പോര്‍ച്ചുഗല്‍ ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടില്ലായിരുന്നു. കഴിഞ്ഞ സീസണില്‍ റയലിനായി 51 ഗോളുകള്‍, 15 അസിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ക്രിസ്റ്റ്യാനോയുടെ പ്രകടനം കോപ ഡെല്‍ റേ സ്വന്തമാക്കുന്നതിനും ഉപകരിച്ചു.
പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ക്രിസ്റ്റ്യാനോ സഹതാരങ്ങളുടെ പിന്തുണ പ്രത്യേകം പരാമര്‍ശിച്ചു. കുടുംബത്തിനും പരിശീലകര്‍ക്കും വോട്ട് രേഖപ്പെടുത്തി പിന്തുണച്ച ജേര്‍ണലിസ്റ്റുകള്‍ക്കും ഈയവസരത്തില്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു- ക്രിസ്റ്റ്യാനോ വാക്കുകള്‍ ഉപസംഹരിച്ചു.